തിരുവനന്തപുരം: ആരോഗ്യരംഗത്ത് വൻതുക സമാഹരിച്ച് വിനിയോഗിക്കാൻ ലക്ഷ്യമിട്ട് 1000 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കാൻ നിർദേശം. 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ‘നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട്’ രൂപീകരിക്കാനാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്ക് ഫോഴ്സിനായി തയാറാക്കിയ പശ്ചാത്തലരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഗോള ആരോഗ്യരംഗത്തെ നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കേരളത്തെ ആരോഗ്യസമ്മേളനങ്ങളുടെ പ്രധാന വേദിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന് സമാനമായി സംസ്ഥാനത്ത് വർഷംതോറും ആഗോള ആരോഗ്യസമ്മേളനം സംഘടിപ്പിക്കണമെന്നാണ് ശുപാർശ.
ഫണ്ടിന്റെ വിനിയോഗത്തിൽ സംഭാവന നൽകുന്നവർക്ക് നേരിട്ട് ഇടപെടാൻ കഴിയാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പണം നൽകിയവർക്ക് തുക പ്രത്യേക ജില്ലയ്ക്കോ കരാറുകാരനോ വേണ്ടി മാറ്റിവയ്ക്കാൻ അനുമതിയുണ്ടാകില്ല. ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും ഫണ്ട് വിനിയോഗിക്കുക.
വ്യക്തികളിൽനിന്നുള്ള സംഭാവനകൾക്കു പുറമേ ഇൻഷുറൻസ് കമ്പനികൾ, ആഗോള ബാങ്കുകൾ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നിധികൾ എന്നിവയിൽനിന്നും പണം കണ്ടെത്താനാണ് ലക്ഷ്യം. ഫണ്ടിന്റെ മേൽനോട്ടത്തിനായി 15 അംഗ ഡോണേഴ്സ് കൗൺസിൽ രൂപീകരിക്കും. ഇതിൽ 10 അംഗങ്ങൾ സംഭാവന നൽകിയവരായിരിക്കും.
ആഗോള ആരോഗ്യസമ്മേളനത്തിന്റെ നടത്തിപ്പിനായി ‘വേൾഡ് ഹോളിസ്റ്റിക് ഹെൽത്ത് ഫോറം’ എന്ന സന്നദ്ധസംഘടന രൂപീകരിക്കാനും നിർദേശമുണ്ട്. സംഘടനയ്ക്ക് സർക്കാർ പിന്തുണ നൽകണമെന്നാണ് പശ്ചാത്തലരേഖയിലെ ശുപാർശ. ഏതാനും സംരംഭകർ പദ്ധതിക്കായി മൂലധനം മുടക്കുമെന്നു പറയുന്നുണ്ടെങ്കിലും അവരുടെ വിവരങ്ങൾ രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, ആരോഗ്യ ടാസ്ക് ഫോഴ്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിങ്കളാഴ്ച നിയമസഭയിൽ സിപിഎം ഉന്നയിക്കുമെന്നാണ് വിവരം.
ടാസ്ക് ഫോഴ്സ് ഘടന
മുഖ്യമന്ത്രി വി.ഡി. സതീശൻ (ചെയർമാൻ) ആരോഗ്യമന്ത്രി കെ. മുരളീധരൻ (വൈസ് ചെയർമാൻ) അംഗങ്ങൾ: ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി (കോഡിനേറ്റർ) ഡോ. ഷർമിള മേരി ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, യു.പി. മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ, ഐ.എൽ.ബി.എസ്. ചാൻസലർ ഡോ. ശിവ്കുമാർ സരിൻ, കെ.ഇ.എഫ്. ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡി. സി. ദേവീദാസ് വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, മഹാജൻ ഇമേജിങ് ആൻഡ് ലാബ്സ് ചെയർമാൻ ഡോ. ഹർഷ് മഹാജൻ, ജീവ ആയുർവേദ ചെയർമാൻ ഡോ. പ്രതാപ് ചൗഹാൻ, ഗ്ലോബൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കഞ്ചർല രവീന്ദ്രനാഥ്, റിയാക്ട് ഏഷ്യ പസഫിക് ഡയറക്ടർ ഡോ. എസ്.എസ്. ലാൽ, ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്വർക്ക് ചെയർമാൻ ഡോ. എം.വി. പിള്ള, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് (വടക്കേ അമേരിക്ക) പ്രസിഡന്റ് ഡോ. നിഷ നിഗിൽ.

