എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്കൂളിലെ അധ്യാപകൻ ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

അതേസമയം കായികമേള നടക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം പോലീസ് സ്റ്റേഷനിലാണ് ജിജോ ഇപ്പോഴുള്ളത്. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും എന്നാണ് വിവരം. ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കായികമേളയ്ക്കിടെ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ സംഘവം വാക്കേറ്റത്തിലേക്കു നീങ്ങുകയായിരുന്നു. തുടർന്ന് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി അധ്യാപകനെ കുന്ദമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. മേളയുടെ ശോഭ കെടുത്താൻ മനഃപൂർവം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ പരാതി നല്‍കിയിട്ടുണ്ട്. മേളയുടെ ആദ്യ നാളില്‍ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
കടുത്ത രാഷ്ട്രീയവിരോധവും, മറ്റ് ചില താത്പര്യങ്ങളും വെച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലെ വിദ്യാർഥിസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു
‘കഴിഞ്ഞദിവസം രാവിലത്തെ പ്രഭാതഭക്ഷണത്തില്‍ ഒരു പുഴു നാടകവും, ഇന്ന് ഉച്ചഭക്ഷണത്തില്‍ വീണ്ടും മറ്റൊരു പുഴുനാടകവും തുടരുന്നു. ഇന്നത്തേത് കൈയോടെ പിടിച്ചതോടെ പൊളിഞ്ഞു. ഒരു കായികാധ്യാപകനും, രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു ഇത്. അധ്യാപകനെതിരേ നടപടി ഉണ്ടാകും, പോലീസ് നടപടിയും സ്വീകരിക്കും. സംഭവത്തെക്കുറിച്ചുള്ള ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തും.’ – മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

