ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ജന്തർ മന്തറിന് പകരം സ്ഥിരം സമരവേദിയായി പ്രഖ്യാപിച്ച രാംലീല മൈതാനത്ത് ഈ വർഷം ഇനി ബാക്കിയുള്ളത് മൂന്ന് തീയതികൾ മാത്രം. ഡിസംബർ 29, 30, 31 ദിവസങ്ങളിൽ മാത്രമാണ് നിലവിൽ മൈതാനം ബുക്ക് ചെയ്യാൻ അവസരമുള്ളത്. ഒരു ദിവസത്തെ സമരത്തിന് സെക്യൂരിറ്റി ഡെപ്പോസിറ്റും നികുതിയും ഉൾപ്പെടെ 1.21 ലക്ഷം രൂപയാണ് ചെലവ്.

ഏകദേശം 50,000 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന രാംലീല മൈതാനം ബുക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന ഫീസ് 50,000 രൂപയാണ്. ഇതിനു പുറമേ 55,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം. നിബന്ധനകൾക്ക് വിധേയമായി ഈ തുക തിരികെ ലഭിക്കും. നികുതികൾ കൂടി ഉൾപ്പെടുത്തുമ്പോഴാണ് ആകെ ചെലവ് 1.21 ലക്ഷം രൂപയാകുന്നത്. ഡൽഹി കോർപ്പറേഷന്റെ ഹോർട്ടികൾച്ചർ വകുപ്പിനാണ് മൈതാനത്തിന്റെ ബുക്കിങ് ചുമതല. ഡൽഹി പൊലീസിന്റെ നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചാൽ മാത്രമേ സമരം നടത്താൻ അനുമതി ലഭിക്കൂ.
മൈതാനത്തിന്റെ ചെറിയൊരു ഭാഗം സൗജന്യമായും പ്രതിഷേധങ്ങൾക്ക് അനുവദിക്കുന്നുണ്ട്. എന്നാൽ, ഇവിടെ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്ക് സാമ്പത്തിക ബാധ്യത വർധിക്കും.
സാധാരണയായി ഫീസ് നൽകാതെ പ്രതിഷേധം നടത്താൻ കഴിയുന്ന ജന്തർ മന്തറിൽനിന്ന് സമരങ്ങൾ മാറ്റുന്നതാണ് ചെലവ് വർധിക്കാൻ പ്രധാന കാരണം. ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരും പൊലീസും നിയന്ത്രണങ്ങൾക്ക് ന്യായമായി ചൂണ്ടിക്കാട്ടുന്നത്. വലിയ പ്രതിഷേധങ്ങൾ കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള വ്യാപാര-ഗതാഗത മേഖലകളെ ബാധിക്കുന്നുവെന്നും അധികൃതർ പറയുന്നു.
രാംലീല മൈതാനത്തിന് പുറമേ വടക്കൻ ഡൽഹിയിലെ ബുറാരി മൈതാനവും കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനവുമാണ് സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള മറ്റ് വേദികൾ. എന്നാൽ, ഈ സ്ഥലങ്ങളെല്ലാം പാർലമെന്റിൽനിന്ന് അകലെയാണെന്നത് പ്രതിഷേധക്കാർക്ക് മറ്റൊരു വെല്ലുവിളിയാണ്.
പാർലമെന്റിൽനിന്ന് രാംലീല മൈതാനത്തേക്ക് ഏകദേശം മൂന്ന് മുതൽ ആറ് കിലോമീറ്റർ വരെയാണ് ദൂരം. സിബിഡി മൈതാനത്തേക്ക് 10 മുതൽ 14 കിലോമീറ്ററും ബുറാരി മൈതാനത്തേക്ക് 15 മുതൽ 23 കിലോമീറ്ററും ദൂരമുണ്ട്. ഇതോടെ പാർലമെന്റിന് സമീപം പ്രതിഷേധം സംഘടിപ്പിക്കാനുള്ള സൗകര്യം കുറയുന്നതിനൊപ്പം യാത്രയ്ക്കും സമര നടത്തിപ്പിനുമായി കൂടുതൽ സമയവും പണവും ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്.

