വയനാടിന്റെ കലാ- സാംസ്കാരിക പൈതൃകം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് സ്കൂൾ കലോത്സവമെന്ന് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ. 45 -ാം മത് വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
125 ഓളം വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ വയനാടിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക പൈതൃകവും മനോഹരമായി അവതരിപ്പിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇത്തരം കലോത്സവങ്ങളന്നും കലോത്സവം മികച്ച രീതിയിൽ പൂർത്തിയാക്കാനായത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അധ്യാപക സംഘടനകൾ, സ്കൂൾ മാനേജ്മെന്റ്, വിവിധ സംഘടനകൾ, മാധ്യമ പ്രവർത്തകരെയും എം.എൽ എ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷനായ പരിപാടിയിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ഡി.ഇ.ഒ കെ.കെ ചിത്രലേഖ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൽമ മോയി, ജിനി തോമസ്, ഡി.പി.ഒ മാരായ പി.എം ചൗഹാർ, നിസാർ കമ്പ, ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ പി.എ അബ്ദുൾ, മുട്ടിൽ ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂൾ പ്രിൻസിപ്പാൽ എൻ.യു അൻവർ ഗൗസ്, വൈത്തിരി എ.ഇ.ഒ കെ.ടി അഷറഫ്, മാനന്തവാടി എ.ഇ.ഒ എം സുനിൽ കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഓവറോൾ കീരിടം ചൂടി മാനന്തവാടി എം.ജി.എം
മുട്ടിൽ ഡബ്ല്യൂ.എം. ഒ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിലായി നാല് ദിവസം അരങ്ങേറിയ ജില്ലാ സ്കൂൾ കലോത്സവത്തിൽ 275 പോയിന്റ് നേടി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂൾ ഓവറോൾ കിരീടം ചൂടി. 191 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. ഉപ ജില്ല തലത്തിൽ 434 പോയിൻ്റോടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഒന്നാമതെത്തി. 429 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനവും 324 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 465 പോയിന്റുമായി മാനന്തവാടി ഒന്നാമതെത്തിയപ്പോൾ 406 പോയിന്റുമായി വൈത്തിരിയും 403 പോയിന്റുമായി ബത്തേരിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ 183 പോയിന്റുമായി മാനന്തവാടി ഒന്നാം സ്ഥാനവും 177 പോയിന്റുമായി സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനവും 174 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനവും പങ്കിട്ടു.
യു.പി വിഭാഗം സംസ്കൃത മേളയിൽ 45 പോയിന്റുമായി സെന്റ് തോമസ് നടവയൽ ഒന്നാം സ്ഥാനവും 40 പോയിന്റുമായി സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂൾ രണ്ടാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ 45 പോയിന്റുമായി മുട്ടിൽ ഡബ്ല്യു.ഒ യു.പി സ്കൂൾ ഒന്നാമതെത്തി. 25 പോയിന്റുമായി പിണങ്ങോട് ജി.യു.പി സ്കൂൾ രണ്ടാം സ്ഥാനം സ്വന്തമാക്കി. ജനറൽ വിഭാഗത്തിൽ 60 പോയിന്റുമായി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂൾ ഒന്നാമതെത്തി. 30 പോയിന്റ് വീതം നേടി പടിഞ്ഞാറത്തറ എ.യു.പി.എസും സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗം സംസ്കൃത മേളയിൽ 64 പോയിന്റുമായി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 45 പോയിന്റുമായി സുൽത്താൻ ബത്തേരി അസംപ്ഷൻ എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. അറബിക് വിഭാഗത്തിൽ 65 പോയിന്റുമായി മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസും പിണങ്ങോട് ഡബ്ല്യു.എച്ച്.എസ്.എസും ഒന്നാം സ്ഥാനം പങ്കിട്ടു. 35 പോയിന്റുമായി പനമരം ക്രസന്റ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. ജനറൽ വിഭാഗത്തിൽ 145 പോയിന്റുമായി മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് ഒന്നാമതും 95 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർസെക്കൻഡറി വിഭാഗത്തിൽ 90 പോയിന്റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 83 പോയിന്റുമായി മീനങ്ങാടി ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മാനന്തവാടി എം.ജി. എം സ്‌കൂൾ.
പണിയ നൃത്തത്തിൽ വിജയത്തിളക്കവുമായി തൃക്കൈപ്പറ്റ ജി.എച്ച്.എസ്
ജില്ലാ സ്കൂൾ കലോത്സവത്തിൽ അവസാന ദിവസം അരങ്ങേറിയ പണിയ നൃത്തത്തിൽ വിജയം കരസ്ഥമാക്കി തൃക്കൈപ്പറ്റ ഗവ ഹൈസ്കൂൾ. ഏഴ് ടീമുകളോട് മത്സരിച്ചാണ് തൃക്കൈപ്പറ്റ സ്കൂൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തം മത്സര വിഭാഗത്തിൽ ആദ്യമായി ഉൾപ്പെടുത്തിയപ്പോഴും വിജയം നേടിയത് തൃക്കൈപ്പറ്റ ജി.എച്ച്.എസ് ആയിരുന്നു.
വയനാട് ജില്ലയിലെ പണിയ ആദിവാസി വിഭാഗത്തിന്റെ തനത് പരമ്പരാഗത കലാരൂപമാണ് പണിയനൃത്തം. വട്ടക്കളി, കമ്പളക്കളി (കമ്പളനാട്ടി) എന്നീ പേരുകളിലും കലാരൂപം അറിയപ്പെടുന്നു. പണിയ വിഭാഗത്തിന്റെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളും പ്രതിഫലിപ്പിക്കുന്നതാണ് നൃത്തം.
ചിത്ര, അഞ്ജന, കൃഷ്ണേന്ദു, വിജിഷ്ണ, ഗീതാഞ്ജലി, സുജിത, ബിബിത, യമുന, ജിതിൻ, ശ്രീജിത്ത്, പ്രവീൺ, അരുൺ എന്നിവരാണ് വിജയികളായ ടീമംഗങ്ങൾ.
നാടൻ പാട്ടിൽ ഇരട്ട നേട്ടവുമായി കൽപ്പറ്റ എസ്.കെ.എം.ജെ
നാടൻപാട്ട് മത്സരത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടന്ന നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി പത്താം വർഷമാണ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
പാലക്കാട് അട്ടപ്പാടിയിലെ മുഡുഗ വിഭാഗത്തിന്റെ പരമ്പരാഗത ചീരുപ്പാട്ടാണ് ഹൈസ്കൂൾ വിഭാഗം അവതരിപ്പിച്ചത്. ഭവിൽ, പുറയ്, ദംബട്ടെ, ജാല്റൈ എന്നീ പരമ്പരാഗത വാദ്യോപകരണങ്ങൾ അവതരണത്തിന് ഉപയോഗിച്ചു. എസ്.വി അക്ഷയമോൾ ലീഡ് ചെയ്ത സംഘത്തിൽ സി.ആർ ആവണി, എയ്‌വ ഇക്ബാൽ, നസ്റിയ തസ്‌നി, ദിയ മെഹ്റിൻ, അഭിമന്യു കെ. രമേശ്, ഹിയാസ് എന്നിവർ പങ്കെടുത്തു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ അട്ടപ്പാടിയിലെ കുറുമ്പർ വിഭാഗത്തിന്റെ ഉട്ടാട്ടപ്പാട്ടാണ് അവതരിപ്പിച്ചത്. പുറയ്, ദവിൽ, ദുംവട്ടെ, പുവോണ്ടെയ്, തൽഡ്റൈ എന്നീ പരമ്പരാഗത വാദ്യോപകരണങ്ങളും ഉപയോഗിച്ചു. ക്യാതിയ അൽ ഫ്രാങ്ക് ലീഡ് ചെയ്ത സംഘത്തിൽ ശ്രീ സ്മൃതി ചന്ദന, സി ആര്യദേവ്, എം.എസ് കൃഷ്ണേന്ദു, എം.എസ് അനഘ, ഗൗരി നന്ദ, കെ.ആർ അർച്ചന എന്നിവർ പങ്കെടുത്തു.
നാടൻപാട്ട് പരിശീലകനായ രമേശ് ഉണർവാണ് ഇരു ടീമുകൾക്കും പരിശീലനം നൽകിയത്.
ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സപ്പായ മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
മുഖചിത്രം-(ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സപ്പായ മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ)
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

