“ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി………………”ഒക്ടോബർ ഇരുപത്തിയേഴ്‌! മലയാളിമനസ്സുകളിൽ ചിരപ്രതിഷ്ഠ സാധ്യമാക്കിയ വയലാറിന്റെ ഓർമ്മദിനം.

ജീവിച്ചിരുന്ന വയലാറും
കവിത്വത്തിലെ വയലാറും ക്രാന്തദർശിയായിരുന്നു.!

ജനനമരണാദികളെ ആവർത്തിക്കുന്ന ഓരോ കാലഭ്രമണത്തിനും മുന്നേ ദീർഘവീക്ഷണത്തോടെ
നടന്നു നീങ്ങിയ കവി!

എഴുതാത്ത വരികളില്ല!
പാടാത്ത ഋതുക്കളില്ല..!
നിർവ്വചിക്കാത്ത മനോവിചാരമില്ല!

ആ കൃതികളിൽ ഉടനീളം
കേവലമായ മനുഷ്യന്റെ
സർവ്വതല വൈകാരികതയും പ്രതിഫലിച്ചിരുന്നു!

ആ എഴുത്തുകളിലൊക്കെയും
പ്രകൃതി മുതൽ നാസ്തികത വരെയുള്ള സകലതിനെയും വരച്ചിട്ടിരുന്നു!

അക്ഷരങ്ങളുടെ സർഗ്ഗാത്മകതയെ പരിപൂർണനാക്കുന്ന മനുഷ്യകഥാനുഗായികനായ
ഒരു സാധാരണക്കാരൻ.!

വയലാറിന്റെ ഗാനങ്ങൾ കേൾക്കാതെ
ഒരുദിവസമെങ്കിലും കഴിച്ചുകൂട്ടുക എന്നത്
ഇന്നും വെല്ലുവിളിയായി കാണുന്ന
ഒരു സാംസ്‌കാരിക മണ്ഡലമാണ് നമ്മുടേത്!

ആയിരത്തിമുന്നൂറിലേറെ
ചലച്ചിത്ര ഗാനങ്ങൾ!
ഇരുന്നൂറിലധികം നാടകഗാനങ്ങൾ!
ധാരാളം കവിതകൾ!
ഒരു ഖണ്ഡകാവ്യം!
ഉപന്യാസങ്ങൾ!
പിന്നെ കഥകൾ…!
ഇവയിലെല്ലാം
അനുവാചകർക്ക് ആസ്വാദനത്തിന്റെ വിവിധ ഭാവതലങ്ങളെ സമ്മാനിച്ച
വിഖ്യാതപ്രതിഭയായ
എഴുത്തിന്റെ തമ്പുരാൻ!

“ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ”
എന്ന് പ്രേമാർദ്രമായി പാടുമ്പോൾ…
ഭൂമിയെന്ന മനോഹരതീരത്തിലെ അതിസുന്ദരമായ പ്രണയവികാരത്തെ കുറിച്ചായിരുന്നു
കവി വാചാലനായതെങ്കിൽ… മറുപുറത്ത്………,
“ഹിന്ദുവായി മുസൽമാനായി
ക്രിസ്ത്യാനിയായി……
നമ്മളെ കണ്ടാലറിയാതായി,
ലോകം ഭ്രാന്താലയമായി”
എന്ന് എഴുതിക്കൊണ്ടാണ്
അതേഭൂമിയിൽ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെയും
മാനവികതയേയും കുറിച്ച്
ആ കവി പലപ്പോഴും ഉൽക്കണ്ഠപ്പെട്ടിരുന്നത്!

അതേ വയലാർ
കാലത്തിന്റെ കവിയാണ്!
എഴുതിയാലും തീരാത്ത
ഒരു കാവ്യാത്മകജീവിതം!

ഇന്നിന്റെ കാലത്തിലെ ചിത്രങ്ങളെ..,
വർഷങ്ങൾക്ക് മുന്നേ അടയാളപ്പെടുത്തിയ
ദീർഘവീക്ഷണവിചക്ഷണൻ!

കാൽപ്പനികതയ്ക്കൊപ്പം
യാഥാർത്ഥ്യബോധ്യത്തെയും
വരച്ചുകാട്ടിയ ധിഷണാശാലി!

പാളയം രക്തസാക്ഷി മണ്ഡപം
ഉദ്‌ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ
“ബലികുടീരങ്ങളേ…….”
സ്മരണകളുണർത്തും
രണസ്മാരകങ്ങളേ… “എന്ന വിപ്ലവ ഗാനം
മലയാളമണ്ണിനായ് സമർപ്പിച്ച മഹാകവി!

കാലാതിവർത്തിയായ
കാവ്യഗീതികൾക്ക് ഉടയോൻ!

പാവപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും സുഖദുഃഖങ്ങളെ കവിതയിലും ഗാനങ്ങളിലും അടയാളപ്പെടുത്തിയ മനുഷ്യാത്മാവ്!

ഭരണകൂടത്തോടും
ചൂഷകരോടും കലഹിക്കുമ്പോഴും മനുഷ്യത്വത്തിന്റെ നന്മകളെ മുറുകെപ്പിടിച്ചിരുന്ന നീതിബോധം!

‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു”
ജാതിക്കും മതത്തിനുമപ്പുറം
മനുഷ്യനെ ഒന്നായികാണാൻ
സമൂഹത്തെ പ്രേരിപ്പിച്ച മണ്ണിന്റെ കവി!

ചങ്ങമ്പുഴക്കവിതകളുടെ കാൽപ്പനികസൗന്ദര്യം
വയലാർകവിതകളിൽ കാണാമെങ്കിലും, അത് കേവലമൊരു
വികാരപ്രകടനം മാത്രമാകാതെ
കൃത്യമായ വിചാരനിയന്ത്രണവും
സാമൂഹികബോധവും ഊടും പാവുംപോലെ ഇണക്കിച്ചേർത്തതായിരുന്നു
ആ അപാരസുന്ദര കാവ്യശൈലി!

കവിത വെറുമൊരു ആനന്ദോപാധിയല്ലെന്നും
അത് സമൂഹത്തെ ഉണർത്താനും തിരുത്താനുമുള്ള ഒരു ആയുധമാണെന്നും ഉള്ള ഉദ്ബോധനമായിരുന്നു..
വയലാറിന്റെ കാവ്യനീതി!

ആ സാഹിതീസമ്രാട്ടിന്റെ
ഓരോരോ സ്മൃതിദിനങ്ങളിലും
അദ്ദേഹത്തിന്റെ ഓരോരോ വരികൾക്കും പ്രസക്തി ഏറെയേറിവരികയാണ്!
അവയോരോന്നും കാലഹരണമില്ലാത്ത മധുരമായി നിലകൊള്ളുകയാണ്!

“ഇല്ലെനിക്കൊരിക്കലും മരണം”
എന്ന് പറഞ്ഞുവച്ച ഒരുമഹാകവി
എങ്ങനെ മരിക്കാനാണ്…….!

വസുന്ധരയുടെ തീരത്തുനിന്നും പോയ്മറഞ്ഞ മഹാനുഭാവന്…
ഈ വിണ്ണിലെ നക്ഷത്രത്തിന്… ദീപ്തമരണയുടെ
സ്നേഹാദരശ്രദ്ധാഞ്‌ജലി .

സാദരനമസ്ക്കാരത്തോടെ
നേരിന്റെനാരായത്തിന് വേണ്ടി
തൃശ്ശൂർ വിശ്വം .

Join Community
Enable Notifications OK No thanks