ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് മൃഗശാലയിൽ അപൂർവ നേട്ടം. നീണ്ട 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം സതേൺ കാസോവാരിയുടെ തിളക്കമുള്ള പച്ചനിറത്തിലുള്ള മുട്ട കണ്ടെത്തി. നിയോൺ രത്നത്തെ ഓർമിപ്പിക്കുന്ന നിറത്തിലുള്ള മുട്ടയുടെ കണ്ടെത്തൽ മൃഗശാല അധികൃതർക്കും വലിയ ആവേശമായിരിക്കുകയാണ്. മുട്ടയ്ക്ക് ഈ അസാധാരണ നിറം നൽകുന്നത് ‘ബിലിവർഡിൻ’ എന്ന പ്രകൃതിദത്ത വർണവസ്തുവാണ്.
അഡ്ലെയ്ഡ് മൃഗശാലയിൽ കാസോവാരി കുഞ്ഞ് വിരിഞ്ഞത് ആദ്യമായി 1968-ലാണ്. 1992-ൽ ആറ് കുഞ്ഞുങ്ങൾ കൂടി ജനിച്ചു. എന്നാൽ, അതിനുശേഷം മൃഗശാലയിൽ കാസോവാരിയുടെ മുട്ട കണ്ടെത്താനായിരുന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ബേർഡ്സ് ആൻഡ് ഫ്രീ ഫ്ലൈറ്റ് ടീം സൂപ്പർവൈസർ എറിൻ ആണ് പുതിയ മുട്ട കണ്ടെത്തിയത്.
പത്ത് വയസ്സുള്ള മാർട്ടിന, പതിമൂന്ന് വയസ്സുള്ള ജെഫ്രി എന്നീ കാസോവാരികളുടേതാണ് മുട്ട. ഈ വർഷം ഓഗസ്റ്റിലാണ് ഇരുപക്ഷികളെയും മൃഗശാല അധികൃതർ ആദ്യമായി ഒരുമിച്ച് പാർപ്പിച്ചത്. അതിനുശേഷം മുട്ട കണ്ടെത്താനായത് പ്രജനനശ്രമത്തിലെ സുപ്രധാന നേട്ടമായാണ് അധികൃതർ കാണുന്നത്.
അഡ്ലെയ്ഡ് മൃഗശാലയിൽ വിജയകരമായി കാസോവാരി കുഞ്ഞുങ്ങൾ ജനിച്ചിട്ട് 34 വർഷമായെന്നും പുതിയ കണ്ടെത്തൽ ഏറെ ആവേശം നൽകുന്നതാണെന്നും എറിൻ മൃഗശാലയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
എന്തുകൊണ്ടാണ് കാസോവാരി മുട്ടകൾക്ക് പച്ചനിറം?
കാസോവാരി മുട്ടകളുടെ തിളക്കമുള്ള പച്ചനിറത്തിന് പിന്നിൽ ബിലിവർഡിൻ എന്ന പിഗ്മെന്റാണ്. ഇടതൂർന്ന മഴക്കാടുകളിൽ ജീവിക്കുന്ന ഈ പക്ഷികൾ സാധാരണയായി ഇലകൾക്കിടയിലാണ് മുട്ടയിടുന്നത്. ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരാൻ സഹായിക്കുന്ന പച്ചനിറം മുട്ടകളെ ഇരപിടിയന്മാരുടെ ശ്രദ്ധയിൽപ്പെടാതെ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
മുട്ടയുടെ വലുപ്പവും ഭാരവും മറ്റൊരു പ്രത്യേകതയാണ്. ഐഎഫ്എൽ സയൻസിന്റെ റിപ്പോർട്ട് പ്രകാരം, കാസോവാരി മുട്ടയ്ക്ക് ഏകദേശം 580 ഗ്രാം ഭാരമുണ്ടാകും. ഇത് സാധാരണ വലുപ്പത്തിലുള്ള പത്ത് കോഴിമുട്ടകളുടെ ആകെ ഭാരത്തിന് തുല്യമാണ്.
നോർത്തേൺ കാസോവാരി, സതേൺ കാസോവാരി, ഡ്വാർഫ് കാസോവാരി എന്നിങ്ങനെ മൂന്ന് പ്രധാന ഇനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പക്ഷികളിൽ മൂന്നാം സ്ഥാനത്തുള്ള കാസോവാരികൾക്ക് രൂപത്തിലും പ്രജനനരീതിയിലും നിരവധി സവിശേഷതകളുണ്ട്.
മുട്ട വിരിയിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും ആൺപക്ഷികൾ
കാസോവാരികളുടെ പ്രജനനരീതിയും കൗതുകകരമാണ്. പെൺപക്ഷികൾ മുട്ടയിട്ടശേഷം അവയുടെ സംരക്ഷണത്തിൽ സജീവമായി പങ്കെടുക്കാറില്ല. മുട്ടകൾക്ക് അടയിരിക്കുന്നതും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും ആൺപക്ഷികളാണ്.
അതേസമയം, കാസോവാരികളെ ലോകത്തിലെ അപകടകാരികളായ പക്ഷികളിൽ ഒന്നായി കണക്കാക്കുന്നു. ശക്തമായ കാലുകളും കൂർത്ത നഖങ്ങളുമാണ് ഇവയുടെ പ്രധാന പ്രതിരോധായുധങ്ങൾ. അതിനാൽ, ഈ പക്ഷികളോട് അടുത്തിടപഴകുമ്പോൾ പ്രത്യേക ജാഗ്രത ആവശ്യമാണ്.

