ദിവസവും രണ്ടുനേരം പല്ലുതേയ്ക്കുന്നത് ദന്തശുചിത്വത്തിന്റെ ഭാഗമാണെങ്കിലും, അത് ശരിയായ രീതിയിലാണോ ചെയ്യുന്നതെന്ന കാര്യത്തിൽ പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. കൂടുതൽ സമയം ബ്രഷ് ചെയ്യുന്നതും ബ്രഷിൽ നിറയെ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും പല്ലുകൾക്ക് കൂടുതൽ തിളക്കവും വൃത്തിയും നൽകുമെന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇത്തരം ശീലങ്ങൾ ഗുണത്തേക്കാൾ ദോഷം വരുത്തിയേക്കാം. പല്ലുകളുടെയും മോണകളുടെയും ആരോഗ്യം സംരക്ഷിക്കാൻ ബ്രഷ് ചെയ്യുന്ന രീതിയിലും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റുമാനൂർ തീർഥാസ് ടൂത്ത് അഫയർ ഡെന്റൽ ക്ലിനിക് ആൻഡ് സിബിസിടി സെന്ററിലെ ചീഫ് ഡെന്റൽ സർജനായ ഡോ. തീർഥ ഹേമന്ത് പങ്കുവയ്ക്കുന്ന നിർദേശങ്ങൾ ദന്തസംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു.
ബ്രഷ് മാറ്റേണ്ടത് എപ്പോൾ?
ഒരേ ടൂത്ത് ബ്രഷ് ദീർഘകാലം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സാധാരണയായി രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ബ്രഷ് മാറ്റുന്നതാണ് ഉചിതം. ഉപയോഗം കൂടുന്നതിനനുസരിച്ച് ബ്രഷിലെ നാരുകൾ വളയുകയും തേയ്മാനം സംഭവിക്കുകയും ചെയ്യും. ഇത് പല്ലുകൾ ഫലപ്രദമായി വൃത്തിയാക്കാനുള്ള ശേഷി കുറയ്ക്കാം. നാരുകൾ നേരത്തേ കേടായാൽ നിശ്ചിത കാലയളവ് പൂർത്തിയാകുന്നതിന് മുമ്പുതന്നെ പുതിയ ബ്രഷ് ഉപയോഗിച്ചുതുടങ്ങണം.
രണ്ട് മിനിറ്റ് മതി, അമിതമായി ഉരയ്ക്കേണ്ട
കൂടുതൽ നേരം പല്ലുതേച്ചാൽ കൂടുതൽ വൃത്തിയാകുമെന്ന ധാരണ ശരിയല്ല. ഓരോ തവണയും ഏകദേശം രണ്ട് മിനിറ്റ് നേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുന്നതാണ് പ്രധാനം. പല്ലുകളിൽ അമിതമായി സമ്മർദം ചെലുത്തി ഉരയ്ക്കുന്നത് ഇനാമലിനും മോണകൾക്കും കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ മൃദുവായ നാരുകളുള്ള സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗങ്ങളും ശ്രദ്ധയോടെ വൃത്തിയാക്കണം.
ബ്രഷിൽ എത്ര പേസ്റ്റ് ഉപയോഗിക്കണം?
ബ്രഷിന്റെ തല മുഴുവൻ നിറയുന്ന രീതിയിൽ ടൂത്ത് പേസ്റ്റ് എടുക്കേണ്ടതില്ല. പേസ്റ്റിന്റെ അളവ് കൂട്ടിയതുകൊണ്ട് പല്ലുകൾ കൂടുതൽ വെളുക്കണമെന്നില്ല. മുതിർന്നവർക്ക് പയറുമണിയുടെ വലുപ്പത്തിലുള്ള ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് മതിയാകും. കൂടുതൽ പേസ്റ്റ് ഉപയോഗിക്കുന്നതിനേക്കാൾ ശരിയായ രീതിയിൽ ബ്രഷ് ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
രാവിലെയും രാത്രിയും ബ്രഷ് ചെയ്യണം
ദിവസത്തിൽ കുറഞ്ഞത് രണ്ടുതവണ പല്ലുതേയ്ക്കുന്നത് ശീലമാക്കണം. രാവിലെ എഴുന്നേറ്റശേഷവും രാത്രി ഉറങ്ങുന്നതിന് മുമ്പും ബ്രഷ് ചെയ്യുന്നതാണ് ഉചിതം. പ്രത്യേകിച്ച് രാത്രിയിലെ ബ്രഷിങ് ഒഴിവാക്കരുത്. പല്ലുകളിൽ അടിഞ്ഞുകൂടുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാക്കും നീക്കം ചെയ്യാൻ ഇത് സഹായിക്കും.
വൈറ്റനിങ് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
പല്ലുകൾക്ക് കൂടുതൽ വെളുപ്പുനിറം നൽകുമെന്ന് അവകാശപ്പെടുന്ന നിരവധി ടൂത്ത് പേസ്റ്റുകൾ വിപണിയിലുണ്ട്. എന്നാൽ, എല്ലാ ഉൽപ്പന്നങ്ങളും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. പല്ലുകളുടെ ആരോഗ്യസ്ഥിതിയും സെൻസിറ്റിവിറ്റിയും കണക്കിലെടുത്ത് ദന്തഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം പേസ്റ്റുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
പ്രശ്നങ്ങളില്ലെങ്കിലും ദന്തപരിശോധന വേണം
പല്ലുവേദനയോ മോണയിലെ അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ മാത്രം ദന്തഡോക്ടറെ സമീപിക്കുന്നതാണ് പലരുടെയും രീതി. എന്നാൽ, ലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നത് ദന്തപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. സാധാരണയായി ആറുമാസത്തിലൊരിക്കൽ ദന്തപരിശോധന നടത്താം. ആവശ്യാനുസരണം പല്ലുകൾ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം. വ്യക്തിയുടെ ദന്താരോഗ്യസ്ഥിതിക്കനുസരിച്ച് പരിശോധനയുടെ ഇടവേളയിൽ മാറ്റം വരാം.
പാൽപ്പല്ലുകളെ അവഗണിക്കരുത്
കൊഴിഞ്ഞുപോകാനുള്ളതാണെന്ന കാരണത്താൽ കുട്ടികളുടെ പാൽപ്പല്ലുകളുടെ സംരക്ഷണം അവഗണിക്കരുത്. സ്ഥിരപല്ലുകളുടെ വളർച്ചയ്ക്കും ശരിയായ സ്ഥാനക്രമത്തിനും പാൽപ്പല്ലുകൾക്ക് പ്രധാന പങ്കുണ്ട്. അതിനാൽ കുട്ടിക്കാലം മുതൽ തന്നെ ശരിയായ ദന്തശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കണം.
മോണയിൽനിന്ന് രക്തം വന്നാൽ ശ്രദ്ധിക്കണം
പല്ലുതേയ്ക്കുമ്പോൾ മോണയിൽനിന്ന് രക്തം വരുന്നത് അവഗണിക്കരുത്. മോണയിലെ വീക്കമോ മോണരോഗമോ ഇതിന് കാരണമാകാം. അമിതമായി സമ്മർദം ചെലുത്തി ബ്രഷ് ചെയ്യുന്നതും രക്തസ്രാവത്തിന് ഇടയാക്കാം. അതിനാൽ കാരണം കണ്ടെത്തുന്നതിനായി ദന്തഡോക്ടറുടെ പരിശോധന തേടണം.
അതുപോലെ, പല്ലുവേദന അനുഭവപ്പെടുമ്പോൾ സ്വയം മരുന്നുകൾ കഴിച്ച് താൽക്കാലിക ആശ്വാസം തേടുന്നതും ഒഴിവാക്കണം. വേദനയുടെ യഥാർഥ കാരണം കണ്ടെത്തി അതിനനുസരിച്ചുള്ള ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്.
ദിവസവും പല്ലുതേയ്ക്കുക എന്ന ശീലം മാത്രം പോരാ, അത് ശരിയായ രീതിയിൽ ചെയ്യുകയും ദന്താരോഗ്യത്തിന് ആവശ്യമായ പരിചരണം നൽകുകയും വേണം. ചെറിയ ശീലങ്ങളിലെ മാറ്റങ്ങളിലൂടെ പല്ലുകളുടെയും മോണകളുടെയും ആരോഗ്യം ദീർഘകാലം സംരക്ഷിക്കാം.

