2027ൽ ഇന്ധനവിലയിൽ എന്ത് സംഭവിക്കും? ആ​ഗോളതലത്തിൽ ചർച്ചയാകുന്നത് ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം

ആഗോള എണ്ണവിലയിൽ വരും മാസങ്ങളിൽ കുറവുണ്ടാകുമെന്നും 2027ൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. പശ്ചിമേഷ്യയിൽ എണ്ണവിതരണം സാധാരണ നിലയിലേക്ക് മടങ്ങുന്നതും ആഗോളതലത്തിൽ ആവശ്യകത കുറയുന്നതും എണ്ണവിപണിയിൽ ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ. അതേസമയം, യുഎസ്–ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നത് എണ്ണവില വീണ്ടും ഉയരാനുള്ള സാധ്യതയും നിലനിർത്തുന്നുണ്ട്.

നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109.69 ഡോളറാണ്. ഈ വർഷം ഡിസംബറോടെ വില 90 ഡോളറായി കുറയുമെന്നും 2027ൽ 80 ഡോളറിലേക്ക് താഴുമെന്നും ഗോൾഡ്മാൻ സാക്സിന്റെ ഓയിൽ റിസർച്ച് വിഭാഗം മേധാവി ഡാൻ സ്ട്രുയ്‌വൻ വിലയിരുത്തുന്നു. നേരത്തെ ഡിസംബറോടെ വില 85 ഡോളറിലെത്തുമെന്നായിരുന്നു സ്ഥാപനത്തിന്റെ പ്രവചനം.

പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണക്കയറ്റുമതി വീണ്ടെടുക്കുന്നതും പേർഷ്യൻ ഗൾഫിന് പുറത്തുള്ള ഉൽപ്പാദനം വർധിക്കുന്നതും ആഗോള എണ്ണ ആവശ്യകത കുറയുന്നതുമാണ് വിപണിയിലെ വിതരണക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. സെപ്റ്റംബറോടെ എണ്ണവിപണിയിലെ വിതരണക്കുറവ് ഗണ്യമായി കുറഞ്ഞു. പ്രതിദിനം 3 ലക്ഷം ബാരൽ മാത്രമായിരുന്നു അന്ന് കുറവ്. മാർച്ചിൽ ഇത് പ്രതിദിനം 72 ലക്ഷം ബാരലായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണക്ക്.

2026ന്റെ നാലാം പാദത്തോടെ എണ്ണവിപണി മിച്ചത്തിലേക്ക് കടക്കുമെന്നും 2027ലും ഈ പ്രവണത തുടരുമെന്നും ഗോൾഡ്മാൻ സാക്സ് ഗവേഷകർ പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ അവസാനത്തോടെ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കയറ്റുമതി ഏറെക്കുറെ സാധാരണ നിലയിലായതായും റിപ്പോർട്ട് വിലയിരുത്തുന്നു. സംഘർഷത്തെ തുടർന്നുണ്ടായ പ്രതിസന്ധിയുമായി കയറ്റുമതിക്കാർ പൊരുത്തപ്പെട്ടതും ഗതാഗതശേഷി വർധിപ്പിച്ചതും വിതരണത്തിലെ പുരോഗതിക്ക് സഹായകമായി.

എണ്ണവിപണിയിൽ പ്രതീക്ഷ നൽകുന്ന സൂചനകളുണ്ടെങ്കിലും വിതരണത്തിലെ അനിശ്ചിതത്വം പൂർണമായി മാറിയിട്ടില്ല. സംഘർഷം രൂക്ഷമാകുകയോ എണ്ണക്കയറ്റുമതിയിൽ വീണ്ടും തടസ്സങ്ങളുണ്ടാകുകയോ ചെയ്താൽ വില ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ശുദ്ധീകരിച്ച എണ്ണയുടെയും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ലഭ്യത വരും മാസങ്ങളിൽ ക്രമേണ മെച്ചപ്പെടുമെന്നും ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നു.

Leave a Reply

Enable Notifications OK No thanks