കൊല്ലം : കേരള പോലീസ് 47-ാമത് സംസ്ഥാന സ്പോർട്സ് ആൻഡ് അത്ലറ്റിക് മീറ്റ് 2026-ന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ദീപശിഖാ റാലിക്കും മാരത്തോണിനും കൊല്ലം സിറ്റി പോലീസ് ഉജ്ജ്വല സ്വീകരണം നൽകി. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാൻഡന്റ് ശ്രീ. ശക്തി സിംഗ് ആര്യ ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ദീപശിഖാ മാരത്തോൺ പര്യടനം നടക്കുന്നത്. സെപ്റ്റംബർ 5-ന് കാസർഗോഡ് നിന്ന് ആരംഭിച്ച മാരത്തോൺ സെപ്റ്റംബർ 8-ന് തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത്. സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 7.00 മണിക്ക് കൊല്ലം ചിന്നക്കടയിൽ നിന്ന് വി. പാർക്കിലേക്ക് വർണാഭമായ ദീപശിഖാ റാലി സംഘടിപ്പിച്ചു. സ്കൂൾ ബാൻഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, റോളർ സ്കേറ്റിംഗ് ടീം, സൈക്ലിംഗ് ഗ്രൂപ്പ് എന്നിവരുടെ അകമ്പടിയോടെയാണ് ആവേശകരമായ ദീപശിഖാ റാലി നടന്നത്. ദീപശിഖാ റാലി വി. പാർക്കിൽ സമാപിച്ചതിനോടനുബന്ധിച്ച് ആവേശകരമായ കളരിപ്പയറ്റ് പ്രദർശനവും ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശമുയർത്തിയ ഫ്ലാഷ് മോബുകളും അരങ്ങേറിയത് സമാപന ചടങ്ങുകൾക്ക് കൂടുതൽ മാറ്റുകൂട്ടി. സമാപന ചടങ്ങുകൾക്ക് ശേഷം കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര തിരിച്ച ദീപശിഖാ റാലി രാവിലെ 10:00-ഓടെ കൊല്ലം-തിരുവനന്തപുരം അതിർത്തിയായ കടമ്പാട്ടുകോണത്ത് വച്ച് തിരുവനന്തപുരം റൂറൽ പോലീസിന് കൈമാറി.
പരിപാടിയിൽ കൊല്ലം എം.പി. ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ, ഇരവിപുരം എം.എൽ.എ. ശ്രീ. വിഷ്ണു മോഹൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, കായികപ്രേമികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേർ പങ്കെടുത്തു. കായികമേളയുടെ ഭാഗമായി മുൻദിവസങ്ങളിൽ സംഘടിപ്പിച്ച പരിപാടികൾക്കും മികച്ച പിന്തുണ ലഭിച്ചിരുന്നു. സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 4.30-ന് കൊല്ലം ബീച്ചിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിച്ച ‘ബീച്ച് ഫുട്ബോൾ ടൂർണമെന്റ്’ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടീം പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചിരുന്നു. തുടർന്ന്, സെപ്റ്റംബർ 7 തിങ്കളാഴ്ച രാത്രി 8.00 മണിയോടെ ആലപ്പുഴ ജില്ലയിൽ നിന്ന് ഓച്ചിറയിലെത്തിച്ചേർന്ന ദീപശിഖയെ ജനപ്രതിനിധികളുടെയും പോലീസിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ
മാരത്തോണായി ആനയിച്ച് കൊല്ലം സിറ്റി, കൊല്ലം റൂറൽ പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായി ഏറ്റുവാങ്ങി. കായികക്ഷമതയും ലഹരിവിരുദ്ധ സന്ദേശവും ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച പരിപാടികൾ വിജയിപ്പിക്കാൻ സഹകരിച്ച ജനപ്രതിനിധികൾക്കും പോലീസുകാർക്കും പൊതുജനങ്ങൾക്കും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നന്ദി അറിയിച്ചു.