കഴക്കൂട്ടത്ത് അച്ഛന്റെ മടിയിലിരുന്ന് പിഞ്ചുകുഞ്ഞിന്റെ ഡ്രൈവിങ്; 100 കിലോമീറ്റർ വേഗത്തിൽ അപകടയാത്ര

 

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെക്കൊണ്ട് കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിപ്പിച്ച് രക്ഷിതാവ്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിൽ അച്ഛന്റെ മടിയിലിരുന്ന് മൂന്നോ നാലോ വയസ്സുള്ള കുട്ടി കാർ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാർ സഞ്ചരിച്ചെന്നാണ് വിവരം.

അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈഓവറിലായിരുന്നു സംഭവം. ഇതുവഴി മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്. കുട്ടി സ്റ്റിയറിംഗിൽ കൈവച്ച് കാർ നിയന്ത്രിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ വീണ്ടും വേഗത്തിൽ മുന്നോട്ടുപോകുന്നതും കാണാം.

റോഡിൽ മറ്റ് വാഹനങ്ങൾ കുറവായിരുന്ന സമയമായതിനാൽ വലിയ അപകടം ഒഴിവായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഇടപെടേണ്ടതുണ്ടെന്ന ബോധ്യത്തിലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വീഡിയോ എടുത്ത വ്യക്തി പ്രതികരിച്ചു.

പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് കുട്ടിയെക്കൊണ്ട് കാർ നിയന്ത്രിപ്പിക്കുന്നതിന്റെ ഈ ദൃശ്യങ്ങളും പുറത്തുവന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതും കുട്ടികളുടെ സുരക്ഷയെപ്പോലും അവഗണിച്ച് രക്ഷിതാക്കൾ ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നതും ഗുരുതരമായ ആശങ്ക ഉയർത്തുന്നു.

Join Community
Enable Notifications OK No thanks