വിശ്വാസങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വിശാലമായ ആകാശമുണ്ട്. ചിലർ പവിത്രതയെക്കുറിച്ച് വാചാലരാകുമ്പോൾ, മറ്റു ചിലർ പ്രവൃത്തിയിലൂടെ സാഹോദര്യത്തിന്റെ ഈണങ്ങൾ മീട്ടുന്നു. കിഴപറയാർ പള്ളിമുറ്റത്ത് ഉയർന്നത് ഒരു പാട്ടിന്റെ സ്വരമല്ല; മനുഷ്യരെ ചേർത്തുനിർത്തുന്ന മഹത്തായ ഒരു കാലത്തിന്റെ അടയാളമാണ്.
ചോരയ്ക്കും ജീവനും ജാതിയുടെയോ മതത്തിന്റെയോ അതിരുകളില്ലാത്ത ഈ മണ്ണിൽ, സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും പാട്ടുകൾ ഇനിയും ഉച്ചത്തിൽ മുഴങ്ങട്ടെ.
കിഴപറയാർ ഉയർത്തിയ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മറുപടിയും, അതിനെ വിമർശിക്കുന്നവരുടെ ഇരട്ടത്താപ്പിനെക്കുറിച്ചും എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയ് കെ. മാത്യു എഴുതുന്നു…
ഒരു ക്രൈസ്തവനെന്ന നിലയിൽ, ഏതൊരു യഥാർത്ഥ വിശ്വാസിക്കും അഭിമാനത്തോടെ നെഞ്ചുവിരിച്ചു പറയാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്. കോട്ടയം പാലാ കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയും ഇടവക ജനങ്ങളും ചെയ്തത് നൂറു ശതമാനവും ശരിയാണ്! അത് തന്നെയാണ് ക്രിസ്തു പഠിപ്പിച്ച യഥാർത്ഥ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രായോഗിക രൂപം.
ഒരു പള്ളിമുറ്റത്ത് അയ്യപ്പഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന വിമർശനങ്ങളും വിദ്വേഷപ്രചാരണങ്ങളും കാണുമ്പോൾ അത്ഭുതം തോന്നുകയാണ്. മതവിശ്വാസം മനുഷ്യരെ തമ്മിൽ അടുപ്പിക്കാനല്ലേ? പരസ്പരം അകറ്റാനും ശത്രുക്കളാക്കാനുമാണോ?
അവിടെ ആലപിച്ച ഗാനത്തിലെ വരികൾ ശ്രദ്ധിച്ചുനോക്കൂ:
“ഇരുമുടിയെടുത്ത് എരുമേലിവന്ത്, ഒരുമനതാകി പേട്ടൈ തുള്ളി, അരുമൈ നണ്മ്പനാം വാവരെതൊഴുത്, അയ്യൻ അരുള്മലൈ ഏറിടുവാർ…”
ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യുന്ന അയ്യപ്പഭക്തർ എരുമേലിയിൽ പേട്ടതുള്ളി, അയ്യപ്പന്റെ പ്രിയ സുഹൃത്തായ വാവരെ വണങ്ങി, അയ്യന്റെ അനുഗ്രഹം തേടി മലകയറുന്നു എന്നതാണ് ഈ വരികളുടെ ആശയം. ഇവിടെ പരാമർശിക്കുന്ന വാവർ പാരമ്പര്യം തന്നെ മതങ്ങൾക്കപ്പുറമുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്.
അയ്യപ്പഭക്തർ ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിലെ വാവർ പള്ളിയുമായി ബന്ധപ്പെട്ട ആചാരങ്ങളെയും ആദരവോടെ കാണുന്നു. അതുപോലെതന്നെ, ശബരിമല ദർശനത്തിനുശേഷം ആലപ്പുഴയിലെ അർത്തുങ്കൽ പള്ളിയിൽ സന്ദർശനം നടത്തി വിശുദ്ധ സെബാസ്ത്യാനോസിന്റെ മുന്നിൽ പ്രാർത്ഥനയോടെ മാലയൂരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തരുമുണ്ട്. ഇതെല്ലാം നമ്മുടെ നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടയാളങ്ങളാണ്.
ഇതൊന്നും ഒരു മതത്തിന്റെ വിശ്വാസത്തെ മറ്റൊരു മതത്തിലേക്ക് മാറ്റുന്നില്ല. മറിച്ച്, വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർക്ക് പരസ്പരം ആദരവോടെയും സ്നേഹത്തോടെയും ജീവിക്കാനാകുമെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്.
ക്രിസ്തു പഠിപ്പിച്ചത് എന്താണ്? ‘അയൽക്കാരെ സ്നേഹിക്കുക.’ അവന്റെ ജാതിയും മതവും നോക്കി സ്നേഹിക്കാനല്ല പഠിപ്പിച്ചത്!
ക്രിസ്തു ചെയ്തത് എന്താണ്? രോഗികളെയും ദരിദ്രരെയും സമൂഹം മാറ്റിനിർത്തിയവരെയും അവിടുന്ന് ചേർത്തുപിടിച്ചു. മതത്തിന്റെയോ ദേശത്തിന്റെയോ സാമൂഹിക പദവിയുടെയോ പേരിൽ മനുഷ്യരെ വേർതിരിച്ചില്ല.
ശതാധിപന്റെ ഭൃത്യനെയും കാനാൻകാരിയായ സ്ത്രീയെയും കുഷ്ഠരോഗികളെയും സൗഖ്യമാക്കിയതും, നല്ല സമരിയാക്കാരനെക്കുറിച്ച് മാതൃകാപരമായ ഉപമ പറഞ്ഞതും ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കരുണയുടെയും ഉദാഹരണങ്ങളാണ്. സമൂഹം മാറ്റിനിർത്തിയ മനുഷ്യരെയും ഒരേ കരുണയോടെ ചേർത്തുപിടിച്ചവനാണ് ക്രിസ്തു. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നാണ് അവിടുന്ന് പഠിപ്പിച്ചത്.
അങ്ങനെയൊരു ക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ, മറ്റൊരു മതത്തിന്റെ ഭക്തിഗാനം കേൾക്കുന്നതുപോലും അസഹിഷ്ണുതയോടെ കാണുന്നത് എങ്ങനെയാണ് ക്രിസ്തുവിന്റെ സ്നേഹസന്ദേശവുമായി ഒത്തുപോകുന്നത്?
ഇവിടെ മറ്റൊരു കാര്യം കൂടി ചോദിക്കാനുണ്ട്. സ്വന്തം ആരാധനാലയങ്ങൾക്കുള്ളിൽ നടക്കുന്ന ചില കാര്യങ്ങളിലേക്ക് കൂടി ഇവർ ഒന്ന് തിരിഞ്ഞുനോക്കേണ്ടതല്ലേ?
ചില പള്ളികളിൽ ആരാധനാസമയങ്ങളിൽപ്പോലും വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽപ്പോലും അത് അലങ്കോലപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. എന്തിനധികം, ഇടവകാംഗങ്ങൾ മരിക്കുമ്പോൾ അവരെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുപോലും തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുള്ള സംഭവങ്ങളുണ്ട്.
ഇത്തരം കാര്യങ്ങളൊന്നും വിശ്വാസത്തിന്റെ പവിത്രതയെക്കുറിച്ചുള്ള ചർച്ചകളിൽ അത്ര വലിയ വിഷയമാകാറില്ല. എന്നാൽ, ഒരു ഈശ്വരഭക്തിഗാനം പള്ളിമുറ്റത്ത് ആലപിച്ചതാണ് ചിലരുടെ ഏറ്റവും വലിയ പ്രശ്നം!
ഒന്ന് ചിന്തിച്ചുനോക്കൂ: സ്വന്തം ആരാധനാലയത്തിനുള്ളിൽ സ്നേഹവും സമാധാനവും സാഹോദര്യവും നഷ്ടപ്പെടുമ്പോൾ മൗനം പാലിക്കുകയും, മറ്റൊരു മതത്തിന്റെ ഭക്തിഗാനം കേൾക്കുമ്പോൾ പവിത്രത നഷ്ടപ്പെട്ടുവെന്ന് വിലപിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം എത്ര വലുതാണ്!
ഒരു അയ്യപ്പഭക്തിഗാനം കേട്ടാൽ തകർന്നുപോകുന്നത്ര ദുർബലമാണോ നിങ്ങളുടെ ക്രിസ്തുവിശ്വാസം? ഹിന്ദു ക്ഷേത്രങ്ങളിലെയും ഉത്സവവേദികളിലെയും പരിപാടികളിൽ യേശുദാസിന്റെ ഗാനങ്ങളും ക്രൈസ്തവ ഭക്തിഗാനങ്ങളും എത്രയോ കാലമായി കേൾക്കാറുണ്ട്. അതുകൊണ്ട് അവിടെ എത്തിയ ഹിന്ദു വിശ്വാസികളാരെങ്കിലും ക്രിസ്ത്യാനികളായി മാറിയോ? ഇല്ലല്ലോ! സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ഒരാൾക്ക് മറ്റൊരു മതത്തിന്റെ പ്രാർത്ഥനാഗാനമോ ആചാരമോ ഭയപ്പെടേണ്ട കാര്യമില്ല.
“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന ക്രിസ്തുവിന്റെ വചനത്തിന്റെ അർത്ഥം ഇതല്ലാതെ മറ്റെന്താണ്?
ഈ സംഭവത്തിൽ പള്ളി വികാരി സ്വീകരിച്ച നിലപാടാണ് യഥാർത്ഥത്തിൽ അഭിനന്ദിക്കപ്പെടേണ്ടത്. അത് ഒരു പുരോഹിതന്റെ വിശാലമനസ്സിന്റെയും യഥാർത്ഥ ഇടയധർമ്മത്തിന്റെയും അടയാളമായിട്ടാണ് ഞാൻ കാണുന്നത്.
മറ്റൊരു കാര്യം കൂടി ചോദിക്കട്ടെ. വിമർശിക്കുന്നവർക്കോ അവരുടെ മാതാപിതാക്കൾക്കോ നാളെ രക്തം ആവശ്യമായി വന്നാൽ, അത് നൽകുന്നയാൾ ക്രിസ്ത്യാനിയായിരിക്കണമെന്ന് നിർബന്ധം പിടിക്കുമോ? ഒരു അവയവം സ്വീകരിക്കേണ്ടിവന്നാൽ ദാതാവ് സ്വന്തം മതത്തിൽപ്പെട്ട ആളായിരിക്കണമെന്ന് ആവശ്യപ്പെടുമോ? മതം നോക്കാതെ മറ്റൊരു മനുഷ്യന്റെ രക്തവും അവയവവും സ്വീകരിക്കാൻ തയ്യാറാകുന്നവർക്ക്, ആ മനുഷ്യന്റെ വിശ്വാസത്തിൽനിന്നുള്ള ഒരു ഭക്തിഗാനം കേൾക്കാൻ എന്താണ് ഇത്ര പ്രയാസം?
ഉരുൾപൊട്ടലുകളും സുനാമികളും വെള്ളപ്പൊക്കങ്ങളും പോലുള്ള ദുരന്തങ്ങൾ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനായി സ്വന്തം ജീവൻ പോലും പണയംവച്ച് ഓടിയെത്തിയ മനുഷ്യരുടെ വള്ളങ്ങളിലും ബോട്ടുകളിലും കയറി എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അന്ന് മരണത്തെ മുന്നിൽക്കണ്ട് ജീവൻ രക്ഷിക്കാനായി ആ വള്ളങ്ങളിലേക്കും ബോട്ടുകളിലേക്കും കയറുമ്പോൾ, രക്ഷാപ്രവർത്തനം നടത്തുന്നവന്റെ ജാതിയോ മതമോ നോക്കിയിട്ടാണോ ആരെങ്കിലും അവന്റെ കൈകളിൽ പിടിച്ചുകയറിയത്? രക്ഷിക്കാനെത്തിയവൻ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്ലിമാണോ എന്ന് അന്വേഷിച്ചിട്ടാണോ ആരെങ്കിലും സ്വന്തം ജീവൻ രക്ഷിച്ചത്? അന്ന് മനുഷ്യന് പ്രധാനം സ്വന്തം ജീവൻ മാത്രമായിരുന്നു; രക്ഷിക്കാനെത്തിയവന്റെ മതമായിരുന്നില്ല.
അപകടത്തിൽപ്പെടുമ്പോൾ രക്ഷിക്കുന്നവന്റെ മതം നോക്കാത്ത മനുഷ്യൻ, ജീവിതത്തിലേക്ക് തിരിച്ചെത്തിയശേഷം അതേ മനുഷ്യന്റെ വിശ്വാസത്തെ എന്തിനാണ് ഇത്ര അസഹിഷ്ണുതയോടെ കാണുന്നത്?
മറ്റൊരാളുടെ ജീവൻ രക്ഷിക്കുമ്പോൾ മതം പ്രശ്നമല്ലെങ്കിൽ, അയാളുടെ ദൈവവിശ്വാസത്തിന്റെ പേരിൽ ഒരു ഗാനം ആലപിക്കുമ്പോൾ മാത്രം അത് എങ്ങനെയാണ് പ്രശ്നമാകുന്നത്? അത് വിശ്വാസത്തിന്റെ ശക്തിയല്ല; മറിച്ച് മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചുകാണുന്ന സങ്കുചിത മനോഭാവമാണ്.
മതം മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ള വഴിയാണ്. ആ വഴിയിൽ സ്നേഹവും കരുണയും സഹിഷ്ണുതയും സാഹോദര്യവുമാണ് ഉണ്ടാകേണ്ടത്. ആരാധനാലയങ്ങൾ മനുഷ്യരെ തമ്മിൽ അകറ്റുന്ന മതിലുകളാകരുത്; പരസ്പരം ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ ഇടങ്ങളാകണം.
മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ വിദ്വേഷം വളർത്തുന്നവരെ തിരിച്ചറിയുകയും അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും വേണം. പള്ളികളിലും ക്ഷേത്രങ്ങളിലും മസ്ജിദുകളിലും മുഴങ്ങേണ്ടത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളാണ്.
വിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കാം. ആരാധനാരീതികൾ വ്യത്യസ്തമായിരിക്കാം. പക്ഷേ മനുഷ്യസ്നേഹത്തിന് അതിരുകളില്ല.
മറ്റൊരു മതത്തിന്റെ ഭക്തിഗാനം പാടിയതല്ല പ്രശ്നം; മനുഷ്യർക്കിടയിൽ സ്നേഹവും സാഹോദര്യവും നിലനിൽക്കുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന ചിലരുടെ മനോഭാവമാണ് യഥാർത്ഥത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത്.
കിഴപറയാർ പള്ളി വികാരിയും ഇടവക ജനങ്ങളും കാണിച്ചുതന്നത് അതാണ്. വിശ്വാസത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ വിശാലമായ ലോകമുണ്ടെന്ന്!
അന്ന് ജീവൻ രക്ഷിക്കാൻ ഓടിയെത്തുന്നവന്റെ ജാതിയോ മതമോ നോക്കാതെ അവന്റെ രക്തം സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാൻ തയ്യാറാകുന്ന നിങ്ങൾക്ക്, ഒരു ഗാനമേളയിൽ അയൽക്കാരന്റെ ദൈവത്തെ സ്തുതിക്കുന്ന പാട്ട് കേൾക്കുമ്പോഴേക്കും ‘പവിത്രത’ നഷ്ടപ്പെടുന്നുവെങ്കിൽ അത് വിശ്വാസത്തിന്റെ കരുത്തല്ല; പച്ചയായ വർഗീയതയാണ്!
സമൂഹത്തിൽ വിഷം കലർത്താൻ ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികളെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ മനുഷ്യസ്നേഹിയുടെയും ഉത്തരവാദിത്വമാണ്. കിഴപറയാർ പള്ളി വികാരിയും ഇടവക ജനങ്ങളും കാണിച്ച ആ ആർജ്ജവവും വിശാലമനസ്കതയും കേരളത്തിലെ ഓരോ ദേവാലയത്തിനും മാതൃകയാകേണ്ടതാണ്.
ഇനിയും കേരളത്തിലെ പള്ളികളിലും ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ഉത്സവങ്ങളും തിരുനാളുകളും ആഘോഷങ്ങളും നടക്കുമ്പോൾ, അവിടെ എല്ലാ മതങ്ങളുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഗാനങ്ങൾ ഉച്ചത്തിൽ മുഴങ്ങട്ടെ!
കാരണം, ഒരു മതത്തിന്റെ മഹത്വം മറ്റൊരു മതത്തെ ചെറുതാക്കുന്നതിലല്ല; മറിച്ച് മറ്റൊരു മതവിശ്വാസിയുടെ വിശ്വാസത്തെയും വികാരങ്ങളെയും ആദരിക്കാൻ കഴിയുന്നതിലാണ്. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോഴും അപരന്റെ വിശ്വാസത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ കഴിയുന്നിടത്താണ് യഥാർത്ഥ മതവിശ്വാസവും മനുഷ്യസ്നേഹവും ഒന്നാകുന്നത്.
മതങ്ങൾ വ്യത്യസ്തമായിരിക്കാം; ആരാധനാരീതികൾ വ്യത്യസ്തമായിരിക്കാം; ദൈവത്തെ വിളിക്കുന്ന പേരുകളും വ്യത്യസ്തമായിരിക്കാം. പക്ഷേ മനുഷ്യനെ മനുഷ്യനായി സ്നേഹിക്കാൻ നമുക്ക് ഒരു മതത്തിന്റെയും അതിരുകൾ ആവശ്യമില്ല!
വിദ്വേഷത്തിന്റെ കമന്റുകളുമായി ഇഴഞ്ഞുവരുന്നവർക്കുള്ള ഏറ്റവും മനോഹരമായ മറുപടി മനുഷ്യസ്നേഹവും മതസൗഹാർദ്ദവും തന്നെയാകട്ടെ!
.
ഇവരെ അറിയാമോ..?
തമിഴ്നാട്ടിലെ തിരുപ്പത്തൂർ സ്വദേശിനിയായ അഭിഭാഷക എം.എ. സ്നേഹ (M. A. Sneha) ആണ്. ഇന്ത്യയിൽ ഔദ്യോഗികമായി ‘ജാതിയും മതവുമില്ല’ (No Caste, No Religion) എന്ന സർട്ടിഫിക്കറ്റ് നേടിയ ആദ്യ വ്യക്തി എന്ന നിലയിലാണ് ഇവർ ശ്രദ്ധേയയായത്..!!
ജനനവും വളർച്ചയും: ജാതിയും മതവും വിശ്വസിക്കാത്തഒരുകുടുംബത്തിലാണ് സ്നേഹ ജനിച്ചു വളർന്നത്… ജനന സർട്ടിഫിക്കറ്റ് മുതൽ സ്കൂൾ രേഖകൾ വരെ എല്ലാത്തിലും ജാതി, മതം എന്നീ കോളങ്ങൾശൂന്യമായിട്ടാണ് രേഖപ്പെടുത്തിയിരുന്നത് (Nil)
ഔദ്യോഗിക രേഖകളിൽ ജാതിയോ മതമോ ഇല്ലാത്ത വ്യക്തിയാണെന്ന് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സ്നേഹ ഒൻപത് വർഷത്തോളം നിയമപോരാട്ടം നടത്തി..!!
2019 ഫെബ്രുവരിയിൽ തമിഴ്നാട് സർക്കാർ തിരുപ്പത്തൂർ തഹസിൽദാർ മുഖേന സ്നേഹയ്ക്ക് ഔദ്യോഗികമായി ജാതിയും മതവുമില്ല എന്ന സർട്ടിഫിക്കറ്റ് നൽകി. ഇതോടെ രാജ്യത്ത് ഈ അംഗീകാരം നേടുന്ന ആദ്യ വ്യക്തിയായി അവർ മാറി. അഭിഭാഷകയായി പ്രവർത്തിക്കുന്ന സ്നേഹയുടെ ഭർത്താവ് പ്രൊഫസർ പാർത്ഥിബരാജയാണ്. തങ്ങളുടെ മൂന്ന് പെൺമക്കളുടെയും സ്കൂൾ രേഖകളിലും ഇവർ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല..!!

Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

