ഇറാനു പിന്നാലെ ക്യൂബയിലേക്ക് അമേരിക്കൻ പടനീക്കമോ?

ഫ്ലോറിഡ: ഇറാനുമായുള്ള യുദ്ധത്തിനു ശേഷം അമേരിക്കൻ യുദ്ധക്കപ്പലുകൾ ക്യൂബൻ തീരത്തേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബയിൽ സൈനിക ഇടപെടൽ നടത്താനുള്ള സാധ്യത വീണ്ടും ഉയർത്തിയ അദ്ദേഹം, അമേരിക്കയുടെ യുദ്ധക്കപ്പലുകൾ തീരത്തോട് അടുപ്പിച്ചാൽ ക്യൂബ കീഴടങ്ങുമെന്ന അവകാശവാദവും ഉന്നയിച്ചു. ദക്ഷിണ ഫ്ലോറിഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപിന്റെ പ്രസ്താവന.

ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിച്ച് മടങ്ങുന്ന അമേരിക്കൻ കപ്പലുകൾ ക്യൂബൻ തീരത്തുകൂടി സഞ്ചരിക്കുമെന്നും അതിലൊന്ന് തീരത്തുനിന്ന് വെറും 50 വാര അകലെ നിർത്തിയിടുമെന്നും ട്രംപ് പറഞ്ഞു. ഇതോടെ ക്യൂബൻ ഭരണകൂടം കൈകളുയർത്തി കീഴടങ്ങുമെന്നും പ്രശ്നം അവസാനിപ്പിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അങ്ങോട്ട് അയക്കുമെന്നും അദ്ദേഹം പരിഹാസരൂപത്തിൽ പരാമർശിച്ചു. സദസ്സിൽനിന്ന് ക്യൂബയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.

ട്രംപിന്റെ പ്രസംഗത്തിനു പിന്നാലെ ക്യൂബയിൽ മാറ്റം കൊണ്ടുവരാനുള്ള അവസരമാണിതെന്ന് റൂബിയോയും പ്രതികരിച്ചു. സിഐഎയുമായി രഹസ്യ സഹകരണത്തിലേർപ്പെട്ട് രാജ്യത്ത് തങ്ങൾ ആഗ്രഹിക്കുന്ന മാറ്റം നടപ്പാക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് ക്യൂബൻ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനുശേഷം ക്യൂബയായിരിക്കും അമേരിക്കയുടെ അടുത്ത ലക്ഷ്യമെന്ന സൂചന ട്രംപ് നേരത്തെയും നൽകിയിരുന്നു. ക്യൂബയുടെ മുൻ ഭരണാധികാരി റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്കൻ ഭരണകൂടം ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സംഘർഷം വർധിപ്പിച്ചിട്ടുണ്ട്. ക്യൂബയിൽ ഇടപെടുന്നതിനെക്കുറിച്ച് പതിറ്റാണ്ടുകളായി അമേരിക്കൻ പ്രസിഡന്റുമാർ ആലോചിച്ചിരുന്നുവെന്നും അത് നടപ്പാക്കാൻ നിയോഗിക്കപ്പെട്ടത് താനാണെന്നാണ് തോന്നുന്നതെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

അമേരിക്കയുടെ എതിരാളികളായ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ബന്ധം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് റൂബിയോയുടെ നിലപാട്. ക്യൂബയുമായുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്ന് പറയുമ്പോഴും നിലവിലെ സർക്കാരുമായി നയതന്ത്ര ഒത്തുതീർപ്പിലെത്താൻ കഴിയുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ട്രംപിന്റെ പുതിയ പ്രസ്താവന ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സമ്മർദം ശക്തമാകുമെന്ന സൂചന നൽകുന്നുണ്ടെങ്കിലും സൈനിക ഇടപെടൽ സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Enable Notifications OK No thanks