ടെഹ്റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി വൈസ് ചെയർമാൻ അഹ്മദ് ഹയാത്ത് മൊഗദ്ദം അറിയിച്ചു.

നവംബർ മൂന്നിന് സാമ്പത്തിക, സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാല് രാജ്യങ്ങൾക്കും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇളവുകൾ അനുവദിച്ചതെന്നും ഓരോ രാജ്യത്തിനും തീരുമാനത്തിന് പിന്നിൽ വ്യത്യസ്ത കാരണങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഈ കപ്പലുകളുടെ യാത്രയിൽ അമേരിക്കയും തടസ്സം സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനിലേക്ക് ആവശ്യമായ മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കുന്നതിനാണ് ഇന്ത്യയുടെ കപ്പലുകൾക്ക് ഇളവ് നൽകിയതെന്നാണ് മൊഗദ്ദമിന്റെ വിശദീകരണം. ചൈനയ്ക്ക് അനുമതി നൽകിയത് ബെയ്ജിങ്ങിന്റെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് ഇറാൻ പ്രത്യേക ഫീസ് ഈടാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങളും പ്രത്യേക ധാരണകളുമാണ് ഇത്തരം ഇളവുകൾക്ക് അടിസ്ഥാനമെന്നും മൊഗദ്ദം കൂട്ടിച്ചേർത്തു.
”ഞങ്ങൾ വ്യാപാര ഇടപാടുകൾ നടത്തുകയാണ്. ഓരോ ഇളവിനും അതിന്റേതായ കാരണങ്ങളുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഈ ഇളവ് ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.




