തിരുവനന്തപുരം: കൊല്ലം നിയോജകമണ്ഡലത്തിലെ കണ്ടച്ചിറ ചീപ്പ് – മുടന്തിയാർവിള ജംഗ്ഷൻ റോഡ്, പെരുമൺ – തരിയൻമുക്ക് – പെരിനാട് – റെയിൽവേ ഓവർബ്രിഡ്ജ് റോഡ് എന്നിവയുടെ നിർമാണം സംബന്ധിച്ച വിഷയം മന്ത്രിസഭയിൽ വയ്ക്കാനും, ലഭിച്ച കോട്ട് തുക അംഗീകരിപ്പിച്ച് കരാർ ഉറപ്പിക്കാനും തീരുമാനിച്ചു. നിർമാണ പ്രവർത്തിക്ക് ആറ് തവണ ടെണ്ടർ ചെയ്തിട്ടും ലഭിച്ചത് ഉയർന്ന ബിഡുകളാണ് അതിനാൽ ആർക്കും കരാർ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ലഭിച്ചതിൽ കുറഞ്ഞ തുക കോട്ട് ചെയ്ത കരാറുകാരന് വർക്ക് ഓർഡർ നൽകി നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന കൊല്ലം നിയോജകമണ്ഡലത്തിലെ പൊതുമരാമത് റോഡ്, പാലം, കെട്ടിട നിർമാണം ഉൾപ്പെടെയുള്ള വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന വിവിധ വികസന പദ്ധതികളുടെ നിർമാണം വേഗത്തിലാക്കാനും പ്രവൃത്തികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ പിന്തുണ ഉറപ്പുനൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ.

പെരുമൺ പാലം
അഷ്ടമുടിക്കായലിന് കുറുകെ പെരുമണിനെയും മൺറോത്തുരുത്തിനെയും ബന്ധിപ്പിക്കുന്ന പെരുമൺ പാലത്തിന്റെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. 530 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുകൾ ഉൾപ്പെടെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ 416.1 മീറ്റർ നീളത്തിലുള്ള പാലത്തിന് 13 സ്പാനുകളാണുള്ളത്. ഇതിൽ 10 സ്പാനുകളുടെ സൂപ്പർ സ്ട്രക്ചർ നിർമാണം പൂർത്തിയായിട്ടുണ്ട്. മധ്യഭാഗത്തെ കേബിൾ സ്റ്റേയ്ഡ് സെഗ്മെന്റുകളുടെയും ഇരുകരകളിലുമുള്ള അപ്രോച്ച് റോഡുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു. 2027ൽ പാലം സഞ്ചാരയോഗ്യമാക്കാനാകുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിലറയിച്ചു.
ആശ്രാമം ലിങ്ക് റോഡ്-നാലാം ഘട്ടം
ആശ്രാമം ലിങ്ക് റോഡ് നാലാം ഘട്ടം ഓലയിൽകടവ് മുതൽ കടവൂർ പള്ളി ജംഗ്ഷൻ വരെയുള്ള നിർമാണവും യോഗം പരിശോധിച്ചു. മൂന്നാം ഘട്ടത്തിന്റെ തുടർച്ചയായി തേവള്ളി പാലത്തിന് സമാന്തരമായും അഷ്ടമുടിക്കായലിന് കുറുകെയുമായി കടന്നു പോയി തേവള്ളിപാലത്തിന്റെ കടവൂർ ഭാഗത്തെ അപ്രോച്ച് റോഡിന് ശേഷം എൻഎച്ച് 183ൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അനുബന്ധ അപ്രോച്ച് റോഡ് വികസിപ്പിക്കുന്നതിനുമായി 73.97 കോടി രൂപയുടെ പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട അലൈൻമെന്റ് ഡിസൈൻ തയ്യാറാക്കി PWD ഡിവിഷന് കൈമാറിയിട്ടുണ്ട്.
സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രോജക്ട്
കൊല്ലം സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ കീഴിലുള്ള പ്രവർത്തികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു. മേവറം – കാവനാട്, റെയിൽവേ സ്റ്റേഷൻ – ഡീസന്റ് മുക്ക്, തിരുമുല്ലാവാരം – കല്ലുപാലം – കച്ചേരി ജംഗ്ഷൻ എന്നിവ ഉൾപ്പെടുത്തി ആകെ 23.76 കിലോമീറ്റർ വരുന്നതാണ് പദ്ധതി.
തീരദേശ ഹൈവേ
കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നിർമാണ പുരോഗതിയും വിശദമായി വിലയിരുത്തി. 14 മീറ്റർ വീതിയിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ കൊല്ലം ജില്ലയിൽ മൂന്ന് റീച്ചുകളാണുള്ളത്. കാപ്പിൽ മുതൽ തങ്കശ്ശേരി വരെയുള്ള ഒന്നാം റീച്ചിന് 17.80 കിലോമീറ്ററും തങ്കശ്ശേരി മുതൽ നീണ്ടകര വരെയുള്ള രണ്ടാം റീച്ചിന് 6.98 കിലോമീറ്ററും ഇടവട്ടം മുതൽ അഴീക്കൽ വരെയുള്ള മൂന്നാം റീച്ചിന് 16.50 കിലോമീറ്ററുമാണ് നീളം. ഒന്നാം റീച്ചിൽ 14 കിലോമീറ്റർ ദൂരത്തിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികളും വേഗത്തിലാക്കുന്നതിനുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.
കല്ലുപാലം–ഇരവിപുരം–താന്നിമുക്ക്–മയ്യനാട് റോഡ്
കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലായി ഉൾപ്പെടുന്ന കല്ലുപാലം–ഇരവിപുരം–താന്നിമുക്ക്–മയ്യനാട് റോഡിന്റെ ശേഷിക്കുന്ന പ്രവൃത്തികളുടെ പുരോഗതിയും വിലയിരുത്തി. കൊല്ലം മണ്ഡലത്തിലെ 1.52 കിലോമീറ്ററും ഇരവിപുരം മണ്ഡലത്തിലെ 8.96 കിലോമീറ്ററും ഉൾപ്പെടുന്ന പ്രവൃത്തിക്ക് 39.85 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൊല്ലം മണ്ഡലത്തിൽ ഉൾപ്പെടുന്ന ആറ് കിലോമീറ്റർ നിർമ്മാണത്തിൽ കൃത്യമായ മേൽനോട്ടം വേണമെന്ന് മന്ത്രി നിർദേശിച്ചു. റോഡുകളുടെ തകർന്ന ഭാഗത്തെ പുനർനിർമാണം വേഗത്തിലാക്കാനും തീരുമാനിച്ചു.
മറ്റ് റോഡുകൾ പാലങ്ങൾ
കൊല്ലം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ലക്ഷ്മിനട – തങ്കശ്ശേരി റോഡ്, സാമ്പ്രാണികൊടി പാലം, കടവൂർ പള്ളി ജംഗ്ഷൻ – പാണാമുക്കം പാലം, കൊച്ചു പിലാമൂട് നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം എന്നിവയുടെ നിർമാണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് വേഗത്തിലാക്കാൻ നിർദേശിച്ചു. പുതുതായി മാമൂട്ടിൽ കടവ് – കുരീപ്പുഴ പാലം നിർമാണം സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
കെട്ടിട നിർമാണ മേഖലയിൽ കോടികളുടെ വികസന പദ്ധതികൾ
കൊല്ലം നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കീഴിൽ നടപ്പാക്കിവരുന്നതും ഭരണാനുമതി ലഭിച്ചതുമായ വിവിധ പദ്ധതികളുടെ പുരോഗതിയും യോഗം വിശദമായി വിലയിരുത്തി.
കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ
കൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് 10 കോടി രൂപയുടെ ട്രാൻസ്പോർട്ട് വകുപ്പിന്റെ ഭരണാനുമതിയും 5 കോടി രൂപയുടെ എം.എൽ.എ. ആസ്തിവികസന ഫണ്ടും ഉൾപ്പെടെ 15 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി., പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്ന് നിർദിഷ്ട ടെർമിനലിന്റെ സ്ഥാനം നിലവിലെ ഗാരേജിൽനിന്ന് കെ.എസ്.ആർ.ടി.സി.യുടെ നിലവിലുള്ള ഡിപ്പോ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഡിപ്പോ പ്രവർത്തനം എത്രയും വേഗം താത്കാലിക കെട്ടിടത്തിലേക്ക് മാറ്റാനും നിലവിലെ ഡിപ്പോ കെട്ടിടം പൊളിക്കാനുള്ള പ്രവർത്തികൾ ആരംഭിക്കാനും തീരുമാനിച്ചു.
വിക്ടോറിയ ആശുപത്രിയിലെ വികസന പദ്ധതി
വിക്ടോറിയ ആശുപത്രിയിൽ ജില്ലാ ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ വികസനവും IVF, ലാപ്രോസ്കോപ്പി സെന്ററിനായുള്ള കെട്ടിട സൗകര്യങ്ങളും ഒരുക്കുന്നയാണ് പദ്ധതി. ഭരണാനുമതി ലഭിച്ച പദ്ധതി തുടർനടപടികൾക്കായി സർക്കാരിന്റെ അംഗീകാരത്തിനും അധിക അനുമതിക്കുമായി സമർപ്പിച്ചിരിക്കുകയാണ്.
കൊല്ലം കോടതി സമുച്ചയം
കൊല്ലത്ത് കോടതി സമുച്ചയത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി പുതിയ കെട്ടിടം നിർമിക്കുന്ന പദ്ധതിക്ക് 78.20 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉന്നതതലയോഗം ചേർന്ന് ചർച്ച നടത്താൻ തീരുമാനിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ റീജിയണൽ, ജില്ലാ ഓഫീസ്
കൊല്ലത്ത് കേരള പി.എസ്.സി.യുടെ റീജിയണൽ, ജില്ലാ ഓഫീസുകൾക്കായുള്ള പുതിയ കെട്ടിട നിർമാണത്തിന് 12.34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 9.31 കോടി രൂപയാണ് കരാർ തുക. നിലവിൽ പ്ലാസ്റ്ററിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഫ്ലോറിങ്, പെയിന്റിങ് പ്രവൃത്തികൾ കൂടി പൂർത്തിയാക്കാനുണ്ട്. കെട്ടിടം പൂർണമായും പ്രവർത്തനസജ്ജമാക്കുന്നതിന് അഗ്നിശമന സംവിധാനങ്ങൾക്ക് വേണ്ട തുക വേഗത്തിൽ ലഭ്യമാക്കും.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 99.99 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെട്ടിടം പൊളിക്കുന്നതിനുള്ള ലേല നടപടികൾ എത്രയും വേഗം പൂർത്തിയാക്കി നിർമാണ പ്രവർത്തികൾ തുടക്കമാകും.
സർക്കാർ ഗസ്റ്റ് ഹൗസ് പൈതൃക കെട്ടിടത്തിന്റെ നവീകരണം
കൊല്ലം സർക്കാർ ഗസ്റ്റ് ഹൗസിലെ പൈതൃക കെട്ടിടത്തിന്റെ നവീകരണത്തിന് ഏകദേശം 6.75 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ട്. പ്രവൃത്തി പുരോഗമിക്കുകയാണ്. മരപ്പണികൾ 90 ശതമാനത്തോളം പൂർത്തിയായി. എ.സി. പ്രവൃത്തികളും സെപ്റ്റിക് ടാങ്ക് പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. സീലിങ് പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ലാൻഡ്സ്കേപ്പിങ് പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
പെരുമൺ സഹകരണ എൻജിനീയറിങ് കോളേജ്
കൊല്ലം പെരുമൺ സഹകരണ എൻജിനീയറിങ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിർമിക്കുന്നതിന് 4.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കൊല്ലം നിയോജകമണ്ഡലത്തിലെ വിവിധ ബി.എം, ബി.സി റോഡ് പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ വിമുഖത കാണിക്കുന്ന സാഹചര്യവും യോഗം വിശദമായി ചർച്ച ചെയ്തു. ഈ സാഹചര്യത്തിൽ നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിനനുസൃതമായി നിരക്കുകൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഐറ്റം റേറ്റ് നിശ്ചയിക്കുന്നതിനുള്ള കോസ്റ്റ് ഇൻഡക്സ് പ്രാദേശികമായി, താലൂക്ക് അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും നിർദേശിച്ചു. ഇത് സാധ്യമല്ലെങ്കിൽ നിർമാണ സാമഗ്രികൾക്ക് ഉയർന്ന വിലയുള്ള പ്രദേശങ്ങളിലെ പ്രവൃത്തികൾക്ക് സർക്കാർ തലത്തിൽ ടെൻഡർ അനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പ്രധാന ജംഗ്ഷനുകളുടെ വികസനത്തിന് പ്രത്യേക പരിഗണന
നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ വീതി കൂട്ടുന്നതിനും വികസിപ്പിക്കുന്നതിനും പ്രത്യേക നടപടി സ്വീകരിക്കും. കടപ്പാക്കട ജംഗ്ഷൻ നവീകരണത്തിന് അനുമതി ലഭിച്ചതായി മന്ത്രി യോഗത്തിൽ അറിയിച്ചു. രാമവർമ്മ ക്ലബ് ജംഗ്ഷൻ, മുണ്ടാലുമൂട് ജംഗ്ഷൻ, ആശ്രാമം മുനിസിപ്പൽ കോർപ്പറേഷൻ ജംഗ്ഷൻ, അഞ്ചാലുംമൂട് ജംഗ്ഷൻ, കൊച്ചുപിലാമൂട് ജംഗ്ഷൻ എന്നിവിടങ്ങളിൽ ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടത്തി ജംഗ്ഷനുകളുടെ വികസനം സാധ്യമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
ആശ്രാമം ലിങ്ക് റോഡിന്റെ അപ്രോച്ച് റോഡായി ഉപയോഗിക്കുന്ന ഓലയിലിലെ റോഡ് ഭാഗത്ത് സ്ഥലമേറ്റെടുത്ത് റോഡിന്റെ വീതി കൂട്ടുന്നതിനും നടപടി സ്വീകരിക്കണം. ഹൈസ്കൂൾ ജംഗ്ഷൻ–കടവൂർ റോഡ് ദേശീയപാതയിൽനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ റോഡിന്റെ വീതി വർധിപ്പിക്കുന്നതിനും ദേശീയപാതയിൽനിന്ന് ഒഴിവാക്കപ്പെട്ട കാവനാട് മേവറം റോഡ് 21 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തിരുമുല്ലവാരം തീരത്തേക്കുള്ള കൊല്ലം ബസ് സ്റ്റാൻഡ്–തിരുമുല്ലവാരം റോഡ് 11 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. കൊല്ലം നിയോജകമണ്ഡലത്തിലെ പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർമാണപ്രവൃത്തികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് യോഗം നിർദേശിച്ചു. ഫണ്ട് ലഭ്യത, കുടിശ്ശിക ബില്ലുകൾ, ഭൂമി ഏറ്റെടുക്കൽ, സാങ്കേതികാനുമതി, ടെൻഡർ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനാണ് യോഗം ലക്ഷ്യമിട്ടത്

യോഗത്തിൽ പൊതുമരാമത്ത് റോഡ്സ് ചീഫ് എൻജിനീയർ അൻസാർ, ബിൽഡിംഗ് ചീഫ് എൻജിനീയർ ബിന്ദു കെ.റ്റി, കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ ദീപ എസ്, എൻഎച്ച് ചീഫ് എൻജിനീയർ ഐസക്ക് വർഗീസ്, ചീഫ് ആർക്കിടെക്റ്റ് ഗിരീഷ്, ഡിസൈൻ ചീഫ് എൻജിനീയർ സുജാറാണി, ബ്രിഡ്ജസ് ചീഫ് എൻജിനീയർ ഹൈജിൻ ആൽബർട്ട്, ചീഫ് എൻജിനീയർ അശോക് കുമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.




