തിരുവനന്തപുരം: ഒന്നര മണിക്കൂറോളം പെയ്ത കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്. തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളം കയറിയതോടെ കടകളിൽ നാശനഷ്ടമുണ്ടായി. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.നടപ്പാതയും ഓടയും തിരിച്ചറിയാൻ കഴിയാത്തവിധം റോഡുകളിൽ വെള്ളം നിറഞ്ഞത് യാത്രക്കാരെയും വാഹനയാത്രക്കാരെയും ദുരിതത്തിലാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
പ്രദേശത്തെ കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം ഇരച്ചുകയറിയത് വലിയ നാശനഷ്ടമുണ്ടാക്കി. എസ്.എസ്. കോവിൽ റോഡിലെ ആയുർവേദ മെഡിക്കൽ സ്റ്റോറിലും ഡ്രെയിനേജ് വെള്ളം കയറിയതോടെ ജീവനക്കാർക്കും ഡോക്ടർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും കവിഞ്ഞൊഴുകി റോഡുകളിലേക്ക് എത്തിയത് ദുരിതം ഇരട്ടിയാക്കി.
ഓടകൾ വൃത്തിയാക്കുകയും റെയിൽവേയുടെ ഭാഗത്തുനിന്ന് മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ഒറ്റ മണിക്കൂറിലെ മഴയിൽ നഗരം വെള്ളക്കെട്ടിലായത് ജനങ്ങളെ കടുത്ത പ്രതിഷേധത്തിലാക്കിയിട്ടുണ്ട്. ചെറിയ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴ തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന്റെ രൂക്ഷത ഒരിക്കൽ കൂടി തുറന്നുകാട്ടി
പോലീസുകാർ ഉൾപ്പെടെ രംഗത്തിറങ്ങി ഓടകൾ വൃത്തിയാക്കിയതോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. മഴക്കാലത്ത് നഗരത്തിലെ ഓടകളുടെ ശുചീകരണവും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും വീണ്ടും ചർച്ചയാകുകയാണ്.മുൻ മന്ത്രി വി.ശിവൻകുട്ടിയും മുൻ മേയർ പ്രശാന്തും പരിഹാസ സ്വരങ്ങളിൽ മേയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എങ്ങനെ തിരുവനന്തപുരത്ത് വെള്ളക്കെട്ട് പരിഹരിക്കാം. തികച്ചും ശാസ്ത്രീയപഠനം അവശ്യമാണ്. അടിയന്തിര നടപടികൾക്കായ്കോർപ്പറേഷൻ മുൻകൈ എടുക്കണം
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

