മാംസഭോജിയല്ല, പഴംതീനി ദിനോസർ! 6.6 കോടി വർഷം പഴക്കമുള്ള പുതിയ ഇനത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

ഏകദേശം 6.6 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളെക്കുറിച്ചുള്ള ധാരണകളിൽ പുതിയ വെളിച്ചം വീശുന്ന കണ്ടെത്തലുമായി ഗവേഷകർ. മാംസം ഭക്ഷിക്കുന്ന ദിനോസറുകളുടെ വിഭാഗത്തിൽപ്പെട്ടിട്ടും പഴങ്ങൾ പ്രധാന ആഹാരമാക്കിയിരുന്ന പുതിയ ഇനം ദിനോസറിന്റെ ഫോസിലുകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ‘ഇൻഫെർണോഗല്ലസ് ജെയിംസി’ (Infernogallus jamesi) എന്ന് പേരിട്ടിരിക്കുന്ന ഈ ദിനോസർ വടക്കേ അമേരിക്കൻ ഭൂപ്രദേശങ്ങളിലാണ് ജീവിച്ചിരുന്നത്.

ദിനോസറുകൾക്കിടയിലെ ഭക്ഷണവൈവിധ്യത്തെക്കുറിച്ച് പുതിയ സൂചനകൾ നൽകുന്നതാണ് ഈ കണ്ടെത്തൽ. പഠനം പ്രമുഖ ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ദിനോസറുകൾ വ്യത്യസ്ത ജീവിതരീതികൾ സ്വീകരിച്ചിരുന്നതായി നേരത്തെ അറിയാമായിരുന്നെങ്കിലും പഴങ്ങൾ ഭക്ഷിച്ചിരുന്ന ദിനോസറിന്റെ കണ്ടെത്തൽ അപ്രതീക്ഷിതമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു.

സ്റ്റോണി ബ്രൂക്ക് സർവകലാശാലയിലെ അനാട്ടമിക്കൽ സയൻസസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗ്രിഗറി ഫൺസ്റ്റണിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിലാണ് ഈ സവിശേഷതകൾ തിരിച്ചറിഞ്ഞത്.

അമേരിക്കയിലെ മൊണ്ടാന, നോർത്ത് ഡക്കോട്ട തുടങ്ങിയ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹെൽ ക്രീക്ക് ഫോർമേഷനിൽനിന്നാണ് ദിനോസറിന്റെ ഫോസിലുകൾ ലഭിച്ചത്. ഈ പ്രദേശത്തിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ‘ഹെൽ ചിക്കൻ’ എന്നർഥം വരുന്ന ഇൻഫെർണോഗല്ലസ് എന്ന പേര് നൽകിയത്.

ഏകദേശം അഞ്ചടി നീളവും 11.3 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന ചെറിയ ദിനോസറായിരുന്നു ഇത്. ടിറാനോസോറസ് റെക്സ് ഉൾപ്പെടുന്ന മാംസഭോജി ദിനോസറുകളുടെ തെറോപോഡ് (Theropod) വിഭാഗത്തിലാണ് ഇൻഫെർണോഗല്ലസിനും സ്ഥാനം. എന്നാൽ ഈ വിഭാഗത്തിലെ മറ്റു ദിനോസറുകളിൽനിന്ന് വ്യത്യസ്തമായി പഴങ്ങളായിരുന്നു ഇതിന്റെ പ്രധാന ഭക്ഷണം.

പഴങ്ങൾ ഭക്ഷിക്കാൻ പ്രത്യേക താടിയെല്ല്

ദിനോസറിന്റെ തലയോട്ടിയുടെയും വായയുടെയും ഘടന വിശദമായി പരിശോധിച്ചപ്പോഴാണ് പഴങ്ങൾ ഭക്ഷിക്കാൻ സഹായിക്കുന്ന സവിശേഷമായ ശരീരഘടന ഗവേഷകർ തിരിച്ചറിഞ്ഞത്. ചവയ്ക്കുന്ന സമയത്ത് താടിയെല്ലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാൻ സഹായിക്കുന്ന രീതിയിലായിരുന്നു പേശികളുടെ ക്രമീകരണം. പഴങ്ങളുടെ മൃദുവായ ഭാഗങ്ങളിൽനിന്ന് വിത്തുകൾ വേർതിരിച്ചെടുക്കാൻ ഈ സംവിധാനം സഹായിച്ചിരുന്നുവെന്നാണ് നിഗമനം.

ആമകളിലും തത്തകളിലും ഇത്തരം സവിശേഷതകൾ പ്രത്യേകം കാണാറുണ്ട്. എന്നാൽ ഈ രണ്ട് പ്രത്യേകതകളും ഒരേ ജീവിയിൽ ഒരുമിച്ച് കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഏതൊക്കെ പഴങ്ങളായിരിക്കാം ഭക്ഷണം?

ഇൻഫെർണോഗല്ലസ് ഏതൊക്കെ പഴങ്ങളാണ് ഭക്ഷിച്ചിരുന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. വിവിധയിനം ബെറികൾ, പീച്ച്, ഒലിവ് തുടങ്ങിയ പഴങ്ങൾ ഇതിന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം.

സസ്യങ്ങളുടെ വിത്തുകൾ വ്യാപിക്കുന്നതിലും ഈ ദിനോസറുകൾക്ക് പങ്കുണ്ടായിരുന്നിരിക്കാമെന്നതാണ് കണ്ടെത്തലിലെ മറ്റൊരു പ്രധാന സൂചന. പഴങ്ങൾ ഭക്ഷിച്ചശേഷം വിത്തുകൾ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ പുഷ്പിക്കുന്ന സസ്യങ്ങളുടെ വ്യാപനത്തിന് ഇൻഫെർണോഗല്ലസ് സഹായിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.

അക്കാലത്ത് ഉപോഷ്ണമേഖലാ കാലാവസ്ഥ നിലനിന്നിരുന്ന തീരസമതലങ്ങളിലായിരുന്നു ഇവയുടെ ആവാസകേന്ദ്രം. ട്രൈസെറാടോപ്സ്, ആങ്കിലോസോറസ്, ടിറാനോസോറസ് റെക്സ് തുടങ്ങിയ പ്രശസ്ത ദിനോസറുകൾക്കൊപ്പമാണ് ഇവയും ജീവിച്ചിരുന്നത്. ഇന്നത്തെ പക്ഷികളെപ്പോലെ ശരീരത്തിൽ തൂവലുകളുണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ അനുമാനിക്കുന്നു.

മാംസഭോജികളായ ദിനോസറുകളുടെ വിഭാഗത്തിൽപ്പെട്ട ഒരു ജീവി പഴങ്ങൾ ഭക്ഷിച്ചിരുന്നുവെന്ന കണ്ടെത്തൽ, ദിനോസറുകളുടെ പരിണാമത്തെയും ഭക്ഷണശീലങ്ങളെയും കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ ദിശ നൽകുന്നതാണ്.

Follow Our Facebook Page
Enable Notifications OK No thanks