കരുനാഗപ്പള്ളി:വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 4.469 ഗ്രാം എം.ഡി.എം.എയുമായി ഒരാളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചവറ, വടക്കുംതല, പറമ്പിൽ വീട്ടിൽ നാസർ (45) ആണ് കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ 2026 ഒക്ടോബർ 23-ന് വൈകിട്ട് കരുനാഗപ്പള്ളി തൊടിയൂർ കല്ലേലിഭാഗം മിടുക്കൻമുക്ക് റെയിൽവേ ഗേറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി, ചവറ എന്നീ ഭാഗങ്ങളിലുള്ള ചെറുപ്പക്കാർക്ക് വിൽപ്പന നടത്താൻ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എസ്.ഐ മാരായ കണ്ണൻ, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഓ ആഷിക്ക്, എസ്.ഐ മാരായ ഉത്തരകുട്ടൻ, സലീം, സി.പി.ഓ അനൂപ് എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എം.ഡി.എം.എയുമായി 45-കാരൻ അറസ്റ്റിൽ

