പി.എസ്.സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് നടപടി ഉണ്ടാകും
തിരുവനന്തപുരം : പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരിക്കുന്നത്.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് നടപടി ശുപാർശ. ഇതുസംബന്ധിച്ച കത്ത് ഡി.ജി.പി മുഖേന സർക്കാരിന് കൈമാറി. സർക്കാർ കത്ത് പി.എസ്.സിക്ക് കൈമാറും.
പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. മൂല്യനിർണയത്തിന്റെ ചുമതല ഇരുവർക്കുമായിരുന്നു.
അതേസമയം, സാങ്കേതിക പിഴവ് മൂലമാണ് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് അറിവുണ്ടായിരുന്നിട്ടും പി.എസ്.സി നടപടി സ്വീകരിച്ചില്ലെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്….