ജാതി, മതം അതിരുകൾ ഇവയ്ക്കെല്ലാം ഉപരി ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യരുടെ നാടാണ് കേരളം. അന്തമായ മതസംസ്കാരം അരക്കിട്ട് ഉറപ്പിക്കാൻ കുറെ നാളായി പല കോണിൽ നിന്നും വിവിധ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ വീണു പോകാതെ ജീവിക്കുന്ന മനുഷ്യരാണ് കേരള മക്കൾ. മനുഷ്യരാകണം. മതങ്ങളാകരുത് എന്ന് ഓരോരുത്തരും ചിന്തിക്കുന്നവരാകണം കേരളീയർ.കേരളം വിദ്യാസമ്പന്നരുടേയും മതേതര വിശ്വാസം ഭൂരിപക്ഷം ഉൾക്കൊള്ളുന്നവരുടേയും നാടാണ്. അവരിൽ വെറുപ്പ് സൃഷ്ടിക്കാതെ നല്ല സമീപനത്തിൽ തിരുത്താൻ എല്ലാവരും ശ്രമിക്കണം.ഭൂമിയിലേക്ക് വരുന്ന മനുഷ്യൻ അവൻ ഒന്നുമറിയാതെ പിറക്കുന്നു. അവനെ മതത്തിന്റെ ഭാഗമാക്കുന്നത് മനുഷ്യർ തന്നെയാണ്. അവരെ അതിലേക്ക് തളച്ചിടുന്നു. സ്വതന്ത്രരായി വരുന്നവർ അങ്ങനെ മതങ്ങളുടെ കീഴിൽവിശ്വാസികളായി മാറുന്നു.നമ്മൾ മനുഷ്യരാണ് ദൈവങ്ങളെ നിലനിർത്തുന്നതും അവയെ പുതു തലമുറയെ പരിചയപ്പെടുത്തുന്നതും വിശ്വാസം ഉണ്ടാക്കി കൊടുക്കുന്നതും നമ്മളാണ്. കുട്ടി ജനിച്ചു വീഴുമ്പോൾ അവൻ മനുഷ്യനായിട്ടാണ് ജനിക്കുന്നത് ഏതെങ്കിലും മതത്തിൻ്റെ ഭാഗമല്ല. ജനിച്ചു കഴിഞ്ഞാൽ ശരീരത്തിന് ക്ഷയം പിടിപെടാതിരിക്കാൻ ബി.സി ജി കുത്തിവയ്പ്പു നടത്തും. അതുപോലെ ഒരു കുത്തിവയ്പ്പാണ് മതം അതോടെ അവൻ ഒരു ചേരിയിലായി. ആചേരിയിൽ അവൻ മതമെന്ന സ്വാതന്ത്രതയിൽ അടങ്ങി കഴിയും. മിതവാദികൾ തീവ്രവാദികൾ ഒക്കെ അവരിൽചിലർ ആയിമാറും. അങ്ങനെ ആകുന്നതിനെ എന്ത് നൽകിയും പ്രോൽസാഹിപ്പിക്കുന്നവരുണ്ടാകും. അവൻ്റെ ചുറ്റുപാടിൽ അവൻ മതത്തിൻ്റെ ഭാഗമാകും. വിദ്യാഭ്യാസ കാര്യത്തിൽ അവൻഎത്ര ഉന്നതിയിൽ എത്തിയാലും മതം അവനെ നിരാശനാക്കും.ഇത് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്. ഒരു വീഡിയോ അതിൽ അഭിനയിക്കുന്നവർ തിരിച്ചറിയുന്നില്ല. ഇവിടെ അതുണ്ടാക്കി വയ്ക്കുന്ന വിഷപുക. അത് ഒരു മതത്തിൽ മാത്രമല്ല. എല്ലാ മതങ്ങളും അതിന് ശ്രമിക്കുന്നുണ്ട്. ലോകം മുഴുവൻ ഇസ്ലാം രാജ്യം ആകണം എന്ന് ആഗ്രഹിക്കുന്നവർ, ക്രിസ്ത്യൻ രാജ്യം ആകണം എന്ന്ആഗ്രഹിക്കുന്നവർ. ഇന്ത്യ ഹിന്ദു രാജ്യം ആകണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ജീവിക്കുന്നു. എന്നാൽ ഇവർ നല്ല മനുഷ്യരാകണം എന്ന് ആരും ആഗ്രഹിക്കുന്നില്ല.കുറച്ചു നാളുകൾ ഭൂമിയിൽ വന്നു ജീവിക്കുന്ന മനുഷ്യരെ സ്വതന്ത്രരായി സന്തോഷത്തോടെ ജീവിച്ചുമരിക്കുവാൻ അനുവദിക്കു…… ജാതി മതക്കെട്ടുകൾ തൂത്തെറിയുക പുതു തലമുറ .എന്നും മെന്നും സ്വതന്ത്രരാകുക മനുഷ്യരെ.
മലപ്പുറം ജില്ലയിലെവിടെയോ വിളക്കുവെയ്ക്കാൻ വാടക വീട്ടിൽ താമസിക്കുന്നവർക്ക് അനുവാദമില്ലെന്നോ വീട്ടുടമ ചോദ്യം ചെയ്തെന്നോ ഒക്കെയുള്ള വിഷയം അറിയാനിടയായി.
ഇരുപതു വർഷത്തിലധികം മലപ്പുറം ജില്ലയിൽ മുസ്ലീം ആയ ഉടമയുടെ വാടകവീട്ടിൽ താമസിച്ചയാളെന്ന നിലയിൽ ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ എഴുതണമെന്നു തോന്നി. കാരണം പ്രശ്നം ഉണ്ടാക്കുകയല്ല പരിഹരിക്കയാണല്ലോ നമ്മുടെ ഉത്തരവാദിത്തം. വിശേഷിച്ച് അധ്യാപകർ പ്രശ്നപരിഹാരത്തിനാണല്ലോ ശ്രമിക്കേണ്ടത്. പരിഹൃതമാവുമോ എന്നറിയില്ലെങ്കിലും സ്വന്തം അനുഭവം തുറന്നെഴുതിയില്ലെങ്കിൽ അതൊരു ആത്മവഞ്ചന കൂടിയാവുമെന്നതിനാലാണീ ശ്രമം.
അത്യാവശ്യം ആചാരങ്ങൾ പാലിക്കുന്ന ഒരാളെന്ന നിലയ്ക്ക് രണ്ടുനേരം ഞങ്ങൾ വിളക്കുകൊളുത്തിയിരുന്നു. രാവിലെയും സന്ധ്യയ്ക്കും. ചന്ദനത്തിരിയുടെ സുഗന്ധവും പരിസരംമുഴുവൻഉണ്ടാകും. മണ്ഡലകാലത്ത് കർപ്പൂര ദീപവും കത്തിയ്ക്കും. വൃശ്ചിക തൃക്കാർത്തിക, ദീപാവലി എന്നീ പ്രത്യേക ദിനങ്ങളിൽ ദീപങ്ങളാൽ അലങ്കരിക്കയും ചെയ്യും.
ഉടമ ഒരു ഹാജിയാരായിരുന്നു. ഒരിക്കലും ഞങ്ങൾക്ക് ഒരു തരത്തിലുമുള്ള വിലക്ക് അദ്ദേഹം ഏർപ്പെടുത്തിയിരുന്നുമില്ല. അവർക്ക് പ്രയാസം വരാത്ത രീതിയിലായിരുന്നു നമ്മുടെ വിശ്വാസാചരണം നടത്തിയിരുന്നതും.
ഉറക്കെ കൊട്ടി ഭജനപ്പാട്ട് പാടുകയോ ഒന്നും ചെയ്യുന്നത് പതിവില്ലാത്തതിനാൽ അപ്രകാരം ചെയ്തതുമില്ല. അഥവാ മറ്റുള്ളവരെ പ്രയാസപ്പെടുത്താനല്ലല്ലോ നമുക്ക് സമാധാനം കിട്ടാനല്ലേ നാം പ്രാർത്ഥിക്കുന്നത്.
നമ്മുടെ പ്രാർത്ഥനയും വിശ്വാസവും മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അതുകൊണ്ടെന്തു ഫലം.
അഞ്ചു മാസമായി വിളക്കു കത്തിച്ചിട്ടില്ല എന്ന് വാടകക്കാരൻ പറയുന്നതു കേട്ടു. പെട്ടെന്നൊരു സുപ്രഭാതത്തിൽ വിളക്കു കൊളുത്താൻ വെളിപാടുണ്ടായതാണോ ഇനി🤔
എന്തായാലും ഏതു കാര്യത്തെയും വഷളാക്കാനും തീപ്പൊരിയെ ആളിക്കത്തിയ്ക്കാനും എളുപ്പമാണ്.
ദയവായി മതത്തിന്റെ പേരിലുള്ള സ്പർധയ്ക്ക് വഴിയൊരുക്കാൻ ശ്രമിക്കരുതേ എന്നപേക്ഷിക്കയാണ്. കാരണം ഒരു തീപ്പൊരി ആളിക്കത്തിയാൽ അതിൽപ്പെട്ട് വെന്തുവെണ്ണീറാവുന്നത് നമ്മുടെയെല്ലാവരുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും സ്നേഹവുമായിരിക്കും.
പാലക്കാടു ജില്ലക്കാരിയാണെങ്കിലും ഞാനേറ്റവും സ്നേഹിക്കപ്പെട്ടത് മലപ്പുറം ജില്ലയിൽ നിന്നാണ്. അതിനാൽ തന്നെ ഞാനേറെ സ്നേഹിക്കുന്നതും മലപ്പുറത്തെത്തന്നെ.
ഇതിലാരും ഒരു തരം വർഗീയതയും ചികയേണ്ടതില്ല. എന്റെ സ്വന്തം അനുഭവം തന്നെയീ തുറന്നെഴുത്ത്.
ഒരു FB post കൂടി ഇവിടെ വായനക്കാർക്ക് നൽകട്ടെ…..
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

