ഖൊപ്പോളി: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖൊപ്പോളിയിൽ മലയാളി വയോധികയെ വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരിമാടി പോസ്റ്റ് ആറ്റുക്കടവിൽ ഹൗസിൽ മഹേശ്വരി രാമചന്ദ്രൻ (71) ആണ് കൊല്ലപ്പെട്ടത്. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ്.
ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് ക്രൂരമായ സംഭവം നടന്നത്. കൈകാലുകൾ ബന്ധിച്ച നിലയിലും രക്തം വാർന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
മക്കളായ സന്ധ്യ, വിനോദ്, മനോജ് എന്നിവർ വിദേശത്തായതിനാൽ മഹേശ്വരി രാമചന്ദ്രൻ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. വിവരം അറിഞ്ഞയുടൻ ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപൂർ ആശുപത്രിയിലേക്ക് മാറ്റി.
ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. നവി മുംബൈയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. മരണ കാരണം പോസ്റ്റ്മോർടം റിപ്പോർട്ട ലഭിച്ച ശേഷവും പൊലീസ് അന്വേഷണത്തിലൂടെയും മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
സംഭവം പ്രദേശവാസികളിലും പ്രത്യേകിച്ച് മലയാളി സമൂഹത്തിലും വലിയ നടുക്കവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

