കൊല്ലം: വനത്തെ കാക്കുന്നതിനിടെ വീരമൃത്യു വരിച്ചത് 38 വനപാലകർ. വനരക്തസാക്ഷി ദിനത്തിൽ ഇന്നലെ രക്തസാക്ഷികളുടെ പട്ടിക പുറത്തിറക്കി വനംവകുപ്പ്. വനസംരക്ഷണത്തിനിടയിലും വന്യജീവി ആക്രമണങ്ങളിലും കാട്ടുതീ അണയ്ക്കുന്നതിനിടയിലുമാണ് മരണങ്ങളേറെയും. ജീവൻ വെടിഞ്ഞ ജീവനക്കാരെ ആദരിക്കുന്നതിനായാണ് പട്ടിക തയാറാക്കിയത്. എല്ലാവർഷവും സെപ്റ്റംബർ 11നാണ് വനരക്തസാക്ഷി ദിനമായി ആചരിക്കുന്നത്.
ഇന്നലെ വനം വകുപ്പിന്റെ എല്ലാ ഓഫിസുകളിലും രക്തസാക്ഷി ദിനം ആചരിച്ചു. ഡിവിഷൻതല ഓഫിസറുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ച് സല്യൂട്ട് നൽകി സെറിമോണിയൽ പരേഡുകളും നടത്തി.
1969ൽ കുളത്തൂപ്പുഴ റെയ്ഞ്ചിൽ പാട്ടക്കരിമ്പ് എന്ന സ്ഥലത്ത് സമൻസ് നടപ്പാക്കാനെത്തിയപ്പോൾ പ്രതിയുടെ കുത്തേറ്റ് മരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടി.കെ കൃഷ്ണൻകുട്ടിയാണു ആദ്യത്തെ രക്തസാക്ഷി. 2023ൽ കടുവ കണക്കെടുപ്പിനിടെ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സൈലന്റ് വാലി റെയ്ഞ്ച് പുത്തൂരിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ആർ. കാളിമുത്തുവാണ് അവസാനത്തെ രക്തസാക്ഷി.
കാട്ടാന ആക്രമണത്തിൽ പത്ത് പേരും പ്രതികളുടെ ആക്രമണത്തിൽ ഏഴു പേരും കാട്ടുതീയിൽ രണ്ടുപേരും പാമ്പ് കടിയേറ്റ് ഒരാളും ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെട്ട് നാലുപേരും മരണപ്പെട്ടിട്ടുണ്ട്.
കാട്ടുപോത്തുകളും കാട്ടാനകളും പാമ്പും കാട്ടുതീയും മൂലം മരിച്ചവരും ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചവരും ഓർമിക്കപ്പെടുന്നവരുടെ പട്ടികയിൽ പെടുന്നു.
രാജസ്ഥാനിലെ ഖേജർലിയിൽ മരങ്ങൾ മുറിക്കുന്നതിനെതിരെ പോരാടി ജീവൻ ബലി നൽകിയ അമൃതാദേവിയുടെയും മറ്റ് ബിഷ്ണോയ് വംശജരുടെയും ഓർമപ്പെടുത്തൽ കൂടിയാണ് സെപ്റ്റംബർ പതിനൊന്ന്.
ഭീഷണി കാട്ടുതീ
വനപാലകർക്ക് വലിയ ഭീഷണിയാകുന്നത് കാട്ടുതീയാണ്. 2020ൽ തൃശൂർ വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പ്ലാന്റേഷനിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാച്ചർമാരായ ദിവാകരനും വേലായുധനും പൊള്ളലേറ്റ് മരിച്ചത്. ഇതേ കാട്ടുതീ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് വാച്ചറായ സുന്ദരൻ മരണത്തിന് കീഴടങ്ങിയത്. 2023ൽ അട്ടപ്പാടി മുള്ളി വനമേഖലയിൽ കടുവ സെൻസസ് ഡ്യൂട്ടിക്കിടെയാണ് കാട്ടാന ആക്രമണത്തിൽ അസിസ്റ്റന്റ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കാളിമുത്തു കൊല്ലപ്പെട്ടത്. 2022ൽ വയനാട് റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗവും ആനപ്പാപ്പാനുമായിരുന്ന ഹുസൈൻ തൃശൂർ പാലപ്പിള്ളിയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. 2021ൽ പാലക്കാട് ധോണി വനമേഖലയിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറാണ് ഷാജഹാൻ. 2020 ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ വനം വകുപ്പിന്റെ ആറ് താൽക്കാലിക ജീവനക്കാർക്കാണ് ജീവൻ നഷ്ടമായത്.
രക്തസാക്ഷികൾ
അട്ടപ്പാടി ചെമ്മണ്ണൂരിൽ ഡ്യൂട്ടിക്കിടയിൽ ജീപ്പ് ഭവാനി പുഴയിലേക്ക് മറിഞ്ഞ അപകടത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷർമിള ജയറാം മരിച്ചത് 2020ലാണ്. 1998ൽ തേക്കടി മേഖലയിൽ കഞ്ചാവ് റെയ്ഡിനിടെ പ്രതികൾ തലവെട്ടിയെടുത്തത് തേക്കടി വൈൽഡ് ലൈഫ് സർക്കിളിലെ വാച്ചറായ ടി.അയ്യപ്പനെയാണ്. 1986ൽ ചുങ്കത്തറ നെല്ലിക്കുത്ത് മരം കൊള്ള തടയുന്നതിനിടയിൽ കൊള്ളക്കാർ തടി തലയിലേക്ക് തള്ളിയിട്ടാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഒ.ജെയിംസ് ബാസ്റ്റിനെ കൊലപ്പെടുത്തിയത്. 1987ൽ അതിരപ്പള്ളിയിൽ കുറ്റവാളികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തിയത് സെക്ഷൻ ഫോറസ്റ്റ് ഓഫിസറായ കൃഷ്ണൻ നാടാരിനെയാണ്. 2007ൽ ചാലക്കുടി പരിയാരത്ത് പ്രതികളെ കൊണ്ടുപോകുന്നതിനിടയിൽ പ്രതികൾ ആക്രമിച്ചതിനെതുടർന്ന് ജീപ്പിൽനിന്നുവീണ് തൃശൂർ സാൻഡൽ ഡിവിഷനിലെ വാച്ചർ കെ.ചെല്ലപ്പനും കൊല്ലപ്പെട്ടു.
