കൊല്ലം: ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിക്കു പിന്നാലെ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത് വൻ കള്ളനോട്ട് നിർമാണത്തിനുള്ള ഒരുക്കങ്ങൾ. കൊല്ലം വാടി കല്ലേലിവയൽ സ്വദേശി സിബിയോണിന്റെ വീട്ടിൽനിന്ന് കള്ളനോട്ടുകളും അച്ചടിക്കാനുള്ള ഉപകരണങ്ങളും നോട്ട് എണ്ണുന്ന യന്ത്രവും പൊലീസ് പിടിച്ചെടുത്തു. രണ്ടര കോടിയോളം രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ ആവശ്യമായ സാമഗ്രികളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.
സിബിയോണിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഭാര്യയുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് സിബിയോൺ സ്റ്റേഷനിൽ നേരിട്ടെത്തി. തന്നെ തട്ടിക്കൊണ്ടുപോയവർ വിട്ടയച്ചതായും ഇയാൾ അറിയിച്ചു. ഇതോടെ പൊലീസ് ഒഴിവാക്കിയ കേസിൽ കൊല്ലം ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരമാണ് പുതിയ അന്വേഷണത്തിന് വഴിതുറന്നത്.
തുടർന്ന് സിബിയോണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ മുറിച്ചുവച്ച പേപ്പർ കെട്ടുകളും പ്രിന്ററും നോട്ട് എണ്ണുന്ന മെഷീനും കണ്ടെത്തി. പേപ്പർ കെട്ടുകളുടെ വശങ്ങളിൽ 500 രൂപ നോട്ടിന്റെ ഡിസൈൻ അച്ചടിച്ച നിലയിലായിരുന്നു. കള്ളനോട്ട് നിർമാണത്തിന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന സാമഗ്രികൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 45 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും കണ്ടെടുത്തു. സംഭവത്തിനു പിന്നിൽ വലിയ കള്ളനോട്ട് ശൃംഖലയുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സിബിയോണിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കള്ളനോട്ട് നിർമാണത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതിനെക്കുറിച്ചും വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

