പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ സംരക്ഷിത പാർക്കിംഗ് ഏരിയയിലേക്ക് കാർ ഓടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാശനഷ്ടം വരുത്തുകയും സുരക്ഷാ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പ്രതികളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ കുനെയിൽ പുലിക്കുളത്ത് കിഴക്കതിൽ വീട്ടിൽ ഷിനു രാജ്(28), പൂതക്കുളം ഈഴംവിള കല്ലുവിള വീട്ടിൽ ജയൻ(47) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 7.20 മണിയോടെയാണ് സംഭവം. കാറിലെത്തിയ പ്രതികൾ പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ സംരക്ഷിത പാർക്കിംഗ് ഏരിയയിലേക്ക് കാർ ഇടിച്ചുകയറ്റി അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി ട്രക്കുകൾക്ക് ഏകദേശം 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയും സുരക്ഷാ ജീവനക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു.

ഗ്യാസ് നിറച്ച ട്രക്ക് പ്ലാന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ഇവർ കാർ ഇടിച്ച് കയറ്റിയത്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. പാരിപ്പള്ളി പോലീസ് ഇവരെ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശേഷം പി.ഡി.പി.പി ആക്ട് ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പാരിപ്പള്ളി എസ്.എച്ച.ഒ ആശ വി രേഖ, എസ്.ഐ മനു, എ.എസ്.ഐ തോമസ്, ബിന്ദുകുമാരി, സി.പി.ഓ മാരായ അഖിൽ, അരുൺ, സബിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.




