മിഷിഗൺ: ഓൺലൈനിൽ ഓർഡർ ചെയ്ത ഷാംപൂ ഉപഭോക്താവിന്റെ വീട്ടിലെത്തിച്ച ശേഷം
ആമസോണിന്റെ പ്രൈം എയർ ഡെലിവറി ഡ്രോൺ നിയന്ത്രണം നഷ്ടപ്പെട്ട് അയൽവാസിയുടെ
ഗാരേജിന് മുകളിൽ തകർന്നുവീണു. ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശമായ
ഹണ്ടിങ്ടൺ വുഡ്സിൽ നവംബർ 20 വെള്ളിയാഴ്ചയാണ് സംഭവം. അപകടത്തിൽ ആർക്കും
പരിക്കേറ്റിട്ടില്ല.
ജിം ബ്രെന്നൻ എന്നയാളുടെ ഭാര്യ ആമസോണിലൂടെ ഷാംപൂ ഓർഡർ ചെയ്തിരുന്നു. ഏഴ്
മിനിറ്റിനുള്ളിൽ ഡ്രോൺ വഴി ഉൽപ്പന്നം എത്തിക്കുമെന്ന അറിയിപ്പും ലഭിച്ചു.
വീടിന്റെ പിൻമുറ്റത്ത് ഷാംപൂ വിജയകരമായി എത്തിച്ച ശേഷം മുകളിലേക്ക്
ഉയരുന്നതിനിടെ ഡ്രോൺ ഫൈബർ ഒപ്റ്റിക് കേബിളിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഡ്രോണിന്റെ പ്രൊപ്പല്ലറുകളിലൊന്ന് വേർപെട്ടതായും
നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോൺ അസാധാരണമായി ചലിച്ചശേഷം അയൽവാസിയായ ലോഗൻ
കൂംസിന്റെ ഗാരേജിന് മുകളിൽ പതിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ
പകർത്തിയിട്ടുണ്ട്.
ഗാരേജിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ലൈനിന് സമീപം
കുടുങ്ങിയ ഡ്രോൺ നീക്കം ചെയ്യുന്നതിനായി പ്രദേശത്തെ വൈദ്യുതി കമ്പനി
താൽക്കാലികമായി വീട്ടിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയും
ചെയ്തു.
അപകടത്തിൽപ്പെട്ടത് ആമസോണിന്റെ MK30 മോഡൽ ഡ്രോണാണ്. ഏകദേശം 36 കിലോഗ്രാം
ഭാരമുള്ള ഈ ഡ്രോണിന് 2.27 കിലോഗ്രാം വരെ ഭാരമുള്ള ഉൽപ്പന്നങ്ങൾ
ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കാൻ കഴിയും. അത്യാധുനിക സെൻസറുകളും സ്വയം
നിയന്ത്രിത പറക്കൽ സംവിധാനങ്ങളുമുള്ള ഡ്രോണാണിത്.
ആമസോണിന്റെ കണക്കനുസരിച്ച് പ്രൈം എയർ പദ്ധതിയിലൂടെ നിലവിൽ പ്രതിദിനം
ആറായിരത്തോളം പാഴ്സലുകൾ വിതരണം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കാണ്
പരമപ്രാധാന്യം നൽകുന്നതെന്നും ഇത്തരം അപകടങ്ങൾ അപൂർവമാണെന്നും കമ്പനി
പ്രതികരിച്ചു.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB)
വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ പ്രത്യേക അന്വേഷണം ആരംഭിക്കുന്ന
കാര്യത്തിൽ NTSB ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ജനവാസ മേഖലകളിൽ താഴ്ന്ന ഉയരത്തിൽ പറക്കുന്ന ഡെലിവറി ഡ്രോണുകൾക്ക്
വൈദ്യുതി ലൈനുകളും ഇന്റർനെറ്റ് കേബിളുകളും തിരിച്ചറിയാനുള്ള സാങ്കേതിക
ശേഷി സംബന്ധിച്ച് പുതിയ സുരക്ഷാ ചോദ്യങ്ങൾ ഉയർത്തുകയാണ് ഈ അപകടം.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

