ഫോൺ മാറ്റിയിട്ടും രക്ഷയില്ല; പിന്നാലെ മകളുടെ ഫോണും ഹാക്ക് ചെയ്തു; നാല് വർഷമായി സൈബർ ഭീഷണിയിൽ വയനാട്ടിലെ അധ്യാപിക

 

സുൽത്താൻ ബത്തേരി: ഒരു ഫോൺ മാറ്റുമ്പോൾ പ്രശ്നം അവസാനിക്കുമെന്ന് കരുതി. പിന്നാലെ പുതിയ സിം കാർഡ്, പുതിയ ഇ-മെയിൽ വിലാസം, പുതിയ ബാങ്ക് അക്കൗണ്ട്… അങ്ങനെ ഒമ്പത് തവണ എല്ലാം മാറ്റിയിട്ടും സൈബർ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായില്ല. ഒടുവിൽ മകളുടെ ഫോണിലേക്കും ആക്രമണം വ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ അധ്യാപിക സൗമ്യ.

2022-ൽ തുടങ്ങിയ സൈബർ ആക്രമണം നാലു വർഷം പിന്നിട്ടിട്ടും തുടരുകയാണ്. ഫോണുകളും ഇ-മെയിൽ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നതിനു പുറമെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെടുകയും ഫോൺ തനിയെ ഫാക്ടറി റീസെറ്റ് ആകുകയും ചെയ്യുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് സൗമ്യയുടെ പരാതി.

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുന്നതിനു പിന്നാലെ ഫോൺ പൂർണമായി റീസെറ്റ് ആകുന്നതാണ് ആവർത്തിക്കുന്നതെന്ന് സൗമ്യ പറയുന്നു. ഗൂഗിൾ പേ വൗച്ചറുകൾ ഉപയോഗിച്ച് പണം ഗെയിമിങ് ആപ്പുകളിലേക്ക് മാറ്റുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ഏകദേശം 2.5 ലക്ഷം രൂപയാണ് നഷ്ടമായത്.

ആക്രമണം തടയാൻ ഫോണുകൾക്കും സിം കാർഡുകൾക്കും പുറമെ ഇ-മെയിൽ ഐഡികളും പാസ്‌വേഡുകളും ബാങ്ക് അക്കൗണ്ടുകളും പലതവണ മാറ്റി. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ പോലും പുതുക്കി. എന്നിട്ടും അജ്ഞാത സൈബർ ആക്രമണം തുടർന്നു. സൈബർ പോലീസിന്റെയും എത്തിക്കൽ ഹാക്കർമാരുടെയും സഹായം തേടിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

സൈബർ ആക്രമണം സാമ്പത്തികമായും കുടുംബത്തെ തകർത്തു. അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടമായതോടെ ഇ.എം.ഐ. ചെക്കുകൾ മടങ്ങി. ഓരോ ദിവസവും 540 രൂപവരെ ബൗൺസ് ചാർജ് ഈടാക്കിയതോടെ നാല് ലക്ഷത്തോളം രൂപയായിരുന്ന കടം 22 ലക്ഷമായി ഉയർന്നുവെന്നാണ് സൗമ്യയുടെ വെളിപ്പെടുത്തൽ. വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് രണ്ടു മാസത്തെ വാടകയും കുടിശ്ശികയാണ്.

ഫോണിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ബയോമെട്രിക് സംവിധാനം പ്രവർത്തനരഹിതമാക്കേണ്ടിവന്നതോടെ റേഷൻ വാങ്ങുന്നതുപോലും ബുദ്ധിമുട്ടായി. കഴിഞ്ഞ ദിവസം സൈബർ സെൽ ഇടപെട്ട് പുതിയ ഇ-മെയിൽ വിലാസവും പാസ്‌വേഡും ഒരുക്കി നൽകിയെങ്കിലും മണിക്കൂറുകൾക്കകം ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ആയി.

ഇതിനുപിന്നാലെയാണ് മകളുടെ ഫോണിലും സമാനമായ സംഭവം ഉണ്ടായത്. മകളുടെ ഫോൺ റീസെറ്റ് ആകുകയും അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തതായി സൗമ്യ പറയുന്നു. സ്വന്തം ഫോൺ പോലും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഇവർ.

നാലു വർഷമായി തുടരുന്ന ദുരിതം ജീവിതം തന്നെ വഴിമുട്ടിച്ചെന്നും കുടുംബം കടുത്ത പ്രതിസന്ധിയിലാണെന്നും സൗമ്യ പറയുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സൈബർ സെല്ലും ജില്ലാ പോലീസ് മേധാവി

Enable Notifications OK No thanks