കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപിക കെ. അനുമോളെ കണ്ടെത്തിയ സംഭവത്തിൽ നാടകീയ വഴിത്തിരിവ്. 12 ദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അനുമോളെയും ഒപ്പമുണ്ടായിരുന്ന അബ്ദുൽ സമദിനെയും പൊലീസ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ അനുമോൾ കുടുംബത്തോടൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചതോടെ മാതാപിതാക്കൾക്കും ഭർത്താവിനും മക്കൾക്കുമൊപ്പം വിട്ടയച്ചു. അനുമോളെ സ്വീകരിക്കാൻ തയ്യാറാണെന്ന് ഭർത്താവ് സുഭാഷും കോടതിയെ അറിയിച്ചു.

കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. അബ്ദുൽ സമദ് അടുത്തിടെ എടുത്ത സിം കാർഡിന്റെ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പാലക്കാട്ടേക്ക് എത്തിച്ചത്. തൊട്ടിൽപാലം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കണ്ടെത്തിയത്.
വൈദ്യപരിശോധനയ്ക്കുശേഷം അനുമോളെയും അബ്ദുൽ സമദിനെയും നാദാപുരം ഡിവൈഎസ്പി ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. അനുമോൾക്ക് കൗൺസിലിങ്ങും നൽകി. തുടർന്നാണ് ഇരുവരെയും വെവ്വേറെ കോടതികളിൽ ഹാജരാക്കിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അബ്ദുൽ സമദിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് വടകര പൊലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമദിനെ വടകര കോടതിയിൽ ഹാജരാക്കിയപ്പോൾ അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. സമദിന്റെ സാന്നിധ്യമില്ലാതെ അനുമോൾക്ക് സ്വന്തം തീരുമാനം അറിയിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.
അനുമോളുടെ മാതാപിതാക്കളും ഭർത്താവും മക്കളും കോടതിയിലെത്തിയിരുന്നു. കുടുംബത്തോടൊപ്പം പോകാനാണ് ആഗ്രഹമെന്ന് അനുമോൾ അറിയിച്ചതോടെ കോടതി നടപടികൾക്കുശേഷം അവരെ കുടുംബത്തോടൊപ്പം വിട്ടയച്ചു. സമദിനെയും വടകര കോടതി കുടുംബത്തോടൊപ്പം വിട്ടയച്ചു.
കുട്ടികളെ ഉപേക്ഷിച്ചെന്ന കേസിൽ കടുത്ത നടപടിയില്ല
അനുമോൾ മക്കളെ ഉപേക്ഷിച്ചുപോയ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസ് നേരത്തെ ആലോചിച്ചിരുന്നു. 15, 10 വയസ്സുള്ള മക്കളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ അനുമോളെ സ്വീകരിക്കാൻ കുടുംബം തയ്യാറാണെന്ന് അറിയിച്ചതോടെ കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചു.
പത്ത് വർഷം മുൻപ് കരൾ പകുത്തുനൽകി ഭർത്താവ്
അനുമോളുടെ ജീവിതം പത്ത് വർഷം മുൻപും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗർഭിണിയായിരിക്കെ ഗുരുതരമായ കരൾരോഗം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ അനുമോൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. കുടുംബത്തിന് ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊട്ടിൽപാലത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ച് സഹായം സമാഹരിച്ചിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവ് സുഭാഷാണ് സ്വന്തം കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് അനുമോളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്നത്. അന്ന് മാധ്യമങ്ങളിൽ വലിയ വാർത്തയായ ഈ സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് പിഎസ്സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുമോൾ സർക്കാർ സർവീസിൽ പ്രവേശിക്കുകയും അധ്യാപികയായി ജോലി നേടുകയും ചെയ്തു.

