45-ാ മത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ തിളങ്ങി മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ശിവന്യ ദിനേശ്. ആദ്യമായാണ് ശിവന്യ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടാനായതിന്റെ ഇരട്ടി സന്തോഷത്തിലാണ്. കലാമണ്ഡലം പ്രഭാകരന്‍ പുന്നശ്ശേരി മാഷാണ് ഗുരു. രാജശ്രീ ദിനേശ്- ദിനേശ് എന്നിവരുടെ മകളായ ശിവന്യ നാലാം വയസ് മുതല്‍ കലാ പരിശീലനം നടത്തുന്നുണ്ട്. കഥകളി, മോഹിനിയാട്ടം, കുച്ചിപ്പുടി നൃത്തരൂപങ്ങളിലും ശിവന്യ പരിശീലനം നേടുന്നുണ്ട്. സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ശിവന്യദിനേശ്
കലോത്സവ വേദിയില്‍ താരമായി ഗാഥ കല്യാണി.
നൃത്തത്തോടുള്ള ഇഷ്ടവും നിരന്തരമായ പരിശീലനവും കൈമുതലാക്കി കലോത്സവ വേദിയില്‍ മികവ് തെളിയിക്കുകയാണ് എം. ഗാഥ കല്യാണി. യുപി വിഭാഗം മോഹിനിയാട്ടം, ഭാരതനാട്യം, നാടോടിനൃത്ത മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയാണ് ഗാഥ കലോത്സവ നഗരിയില്‍ ശ്രദ്ധേയമായത്. സംഘ നൃത്തം, മലയാളം നാടകം എന്നീ മത്സര വിഭാഗങ്ങലില്‍ എ ഗ്രേഡ് സ്വന്തമാക്കിയതോടെ കലോത്സവത്തിലെ മിന്നും താരമായി മാറിയിരിക്കുകയാണ് ഈ ഏഴാം ക്ലാസുകാരി. 2025 ല്‍ നടന്ന ജില്ലാതല കലോത്സവത്തില്‍ മോഹിനിയാട്ടം, ഭാരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഒരേ നൃത്ത ഇനങ്ങളില്‍ മികച്ച വിജയം ആവര്‍ത്തിക്കാനായത് ഗാഥയുടെ കലാപരമായ മികവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഗാഥ. സയന്ത്, അനന്യ സയന്ത് എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. വി.എന്‍ മനോജിന്റെയും അശ്വതി സുരേഷിന്റെയും മകളാണ്. അടുത്ത വര്‍ഷം സംസ്ഥാനതല കലോത്സവത്തില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുകലാകാരി.
മാര്‍ഗംകളിയില്‍ തുടര്‍ വിജയവുമായി ബത്തേരി അസംപ്ഷനും മുള്ളന്‍ക്കൊല്ലി സെന്റ് മേരീസും

മാര്‍ഗംകളിയിലെ മേല്‍ക്കോയ്മ വിട്ടുനല്‍കാതെ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളും മുള്ളന്‍ക്കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മത്സരത്തില്‍ തുടര്‍ വിജയം ആവര്‍ത്തിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 36 മത് വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് യോഗ്യത നേടിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തുടര്‍ച്ചയായി 27 മത് വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തിയാണ് മുള്ളന്‍ക്കൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് സംസ്ഥാനതല അര്‍ഹത നേടിയത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.എസ് അനാഗിത, ഇ.എ ശിവന്യ, എന്‍.എം അരുണിമ, അയലിന്‍ റോയ്, എ.എസ് ശ്രീമയി, ലക്ഷ്മി അനില്‍കുമാര്‍, അഞ്ജലിന്‍ മരിയ ഷിബു എന്നിവരാണ് അസംപ്ഷന്‍ ഹൈസ്‌കൂള്‍ ടീമിലുണ്ടായിരുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്രിസ്റ്റീന ജില്‍സണ്‍, എയ്ഞ്ചല്‍ മരിയ ലിന്‍സണ്‍, റോസ് ഷാജി, എവ്ലിന്‍ സുനില്‍, വി.ബി എലേന, സിന്‍ഡ്രിയ, ടിയ തോമസ് എന്നിവരാണ് സെന്റ് മേരീസ് എച്ച്.എസ്.എസിനായി മത്സരിച്ചത്. ജൂലൈ മാസം മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനമാണ് ഇരു ടീമുകളുടെയും വിജയത്തിന് കരുത്തായത്. മാര്‍ഗംകളി പരിശീലകനയായ സെബാസ്റ്റ്യനാണ് രണ്ട് ടീമുകള്‍ക്കും പരിശീലനം നല്‍കുന്നത്.
Photo caption4-ഹയർ സെക്കൻഡറി വിഭാഗം മാർഗംകളി മത്സരത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടിയ മുള്ളൻക്കൊല്ലി സെൻ്റ് മേരീസ് എച്ച്.എസ്.എസ്
Photo caption5- ഹൈസ്‌ക്കൂൾ വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് അർഹത നേടിയ സുൽത്താൻ ബത്തേരി അസംപ്ഷൻ എച്ച്. എസ്
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

