ഇറാനിലെ രഹസ്യ ആണവനിലയം അമേരിക്ക ലക്ഷ്യമിടുമോ? ആക്രമണമുണ്ടായാൽ ഇന്ത്യയിലും വികിരണ ഭീഷണി

ന്യൂഡൽഹി: ഇറാനിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവകേന്ദ്രമായ പിക്ക്ആക്സ് പർവതം അമേരിക്കയുടെ അടുത്ത ലക്ഷ്യമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇത്തരമൊരു ആക്രമണം ഉണ്ടായാൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പാകിസ്താനിലേക്കും ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്.

ഇറാന്റെ ആണവശേഷിയുടെ ഭൂരിഭാഗവും തകർത്തതായി അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ശേഷിക്കുന്ന ഒന്നോ രണ്ടോ ആണവകേന്ദ്രങ്ങൾ കൂടി ലക്ഷ്യമിടേണ്ടിവന്നേക്കാമെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾക്ക് ഇഷ്ടമുള്ള ഏത് സമയത്തും പിക്ക്ആക്സ് പർവതത്തിന് നേരെ ആക്രമണം നടത്താൻ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം ഇറാനിലെ ഫോർഡോ, നതാൻസ് ആണവ സമുച്ചയങ്ങൾ അമേരിക്ക ആക്രമിച്ചിരുന്നു. എന്നാൽ ഇവയേക്കാൾ സങ്കീർണമായ സുരക്ഷാ സംവിധാനങ്ങളുള്ള കേന്ദ്രമാണ് പിക്ക്ആക്സ് പർവതത്തിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. പർവതത്തിനടിയിൽ ഏകദേശം 328 അടി താഴ്ചയിൽ ശക്തമായ ഗ്രാനൈറ്റ് പാറകൾക്കുള്ളിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ സാധാരണ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഇത് തകർക്കുക പ്രയാസമാണെന്നാണ് വിലയിരുത്തൽ.

ആണവായുധം പ്രയോഗിച്ചാൽ മാത്രമേ ഈ കേന്ദ്രം പൂർണമായി തകർക്കാനാകൂവെന്ന വാദവുമായി ട്രംപിന്റെ അടുത്ത അനുയായിയും മുൻ ഫോക്സ് ന്യൂസ് അവതാരകനുമായ ടക്കർ കാൾസണും രംഗത്തെത്തിയിരുന്നു. അത്തരമൊരു നീക്കം ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെയും വികിരണ ഭീഷണിയിലാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെയാണ് പിക്ക്ആക്സ് ആണവകേന്ദ്രം. ആക്രമണമുണ്ടായാൽ വികിരണങ്ങൾ എത്രത്തോളം വ്യാപിക്കുമെന്നത് സ്ഫോടനത്തിന്റെ സ്വഭാവം, കാലാവസ്ഥ, കാറ്റിന്റെ ദിശ എന്നിവയെ ആശ്രയിച്ചിരിക്കും. കാറ്റ് കിഴക്കോട്ട് വീശുന്ന സാഹചര്യമുണ്ടായാൽ പേർഷ്യൻ ഉൾക്കടൽ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിലൂടെ റേഡിയോ ആക്ടീവ് കണങ്ങൾ ഇന്ത്യയിലേക്കും എത്തിയേക്കാം. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന്റെ പരിധിയിൽ വരാമെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

എന്നാൽ, ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ ഇന്ത്യയിലേക്കുള്ള വികിരണ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലവിൽ സാധ്യതാ വിലയിരുത്തൽ മാത്രമാണ്. ടക്കർ കാൾസൺ ഉന്നയിച്ച വാദങ്ങൾക്കും ഇതുവരെ വ്യക്തമായ സ്ഥിരീകരണമോ കൃത്യമായ തെളിവുകളോ ലഭിച്ചിട്ടില്ല.

Follow Our Facebook Page
Enable Notifications OK No thanks