തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ ലൈസൻസ് അനുവദിക്കുന്നതിൽ സർക്കാർ നേരിട്ട് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എക്സൈസ് മന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ഉദ്യോഗസ്ഥർക്ക് ഇനി ബാർ ലൈസൻസ് നൽകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും അതിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തുടർന്നുള്ള ലൈസൻസ് അനുവദിക്കലെന്നും മുഖ്യമന്ത്രി അറിയിച്ചു.

എക്സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മിഷണർക്കും സർക്കാരിന്റെ അനുമതിയില്ലാതെ ബാർ ലൈസൻസ് നൽകാൻ കഴിയുന്ന സാഹചര്യം മുൻ സർക്കാരിന്റെ കാലത്താണ് ഉണ്ടായതെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിയെപ്പോലും അറിയിക്കാതെ ഉദ്യോഗസ്ഥർക്ക് ലൈസൻസ് അനുവദിക്കാനുള്ള അധികാരം നൽകിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയുന്നത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാം. ബാർ ലൈസൻസ് അനുവദിക്കുന്നതിൽ സർക്കാരിന് നിയന്ത്രണം വേണം. ഒരു സ്ഥാപനത്തിന് ലൈസൻസ് നൽകുമ്പോൾ സർക്കാർ ഇക്കാര്യം അറിഞ്ഞിരിക്കണം. നിലവിലുള്ള രീതി തിരുത്തി സർക്കാർ അറിഞ്ഞുകൊണ്ടു മാത്രം ലൈസൻസ് അനുവദിക്കുന്ന സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




