70 കുട്ടികളുടെ പിതാവ്, എന്നാൽ സ്വന്തം മക്കളിൽ പലരുടെയും പേരുകൾ പോലും ഓർമയില്ല. വിശപ്പും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തിനിടെ കുടുംബത്തെ പോറ്റാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ സ്വദേശി മുഹമ്മദ് സാദിഖ്. 70 കുട്ടികളിൽ 58 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഇത്രയും വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം തുറന്നുപറയുന്നു.
ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് സാദിഖ് വെളിപ്പെടുത്തിയത്. മക്കളുടെയെല്ലാം പേരുകൾ ഓർമയില്ലെന്നും പലപ്പോഴും ‘മോനെ’ അല്ലെങ്കിൽ ‘കുട്ടി’ എന്നൊക്കെയാണ് അവരെ വിളിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിലെ ദാരിദ്ര്യം കുട്ടികളുടെ ദൈനംദിന ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. പല ദിവസങ്ങളിലും കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാൻ കഴിയാറില്ല. വിശന്ന വയറുമായി ഉറങ്ങാൻ പോകേണ്ടിവരുന്ന മക്കളിൽ ഭൂരിഭാഗത്തിനും കാലിൽ ധരിക്കാൻ ഷൂസ് പോലുമില്ല. റിപ്പോർട്ടുകൾ പ്രകാരം സാദിഖിന്റെ ഏറ്റവും ഇളയ കുഞ്ഞിന് വെറും മൂന്ന് മാസം മാത്രമാണ് പ്രായം.
സാദിഖ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ കുടുംബം താമസിക്കുന്ന വീടിന്റെ ദുരിതാവസ്ഥയും വ്യക്തമാണ്. വാതിലുകളും ജനലുകളും ഇല്ലാത്ത മുറികളാണ് വീട്ടിലുള്ളത്. മുറികൾ തമ്മിൽ വേർതിരിക്കാൻ കർട്ടനുകളാണ് ഉപയോഗിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ പേപ്പർ കത്തിച്ചാണ് തീ ഉണ്ടാക്കുന്നത്. വീട്ടിൽ അടുപ്പുണ്ടെങ്കിലും വിറക് വാങ്ങാനോ കണ്ടെത്താനോ കഴിയാത്തതിനാൽ അത് ഉപയോഗിക്കാൻ സാധിക്കുന്നില്ല.
നാല് ഭാര്യമാരുണ്ടെന്നും ചെറുപ്പകാലത്താണ് അവരെ വിവാഹം കഴിച്ചതെന്നും സാദിഖ് അഭിമുഖത്തിൽ പറഞ്ഞു. ഭാര്യമാർക്ക് പ്രായം കുറവായിരുന്ന സമയത്ത് കുട്ടികളെ പരിചരിക്കുന്നതിലും മുലയൂട്ടുന്നതിലുമുള്ള അറിവില്ലായ്മ ചില കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മക്കളുടെ സംരക്ഷണത്തിൽ തനിക്ക് വലിയ ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നും എന്നാൽ അത് നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും സാദിഖ് സമ്മതിക്കുന്നു.
ഒരു കാർ ഡീലർഷിപ്പിലാണ് സാദിഖ് ജോലി ചെയ്യുന്നത്. വിൽക്കുന്ന ഓരോ കാറിനും 1,000 അഫ്ഗാനി (ഏകദേശം 1,469 ഇന്ത്യൻ രൂപ) മാത്രമാണ് കമ്മിഷനായി ലഭിക്കുന്നത്. ഇത്രയും വലിയ കുടുംബത്തിന്റെ ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഈ വരുമാനം മതിയാകുന്നില്ല.
കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കടുത്ത നിരാശയിലാണ് സാദിഖ്. വരാനിരിക്കുന്ന ജീവിതം ഇത്രത്തോളം ദുരിതപൂർണമാകുമെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഇത്രയധികം കുട്ടികളുടെ പിതാവാകുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച് നേരിടേണ്ടിവരുന്ന സാദിഖിന്റെ ജീവിതം അഫ്ഗാനിസ്ഥാനിലെ ദാരിദ്ര്യത്തിന്റെ മറ്റൊരു നേർക്കാഴ്ചയായി മാറുകയാണ്.

