സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും സാധാരണക്കാരായ ജനങ്ങൾ വിലക്കയറ്റവും നികുതിഭാരവും ജീവിതച്ചെലവുകളുടെ വർധനവും മൂലം വലിയ പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്.
എംഎൽഎമാരുടെ പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും 70,000 രൂപയിൽനിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് ഏകദേശം 1.08 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയായും വർധിപ്പിച്ചിരിക്കുകയാണ്. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഖജനാവിന് പ്രതിവർഷം 6.91 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ക്ഷേമപദ്ധതികളിലും വികസന പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സാധാരണക്കാരുടെ മേൽ അധിക സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഭരണസംവിധാനം സ്വന്തം കാര്യത്തിൽ വലിയ ഉദാരത കാണിക്കുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന് നിരക്കുന്നതല്ല.
ജനപ്രതിനിധികൾ ജനങ്ങളുടെ സേവകരാണെന്ന അടിസ്ഥാന യാഥാർഥ്യം മറക്കരുത്. ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ മനസ്സിലാക്കി മാതൃകാപരമായ ചെലവുചുരുക്കൽ നടപടികൾക്ക് നേതൃത്വം നൽകേണ്ടവർ സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നിലപാടിൽ ബിൽ പാസാക്കിയെന്നത് ഈ വിഷയത്തിൽ ജനപ്രതിനിധികൾക്കിടയിലെ പൊതുസമവായത്തെയാണ് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.



