തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്സി) ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ഇത്തരമൊരു നടപടിക്ക് ശുപാർശ ചെയ്യുന്നത്. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പ് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറാണ് ശുപാർശ നൽകിയത്. പിഎസ്സിക്കെതിരെ ഉയർന്ന പരീക്ഷാ ക്രമക്കേട് ആരോപണങ്ങളും അന്വേഷണത്തിലെ പുരോഗതിയില്ലായ്മയുമാണ് അസാധാരണ നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി സുപ്രീം കോടതിയുടെ അന്വേഷണത്തിന് ഉത്തരവിട്ടാൽ, അതിന്റെ ഭാഗമായി പിഎസ്സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. സുപ്രീം കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഎസ്സിയെ പിരിച്ചുവിടാനും രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിശദീകരണം. ഇതുസംബന്ധിച്ച നിയമസാധ്യതകൾ ഗവർണർ ആർലേക്കർ ഓഗസ്റ്റിൽ തന്നെ പരിശോധിച്ചിരുന്നു.
എം.ആർ. ബൈജു ചെയർമാനായ പിഎസ്സിക്കെതിരെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഉയർന്നത്. നൂറോളം പരാതികൾ ഗവർണർക്ക് ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണത്തിന്റെ പുരോഗതിയിൽ ഗവർണർ തൃപ്തനായിരുന്നില്ലെന്നാണ് ലോക്ഭവന്റെ വിലയിരുത്തൽ. മാസങ്ങളായി വിവാദം തുടരുന്ന സാഹചര്യത്തിലും ആരോപണങ്ങളിൽ നിർണായകമായ പുരോഗതി ഉണ്ടായില്ലെന്ന നിലപാടാണ് ലോക്ഭവൻ സ്വീകരിച്ചത്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടും ആസൂത്രണബോർഡ് പരീക്ഷയിലെ തട്ടിപ്പിൽ മാത്രമാണ് ഇതുവരെ കേസെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്. മറ്റു പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ചരിത്രത്തിലാദ്യമായി പൊലീസ് പിഎസ്സിയുടെ പരീക്ഷാവിഭാഗത്തിലെത്തി രേഖകൾ പരിശോധിച്ചതും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു.
ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ഒരാൾക്ക് നിയമനം ഉറപ്പാക്കാൻ ചട്ടങ്ങൾ മറികടന്നെന്ന ആരോപണമാണ് പിഎസ്സിക്കെതിരെ ഉയർന്ന പ്രധാന പരാതികളിലൊന്ന്. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിലൂടെ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പിന്നീട് പിഎസ്സി തന്നെ മൂന്നാം റാങ്കുകാരനെ ഒന്നാം റാങ്കുകാരനായി അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പിഎസ്സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ലെന്നാണ് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമായി.
പിഎസ്സി നടത്തിയ മറ്റു പരീക്ഷകളുടെ വിശ്വാസ്യതയും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. കേരള സർവകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുൻ പിഎസ്സി ചെയർമാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. വിവിധ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾക്കിടയിൽ പിഎസ്സിക്കെതിരെ ഗവർണർ സ്വീകരിച്ച നടപടി സംസ്ഥാനത്ത് പുതിയ ഭരണഘടനാ-രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

