കേരള പിറവി മലയാള ദിനാഘോഷത്തിൽ നാലപ്പാടം പത്മനാഭൻ പി എസ് പുണിഞ്ചിത്തായ എന്നിവരെ ജില്ലാഭരണകൂടം ആദരിക്കും യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ വി രമേഷ്, മുകുന്ദൻ പെരുമലയൻ എന്നിവർക്കും ആദരം .

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.
ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നൽകും.
അംബികാസുതൻ മാങ്ങാട് മുഖ്യാതിഥി

കാസർകോട്കേരള പിറവിയുടെ എഴുപതാം വാർഷികത്തിൻ്റെ ഭാഗമായി നവംബർ ഒന്നിന് രാവിലെ 11ന് ജില്ലാ തല ആഘോഷ പരിപാടികൾ കാസർകോട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കും. വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ സാക്ഷരതാ മിഷനുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് കേരള പിറവി ദിന സന്ദേശം നൽകും. ചടങ്ങിൽ എഴുത്തുകാരേയും കലാകാരന്മാരെയും ആദരിക്കും. എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ വിഖ്യാത ചിത്രകാരൻ പി എസ് പുണിഞ്ചിത്തായ
എന്നിവരെ ജില്ലാഭരണകൂടം ആദരിക്കും.
യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ. വി. രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദൻ ഇളംകുറ്റി പെരുമലയൻ എന്നിവരേയും ചടങ്ങിൽ ആദരിക്കും
കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാകും. മുതിർന്ന മാധ്യമപ്രവർത്തകൻ വി വി പ്രഭാകരൻ, രാധാകൃഷ്ണൻ ഒളിയത്തടുക്ക
ഹുസൂർ ശിരസ്തദാർ പി നസിമുദിൻ ജില്ലാ സാക്ഷരതാമിഷൻ കോർഡിനേറ്റർ കെ.വി. രതീഷ് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം എ കരീം എന്നിവർ സംസാരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻ്റ് എഡിറ്റർ എ.പി. ദിൽ ന , സത്യനാരായണ തന്ത്രി എന്നിവർ ആദരിക്കുന്ന പ്രമുഖവ്യക്തികളെ പരിചയപ്പെടുത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എ പി നൗഷാദ് നന്ദിയും പറയും. ഭരണഭാഷാവാരാഘോഷത്തിൻ്റെ ഒരാഴ്ച വിവിധമത്സര പരിപാടികൾ പ്രഭാഷണം, ഭാഷ പോഷണ പരിപാടികൾ സംഘടിപ്പിക്കും.

നാലപ്പാടം പത്മനാഭന്‍

കവിയും നോവലിസ്റ്റും ദൃശ്യ മാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന്‍ മലയാള സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. 1967 മേയ് 31ന് ജനിച്ച അദ്ദേഹം മലയാളത്തില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, എല്‍.എല്‍.ബി. തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയിട്ടുണ്ട്. അക്കാദമിക ഗവേഷണത്തിലും സാഹിത്യരചനയിലും ദൃശ്യ മാധ്യമപ്രവര്‍ത്തനത്തിലും ഒരുപോലെ സജീവമാണ്. ആറ് കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ മുപ്പത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്‌കാരം, ചങ്ങമ്പുഴ പ്രവാസി പുരസ്‌കാരം, വെണ്‍മണി പുരസ്‌കാരം, ഫൊക്കാന കവിതാ അവാര്‍ഡ്, സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം, തിരുനല്ലൂര്‍ കവിതാപുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പോടെ മഹാകവി പി.യുടെ സമഗ്രാത്മക ജീവിതം എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അദ്ദേഹം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പോടെ ഇതിഹാസങ്ങളുടെ സ്വാധീനം മലയാളത്തില്‍ എന്ന വിഷയത്തിലും ഗവേഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ദൃശ്യ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന നാലപ്പാടം പത്മനാഭന്‍ ദൂരദര്‍ശനിലും ദര്‍ശന ടി.വിയിലുമായി 600-ലധികം അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ പെരുന്തച്ചന്‍ സിനിമയെ അടിസ്ഥാനമാക്കി ലോകത്തിലെ ആദ്യത്തെ സിനിമാറ്റിക് പഠനം നടത്തിയതായും നല്‍കിയ വിവരങ്ങളില്‍ പരാമര്‍ശിക്കുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ജില്ലാ ഭരണകൂടം നാലപ്പാടം പത്മനാഭനെ ആദരിക്കുന്നു.

പി.എസ് പുണിഞ്ചിത്തായ

ദക്ഷിണ ഭാരതത്തിലെ പ്രശസ്തനായ ജലച്ചായ ചിത്രകാരനാണ് പി.എസ് പുണിഞ്ചിത്തായ. കേരള, കര്‍ണാടക ലളിതകലാ അക്കാദമിയില്‍ അംഗമായി പ്രവര്‍ത്തിച്ചു. കാറഡുക്കയില്‍ കാഞ്ചന്‍ഗംഗ കലാഗ്രാമം സ്ഥാപിച്ചു. ഇത് ഒരു റൂറല്‍ ആര്‍ട്ട് ഗാലറി ആണ്. മാത്രമല്ല കലാകാരന്മാര്‍ക്ക് ഇവിടെ താമസിച്ച് ചിത്രം വരയ്ക്കാനുള്ള സൗകര്യമുണ്ട്. 1997ല്‍ അദ്ദേഹത്തിനു കര്‍ണ്ണാടക ലളിതകലാ അക്കാദമിയുടെ സീനിയര്‍ ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെയും മുംബൈയിലേയും മാംഗലൂരുവിലേയും മൈസുരുവിലേയും മ്യൂസിയങ്ങളില്‍ പുണിഞ്ചിത്തായയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എഴുത്തിലും സംഭാവന നൽകിയിട്ടുണ്ട്.

മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍

അരപ്പതിറ്റാണ്ടിലധികം കാലം വടക്കിന്റെ അനുഷ്ഠാന കലാരൂപ രൂപമായ തെയ്യം കോലധാരിയായി പ്രാവീണ്യം തെളിയിച്ച അതുല്യ കലാകാരനാണ് മുകുന്ദന്‍ ഇളംകുറ്റി പെരുമലയന്‍. ഇളംകുറ്റി പെരുമലയന്‍ തറവാട്ടില്‍ കരിച്ചേരി കണാരന്‍ പണിക്കരുടെയും, അടോട്ട് കണ്ണന്‍ ഉദയവര്‍മ്മന്‍ പെരുമലയന്റെ മകള്‍ മാണിയുടെയും മകനായി 1946-ല്‍ ജനനം. ഒന്‍പതാം വയസ്സില്‍ ആടിവേടന്‍ കെട്ടി മനയോലയും ചായില്യവും ചാലിച്ച് ചിലമ്പണിഞ്ഞ് കനലാടിയുള്ള തന്റെ അനുഷ്ഠാന സപര്യയ്ക്ക് തുടക്കം കുറിച്ചു. പതിമൂന്നാം വയസ്സില്‍ ബാവിക്കര നഗരസഭയില്‍ നിന്നും പരദേവതയുടെ കോലം ധരിച്ച് പട്ടുംവളയും വാങ്ങി. അരവത്ത് എടമന ചാവടിയില്‍ നാരായണന്‍ വാഴുന്നവരില്‍ നിന്നും പണിക്കര്‍ സ്ഥാനം ലഭിച്ചു.
25 വർഷം തുടർച്ചയായി പ്രധാന തെയ്യങ്ങള്‍ കെട്ടിയാടി. 2012-ല്‍ ചിറക്കല്‍ കോവിലകത്ത് നിന്നും തറവാട്ടാചാരമായി ‘ഇളംകുറ്റി പെരുമലയന്‍’ എന്ന ബഹുമതി നേടി. 72-ാമത്തെ വയസ്സില്‍ തലപ്പാളിയും ചിലമ്പും അഴിച്ചുവെച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. നാടിനും സംസ്‌ക്കാരത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മുകുന്ദന്‍ ഇളംകുറ്റി പെരുമലയനെ കേരള പിറവി ദിനത്തിൽ ആദരിക്കുന്നത്.

കെ.വി രമേശ്

കാസര്‍കോടിന്റെ സമ്പന്നമായ നാടന്‍കലാ പാരമ്പര്യത്തെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പരിചയപ്പെടുത്തുന്ന കലാകാരനാണ് കെ.വി രമേശ്. യക്ഷഗാന പാവകളി രംഗത്ത് നാല് പതിറ്റാണ്ടിലേറെയായി സജീവമായ അദ്ദേഹം, അന്യംനിന്നുപോകുന്ന പരമ്പരാഗത കലാരൂപത്തെ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാണ്. 1965 ജനുവരി 11ന് ജനിച്ച കെ. വി. രമേശ്, കെ. വെങ്കടകൃഷ്ണയ്യയുടെയും ഗിരിജ കെ.വിയുടെയും മകനാണ്. കാസര്‍കോട് പിലിക്കുഞ്ചെയിലെ ‘യക്ഷ പുത്തളി ബൊംബെ മാനെ’യിലാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

നാല്പത്തിമൂന്ന് വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇതിനകം മൂവായിരത്തിലധികം പാവകളി അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിനുപുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, അസം, പശ്ചിമബംഗാള്‍, സിക്കിം, അരുണാചല്‍പ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളിലും അദ്ദേഹം പാവകളി അവതരിപ്പിച്ചു. പാകിസ്താനിലെ ലാഹോര്‍ (1998), ഫ്രാന്‍സിലെ പാരിസ് (2004), ദുബായ് (2009), ചെക്കോസ്ലോവാക്യയിലെ പ്രാഗ് (2010), ചൈനയിലെ ഗുയാങ് (2013) എന്നിവിടങ്ങളിലെ അന്തര്‍ദേശീയ വേദികളിലും അദ്ദേഹത്തിന്റെ കലാപ്രകടനങ്ങള്‍ അരങ്ങേറി. കെ.വി രമേശ് 2010ല്‍ കര്‍ണാടക സംസ്ഥാന പുരസ്‌കാരം നേടി. 2014ല്‍ കേരള ഫോക്‌ളോര്‍ അക്കാദമി അവാര്‍ഡ് ലഭിച്ചു. യക്ഷഗാന പാവകളിയെ സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വിദ്യാര്‍ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കാനും കെ.വി. രമേഷ് ശ്രമിക്കുന്നു.

 

.

Join Community
Enable Notifications OK No thanks