കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തെന്ന മട്ടാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ ദുബായിൽ താമസിക്കുന്ന ഇൻഫ്ലുവൻസർ ഫഹദിനെതിരെ മട്ടാഞ്ചേരി പോലീസ് കേസെടുത്തു. കൊച്ചങ്ങാടി സ്വദേശിനിയായ 28 വയസ്സുകാരി റാഷിദ ടി എൻ ഒക്ടോബർ 21-ന് വൈകിട്ട് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ മൊഴിയെ തുടർന്നാണ് നടപടി.

പരാതി പ്രകാരം, ദുബായിലെ ഒരു കമ്പനിയുടെ ഹെർബൽ കോഫി ഉൽപ്പന്നത്തിന്റെ പ്രചാരണത്തിനായി ഫഹദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ, തന്റെ അനുവാദമില്ലാതെ തന്നെ മോശമായി ചിത്രീകരിച്ചു. ഈ വർഷം ഏപ്രിൽ 17 മുതൽ ഒക്ടോബർ 11 വരെ TikTok, YouTube, Instagram എന്നിവയിലൂടെ ഇവ പ്രചരിപ്പിച്ചതായും, ഇത് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ 78(1)(ii), ഐടി ആക്ടിലെ 67, കേരള പോലീസ് ആക്ടിലെ 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് (ക്രൈം നമ്പർ 837/2024). ഇൻസ്പെക്ടർ ഷിബിൻ കെ എ നേരിട്ട് അന്വേഷണം നടത്തും.


