പശ്ചിമേഷ്യൻ സംഘർഷം: എണ്ണവില കുതിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. യുഎഇയിലെ ഉമ്മുൽഖുവൈനിൽ എണ്ണ ടാങ്കറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് ബീച്ചുകൾ താൽക്കാലികമായി അടച്ചതും സൗദി അരാംകോയുടെ ദഹറാനിലെ ആസ്ഥാനം ഒഴിപ്പിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ആഗോള എണ്ണവില ബാരലിന് 120 ഡോളർ കടന്നേക്കുമെന്ന വിലയിരുത്തലുകൾക്കിടെ ഇന്ത്യയിലും ഇന്ധനവില വർധിക്കാനുള്ള സാധ്യത ശക്തമാകുന്നു.

ബ്രെന്റ് ക്രൂഡിന്റെ വില 3.14 ശതമാനം ഉയർന്ന് ബാരലിന് 116.70 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിൽ വിലയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 3.82 ശതമാനം വർധിച്ച് 103.30 ഡോളറിലുമെത്തി. കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണിത്.

ഇന്ത്യയിൽ സ്വകാര്യ എണ്ണക്കമ്പനികളായ നയാര എനർജിയും ജിയോ-ബിപിയും പെട്രോൾ, ഡീസൽ വിലകൾ നേരത്തേ വർധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം തുടർന്നാൽ പൊതുമേഖലാ എണ്ണക്കമ്പനികളും ഇന്ധനവില ഉയർത്തിയേക്കുമെന്നാണ് സൂചന. അടുത്ത വർഷം ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നവംബറിൽ ഇന്ധനവില വർധിപ്പിക്കാനുള്ള അവസാന അവസരമാകാമെന്ന് കേന്ദ്രസർക്കാരിന് ഉപദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

എണ്ണവിലയിലെ വർധന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചേക്കും. ക്രൂഡ് ഓയിൽ ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യത്ത് ഇന്ധനച്ചെലവ് കൂടുന്നത് പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കാനും സാമ്പത്തിക രംഗത്തെ പലിശഭാരം ഉയർത്താനും ഇടയാക്കും. ഡിസംബറിൽ ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് പ്രവചനങ്ങൾ.

അമേരിക്കയിലും ഇന്ധനവില കുതിച്ചുയരുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം നവംബർ 3 മുതൽ ഇറാനുമായുള്ള യുദ്ധം കൂടുതൽ രൂക്ഷമായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇതിനിടെ റഷ്യയിൽനിന്ന് 40,000 ടൺ ഡീസലുമായി ഒരു കപ്പൽ യുഎസിലെത്തി. രാജ്യത്ത് ഡീസലിന്റെ വില ഗാലന് 6.31 ഡോളറിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Enable Notifications OK No thanks