യുഎസ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം; വാൻസിന്റെ വിലയിരുത്തലിനോട് യോജിച്ച് ട്രംപ്

 

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കവും രാജ്യത്തെ വിലക്കയറ്റവുമാണ് യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. യുദ്ധത്തിനെതിരായ ജനവികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്ന വാൻസിന്റെ വിലയിരുത്തലിനോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യോജിച്ചു. എന്നാൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചതിൽ പശ്ചാത്താപമില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ഇരുസഭകളിലും ഡെമോക്രാറ്റുകൾ നേട്ടം കൊയ്തതോടെ റിപ്പബ്ലിക്കൻ പാർട്ടി വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്തവരിൽ പലരും ഇത്തവണ പാർട്ടിയെ പിന്തുണച്ചില്ലെന്നാണ് വാൻസിന്റെ നിരീക്ഷണം. “നമ്മൾ പരാജയപ്പെട്ടത് യുദ്ധം കാരണമാണ്” എന്നായിരുന്നു എക്സിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധത്തിനൊപ്പം ഉയർന്ന ജീവിതച്ചെലവും ഭരണകൂടത്തിനെതിരായ ജനവികാരം ശക്തമാക്കിയെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് ഫലം അമേരിക്കയുടെ യുദ്ധവിരുദ്ധ നിലപാടിന്റെ തെളിവാണെന്ന് ഇറാനും അവകാശപ്പെട്ടു. ഇറാനോടുള്ള നയം അമേരിക്ക മയപ്പെടുത്തുമെന്ന ധാരണ വേണ്ടെന്ന് പരമോന്നത നേതാവ് മോജ്തബ ഖമേനി വ്യക്തമാക്കി. അമേരിക്കൻ ജനത യുദ്ധത്തോട് ‘നോ’ പറഞ്ഞിരിക്കുകയാണെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും പ്രതികരിച്ചു.

ഇതിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പുറത്തുവന്ന ഫലങ്ങൾ പ്രകാരം ഡെമോക്രാറ്റുകളുടെ അംഗസംഖ്യ 54 ആയി ഉയർന്നു. ഏഴ് സീറ്റുകളുടെ വർധന. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഏഴ് സീറ്റുകൾ നഷ്ടമായി അംഗബലം 44 ആയി കുറഞ്ഞു. അലാസ്ക, മിസിസിപ്പി സംസ്ഥാനങ്ങളിലെ ഫലങ്ങൾ കൂടി വരുന്നതോടെ അന്തിമ കണക്കിൽ മാറ്റമുണ്ടായേക്കാം.

ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം ഉറപ്പിച്ചു. 435 അംഗ സഭയിൽ 218 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതിനെ മറികടന്ന് 228 സീറ്റുകൾ ഡെമോക്രാറ്റുകൾ നേടി. നിലവിലുണ്ടായിരുന്നതിനേക്കാൾ 25 സീറ്റുകളുടെ അധിക നേട്ടമാണിത്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിയുടെ സീറ്റുകൾ 218ൽനിന്ന് 139 ആയി താഴ്ന്നു. ആകെ 367 സീറ്റുകളിലെ ഫലമാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നത്.

Follow Our Facebook Page
Enable Notifications OK No thanks