തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയായ ആന്ധ്രാ സ്വദേശിനി ലൈംഗികപീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് തിരുവനന്തപുരത്തെ സ്പാ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്. നഗരത്തിലെ വിവിധ സ്പാകളുടെ നടത്തിപ്പിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും സംസ്ഥാനത്തിനു പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതിൽ പങ്കാളിത്തമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് അനുരൂപ് സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഉള്ളൂർ സോണൽ ഓഫിസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് സ്പാ നടത്തിപ്പിൽ പങ്കാളിയായതെന്നാണ് വിവരം. വിഴിഞ്ഞത്ത് ജോലി ചെയ്തിരുന്ന കാലത്തും ഇയാൾക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. പിന്നീട് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.
അനുരൂപിന്റെ നാല് ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളുടെ ഉറവിടവും സ്പാ ബിസിനസുമായുള്ള ബന്ധവും പൊലീസ് പരിശോധിച്ചുവരികയാണ്.
കേസിൽ അറസ്റ്റിലായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ ആരംഭിക്കാൻ പ്രേരിപ്പിച്ചത് അനുരൂപാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിക്കുന്നതിനു മുമ്പ് അനുരൂപുമായി സംസാരിച്ചിരുന്നുവെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനുരൂപിനെ കോർപറേഷൻ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സർവീസിൽനിന്ന് പിരിച്ചുവിടുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്.
സ്പായിലെത്തിയ ഇടപാടുകാരിലേക്കും അന്വേഷണം
കോവളത്തെ സ്പായിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. ഇടപാടുകാരുടെ ജി പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, സ്പായിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ സൈബർ സംഘത്തിന് കൈമാറിയിട്ടുണ്ട്. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.
ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് നീക്കം. തുടർന്ന് തിരിച്ചറിയൽ പരേഡ് നടത്തി പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പൊലീസിന്റെ ആലോചന.
പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തിയും കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

