ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോ ട്രാൻസിറ്റ്
അതോറിറ്റിയുടെ (CTA) ഹോളിഡേ ട്രെയിൻ നവംബർ 27 വെള്ളിയാഴ്ച സർവീസ്
ആരംഭിക്കും. ഷിക്കാഗോ സമയം വൈകിട്ട് മൂന്നിന് ഓറഞ്ച് ലൈനിലെ മിഡ്വേ
സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ആദ്യ ട്രെയിൻ ഡൗൺടൗൺ ലൂപ്പ് വഴി ഗ്രീൻ
ലൈനിലെ ഹാർലം/ലേക്ക് സ്റ്റേഷനിലെത്തും.
ആദ്യ ദിവസം ഹാർലം/ലേക്കിൽനിന്ന് വൈകിട്ട് 4.11-ന് കോട്ടേജ് ഗ്രോവിലേക്കും
അവിടെനിന്ന് 5.17-ന് ലൂപ്പ് വഴി മിഡ്വേയിലേക്കും സർവീസുണ്ടാകും. ഡിസംബർ
22 വരെ വിവിധ ദിവസങ്ങളിലായി ഷിക്കാഗോയിലെ എട്ട് CTA റെയിൽ ലൈനുകളിലും
ഹോളിഡേ ട്രെയിൻ ഓടും. അതത് റൂട്ടിലെ പതിവ് സ്റ്റേഷനുകളിൽ ട്രെയിൻ
നിർത്തും. സാധാരണ CTA യാത്രാനിരക്കാണ് ബാധകം.
നിറവെളിച്ചങ്ങളാൽ അലങ്കരിച്ച ട്രെയിനിലെ തുറന്ന കോച്ചിൽ സാന്താക്ലോസും
ഉണ്ടാകും. നവംബർ 28 ശനിയാഴ്ച ഹാർലം/ലേക്ക്, ആഷ്ലാൻഡ്/63-ാം സ്ട്രീറ്റ്,
കോട്ടേജ് ഗ്രോവ് സ്റ്റേഷനുകളിൽ സാന്തയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ
അവസരമുണ്ടാകും. സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന സമയം അറിയാൻ CTA ട്രെയിൻ
ട്രാക്കറിലെ മിഠായിക്കോൽ ചിഹ്നം നോക്കാം.
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ | Jacob Media Chicago.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

