ആദിവാസി കോളനിയിലെ മണ്കൂരയില്നിന്ന് കാസര്‍കോടിന്റെ ഭരണസാരഥ്യത്തിലേക്ക്; ഇനി കളക്ടര്‍ ശ്രീധന്യ സുരേഷ്;
ആദിവാസി കോളനിയിലെ മണ്കൂരയില്നിന്ന് കാസര്‍കോടിന്റെ ഭരണസാരഥ്യത്തിലേക്ക്;
ഇനി കളക്ടര്‍ ശ്രീധന്യ സുരേഷ്;
പൊരുതിനേടിയ ഐ.എ.എസ്. വിജയത്തിലൂടെ ചരിത്രമെഴുതിയ വയനാടിന്റെ മകള്‍;
ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സ്ഥാനത്തുനിന്നാണ് പുതിയ ചുമതലയിലേക്ക്.
കാസര്‍കോടിനെ നയിക്കാന്‍ ശ്രീധന്യ എത്തുമ്പോള്‍
പരിമിതികളെ പഴിക്കാതെ, ദൃഢനിശ്ചയത്തോടെ പ്രയത്നിച്ചാല്‍ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശ്രീധന്യ സുരേഷിന്റെ വരവ് കാസര്‍കോടിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജമേകും.
കാസര്‍കോട്: പ്രതിസന്ധികളുടെയും പരിമിതികളുടെയും മലനിരകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയ ശ്രീധന്യ സുരേഷ് ഐ.എ.എസ്. ഇനി കാസര്‍കോടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികെയാണ് കാസര്‍കോട് ജില്ലാ കളക്ടറായുള്ള പുതിയ നിയമനം.
കേവലമൊരു ഭരണതല മാറ്റത്തിനപ്പുറം, നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് സ്വന്തം ജീവിതം തന്നെ തിരുത്തിയെഴുതിയ ഒരു പെണ്‍കുട്ടിയുടെ വിജയഗാഥയിലെ പുതിയൊരേടാണ് ഈ പദവി. വയനാടന്‍ ചുരങ്ങള്ക്കപ്പുറമുള്ള ചെറിയൊരു ഗ്രാമത്തില്‍നിന്ന് സിവില്‍ സര്‍വീസിന്റെ ഉന്നതങ്ങളിലേക്ക് നടന്നുകയറിയ ശ്രീധന്യയുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്.
കേരളത്തിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടി ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തിയാണ് ശ്രീധന്യ സുരേഷ്. 2019-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കോടെയാണ് കുറിച്യ സമുദായത്തില്‍പ്പെട്ട ഈ മിടുക്കി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ്-കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. തികച്ചും സാധാരണക്കാരായ മാതാപിതാക്കളുടെയും പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ചുറ്റുപാടുകളുടെയും നടുവിലായിരുന്നു ശ്രീധന്യയുടെ ബാല്യവും കൗമാരവും.
തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മയും കൂലിപ്പണിക്കാരനായ അച്ഛനും ചുടുകട്ടകൊണ്ട് പണിത നിലംതേക്കാത്ത ചെറിയ വീട്ടിലായിരുന്നു പഠനം. വൈദ്യുതി ലഭിച്ചിട്ട് അധികകാലമാകാത്ത, മഴ പെയ്താല്‍ വെള്ളം ചോര്‍ന്നിറങ്ങുന്ന മുറികളിലെ അരണ്ട വെളിച്ചത്തിരുന്നാണ് ഈ പെണ്‍കുട്ടി തന്റെ വലിയ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചത്.
സാരിത്തുണ്ടും കീറക്കമ്പിളിയും കൊണ്ട് മറച്ച മുറിയില്‍, ചുമരില്‍ പൊട്ടിയ പലകക്കഷണം ആണിയടിച്ച് ഉറപ്പിച്ചായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. സിമന്റ് തേക്കാത്ത മണ്‍കട്ടച്ചുവരില്‍ പ്രധാനപ്പെട്ട ചില ??ത്രവാക്യങ്ങളും വര്‍ഷങ്ങളും എഴുതി ഒട്ടിച്ചുവച്ച് രാപ്പകലില്ലാതെ പഠിച്ചു.
അഞ്ച് വയസ്സുമുതല്‍ നാല് കിലോമീറ്ററോളം നടന്നാണ് തരിയോട് സെന്റ് മേരീസ് യു.പി. സ്കൂളില്‍ പോയി പഠിച്ചിരുന്നത്. തുടര്‍ന്ന് തരിയോട് നിര്‍മ്മല ഹൈസ്കൂളില്‍നിന്ന് 85 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായി. തരിയോട് ഗവ. എച്ച്.എസ്.എസില്നിന്നായിരുന്നു പ്ലസ് ടു പഠനം.
പൊതുവിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠിച്ചായിരുന്നു ശ്രീധന്യയുടെ തുടക്കം. ശേഷം കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍നിന്ന് അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ബിരുദാനന്തര ബിരുദത്തിനു ശേഷം വയനാട്ടില്‍ ട്രൈബല്‍ പ്രൊമോട്ടറായും വൈത്തിരിയില്‍ ട്രൈബല്‍ ടൂറിസം ഡെവലപ്മെന്റ് ഓഫീസിലും ജോലി ചെയ്തു. വയനാട് ‘എന്‍ ഊര്’ ടൂറിസം പദ്ധതിയിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോലിയിലിരിക്കെ ഒരു പരിപാടിക്കായി അന്നത്തെ മാനന്തവാടി സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു എത്തിയതാണ് ശ്രീധന്യയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യമായി നേരില്‍ക്കാണുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് സദസ്സും ഉദ്യോഗസ്ഥരും നല്കിയ ആദരവ് കണ്ടപ്പോള്‍ ‘എനിക്കും ഐ.എ.എസ്. നേടണം’ എന്ന ഉറച്ച ലക്ഷ്യം മനസ്സിലുദിച്ചു.
ലക്ഷ്യം ഉറപ്പിച്ചതോടെ ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് പരിശീലനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി. തിരുവനന്തപുരം മണ്ണന്തലയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടെയായിരുന്നു ആദ്യഘട്ട പഠനം.
ആദ്യ ശ്രമത്തില്‍ പ്രിലിമിനറി പരീക്ഷ കടമ്പ കടക്കാനായില്ല. തുടര്‍ന്ന് ‘ഫോര്‍ച്യൂണ്‍ ഐ.എ.എസ്. അക്കാദമി’യുടെ സ്കോളര്‍ഷിപ്പ് നേടുകയും അവിടെ ചേര്‍ന്ന് കഠിനമായി പ്രയത്നിക്കുകയും ചെയ്തു.
പഠനകാലയളവില്‍ കുടുംബം വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധികളിലൂടെ കടന്നുപോയി. സഹോദരിയുടെ മകന് അര്‍ബുദം ബാധിച്ചതും സാമ്പത്തിക ഞെരുക്കങ്ങളും തളര്‍ത്തിയെങ്കിലും ലക്ഷ്യത്തില്‍നിന്ന് പിന്തിരിയാന് ശ്രീധന്യ തയ്യാറായില്ല.
ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് പോകാന്‍ പോലും പണമില്ലാതിരുന്ന അവസ്ഥയില്‍ സുഹൃത്തുക്കള്‍ കടം വാങ്ങി നല്കിയ 40,000 രൂപയുമായാണ് ഡല്‍ഹിയിലെത്തിയത്. അഭിമുഖ ബോര്‍ഡിന്റെ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് ആ കുറിച്യ പെണ്‍കുട്ടി വിജയം കൈപ്പിടിയിലൊതുക്കി.
മകളുടെ വിജയവാര്‍ത്തയറിഞ്ഞ് അന്ന് അച്ഛന് സുരേഷ് പറഞ്ഞത് ‘എന്റെ മകള്‍ ചെയ്തത് ഒരു മധുരപ്രതികാരമാണ്, പലതവണ ഇറക്കിവിട്ട അധികാരികളോടും നിനക്കൊന്നും എവിടെയുമെത്താനാകില്ലെന്ന് നിരുത്സാഹപ്പെടുത്തിയവരോടുമുള്ള പൊരുതിക്കയറ്റം’ എന്നായിരുന്നു.
ഐ.എ.എസ്. പദവി ലഭിച്ച ശേഷവും തികച്ചും ലളിതവും മാതൃകാപരവുമായ ജീവിതരീതിയാണ് ശ്രീധന്യ തുടര്‍ന്നത്. രജിസ്ട്രേഷന് വകുപ്പ് ഐ.ജി. ആയിരിക്കെ, സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വളരെ ലളിതമായി വിവാഹം കഴിച്ച് പൊതുസമൂഹത്തിന് വലിയൊരു സന്ദേശം നല്കി.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായാണ് ശ്രീധന്യ ഭരണരംഗത്ത് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് പെരിന്തല്‍മണ്ണ സബ് കളക്ടറായും രജിസ്ട്രേഷന് വകുപ്പ് ഐ.ജി. യായും മികച്ച ഭരണമികവ് പുറത്തെടുത്തു.
തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്ന ഉത്തരവാദിത്തപ്പെട്ട പദവിയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതില്‍ കൃത്യമായ പരിശോധനകളും നടപടികളുമാണ് അവരുടെ നേതൃത്വത്തില്‍ നടന്നത്.
ഇപ്പോള്‍ കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുമ്പോള്‍, പിന്നാക്ക ജനവിഭാഗങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ ഒരു ഭരണാധികാരിയുടെ കരുതല്‍ ജില്ലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
പരിമിതികളെ പഴിക്കാതെ, ദൃഢനിശ്ചയത്തോടെ പ്രയത്നിച്ചാല്‍ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശ്രീധന്യ സുരേഷിന്റെ വരവ് കാസര്‍കോടിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജമേകും.
