കൊല്ലം സിറ്റി പോലീസിന്റെ ലഹരി വേട്ട *59 ഗ്രാം എംഡിഎംഎ യുമായി 4 യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് സംഘവും കൊല്ലം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി 4 യുവാക്കളെ കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം അൽ-അമീൻ നഗർ 72, അൽതാഫ് മൻസിലിൽ അൽത്താഫ്(38), കൊല്ലം പോളയത്തോട്, ശാന്തി നഗർ 33, സൽമാ മൻസിലിൽ ഹാഷിഫ് അലി(30), കൊല്ലം വടക്കേവിള ഉദയശ്രീ നഗർ-45, വിശ്വ ഭവനിൽ അഭിജിത്ത്(24), കൊല്ലം ഇരവിപുരം പഴയാറ്റിൻകുഴി തേജസ് നഗർ-119, പറമ്പിൽ ഹൗസിൽ റഫീഖ്(38) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം നെല്ലിമുക്ക് ജംഗ്ഷനിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 3 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 58.760 ഗ്രാം എംഡിഎംഎയും മയക്ക് മരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 41000/- രൂപയും, മയക്ക്മരുന്ന് അളന്ന് നൽകാനുള്ള ത്രാസും പോലീസ് പിടിച്ചെടുത്തു. നിരോധിത മാരക രാസലഹരിയായ എംഡിഎംഎ വാണിജ്യാടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യുവാക്കൾക്ക് വിൽപ്പന നടത്താനായിരുന്നു ഇവരുടെ പദ്ധതി. അമിതലാഭം ഉണ്ടാക്കുന്നതിനായി പ്രതികൾ പരസ്പരം ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്യ്ത പദ്ധതിയാണ് ഡാൻസാഫ് സംഘത്തിന്റെ കൃത്യമായ ഇടപെടലിലൂടെ തകർക്കാനായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കൊല്ലം എ.സി.പി ഷാജിയുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ജയശങ്കർ, കൊല്ലം വെസ്റ്റ് സി.ഐ വിപിൻ എ.സി എന്നിവരുടെ നേതൃത്വത്തിൽ വെസ്റ്റ് എസ്.എച്ച്.ഓ സ്വാതി എ.എസ്.ഐ മാരായ മഞ്ജു തോമസ്, ശ്രീലാൽ, എസ്.സി.പി.ഓ മാരായ അജിത്ത്, ദീപക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യ്തു.

Leave a Reply

Enable Notifications OK No thanks