പാലത്തായി പോക്സോ കേസ്: സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി
തിരുവനന്തപുരം: പാലത്തായി പോക്സോ കേസ്: സർക്കാർ അപ്പീൽ പോവുക, ഇരക്ക് നീതി ലഭ്യമാക്കുക പ്രതിയായ സംഘപരിവാർ നേതാവിനെ സംരക്ഷിച്ചവർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും സർക്കാരിന് താക്കീതായി മാറി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. പാലത്തായിയിൽ നാലാം ക്ലാസുകാരിയെ സ്വന്തം അധ്യാപകനായ സംഘപരിവാർ നേതാവ് ക്രൂരമായി പീഡിപ്പിച്ച വിഷയത്തിൽ തുടക്കം മുതലേ പോലീസും സർക്കാരും പ്രതിക്ക് അനുകൂലമായാണ് നിലകൊണ്ടത്. മാസങ്ങൾക്ക് ശേഷമാണ് കേസിൽ പോക്സോ വകുപ്പ് ചുമത്തിയത്. വിമന്‍ ഇന്ത്യ മൂവ്മെൻ്റിൻ്റെയും എസ്ഡിപിഐ യുടെയും നേതൃത്വത്തിൽ നടന്ന നിരന്തര സമര പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി വിഡി സതീശനെ ഹിന്ദു ഐക്യവേദി നേതാക്കൾ സന്ദർശിച്ച ശേഷം പ്രതിക്ക് അനുകൂലമായി അസാധാരണമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. മാത്രമല്ല പ്രതിക്കെതിരെ സർക്കാർ അപ്പീലിന് പോകാത്തത് കൂടുതൽ സംശയത്തിന് ഇടവരുത്തുന്നു. ഈ സാഹചര്യത്തിലാണ് വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.