കുണ്ടറ: വെള്ളിമൺ സ്വദേശിയായ ഗൃഹനാഥന്റെ മരണം .കൊലപാതകമെന്ന്

തെളിഞ്ഞു. സംഭവത്തിൽ ഭാര്യയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ ലേഖാ മേരിയെ (48) പോലീസ് പിടികൂടി.
വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞ് ലേഖാ മേരി നാട്ടുകാരുടെ സഹായത്തോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
കഴുത്തിൽ ശക്തമായി അമർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പോലീസ് ലേഖാ മേരിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ബെൽറ്റ് ഉപയോഗിച്ച് കഴുത്തു മുറുക്കിയാണ് ഭർത്താവിന്റെ മരണം ഉറപ്പാക്കിയതെന്ന് പ്രതി മൊഴി നൽകി.
ഭർത്താവ് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുകയും തന്നെ മർദിക്കുകയും ചെയ്തിരുന്നതായി ഇവർ പോലീസിനോട് പറഞ്ഞു. കൂടാതെ, രാജുവിന് അടുത്തിടെ ലഭിച്ച പൂർവിക സ്വത്ത് തന്റെ പേരിലേക്ക് എഴുതി നൽകാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
.

