തിരുവനന്തപുരം: കേരള സർവകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് 2008ൽ ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ നിർണായക നീക്കം. കേസ് അവസാനിപ്പിക്കാനുള്ള മുൻ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായതോടെ, മുൻ വൈസ് ചാൻസലർ ഉൾപ്പെടെ ഏഴുപേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് വഴിയൊരുങ്ങി. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ പുനരന്വേഷണ റിപ്പോർട്ട് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ പരിഗണനയ്ക്ക് കൈമാറി. അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചാൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകും.
ഏകദേശം 40,000 പേർ പങ്കെടുത്ത പരീക്ഷയുടെ ഒ.എം.ആർ. ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം അഭിമുഖത്തിലൂടെ റാങ്ക് പട്ടികയിൽ മാറ്റം വരുത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം. രാഷ്ട്രീയ ബന്ധമുള്ളവർക്കും ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കും നിയമനം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേട് നടത്തിയെന്ന പരാതിയാണ് കേസിന് ആധാരം.
ഉത്തരക്കടലാസുകൾ കാണാതായതിൽ മതിയായ തെളിവുകളില്ലെന്നും കുറ്റക്കാർ ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാനായിരുന്നു നേരത്തേ ശ്രമം. മുൻ സർക്കാരിന്റെ കാലത്തെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളുകയായിരുന്നു. ക്രമക്കേടിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പുനരന്വേഷണം നടത്തണമെന്ന് ജഡ്ജി ജി. ഗോപകുമാർ നിർദേശിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ തുടർനടപടികൾക്കായി കൈമാറിയിരിക്കുന്നത്.
മുൻ വൈസ് ചാൻസലർ ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പ്രോ വൈസ് ചാൻസലർ ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവർക്കെതിരെയാണ് പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ സി.പി.എം. നേതാവായിരുന്ന ബി.എസ്. രാജീവ് അന്തരിച്ചിട്ടുണ്ട്.
നിയമന നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്നുതന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർക്ക് ജോലി ലഭിച്ച മൂന്ന് സംഭവങ്ങളുമുണ്ടായി. എസ്.എഫ്.ഐ. നേതാവ്, സി.പി.എം. നേതാക്കളുടെ മക്കൾ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കൾ, സംഘടനാ നേതാക്കളുടെ മക്കൾ തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചതും സംശയങ്ങൾക്ക് ഇടയാക്കി.
എഴുത്തുപരീക്ഷയ്ക്ക് 100 മാർക്കുണ്ടായിരുന്നെങ്കിലും പിന്നീട് അത് 75 മാർക്കായി ക്രമീകരിക്കുകയും അഭിമുഖത്തിന് 25 മാർക്ക് അനുവദിക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് നിയമനത്തിന് അഭിമുഖം ഉൾപ്പെടുത്തിയതും അന്ന് ശ്രദ്ധേയമായി. എഴുത്തുപരീക്ഷയിൽ മികച്ച മാർക്ക് നേടിയ ചിലർക്ക് അഭിമുഖത്തിൽ രണ്ടും നാലും മാർക്ക് മാത്രം നൽകിയപ്പോൾ, കുറഞ്ഞ മാർക്ക് നേടിയ ചിലർക്ക് 20-ലധികം മാർക്ക് ലഭിച്ചെന്നാണ് ആരോപണം. ഇതോടെ റാങ്ക് പട്ടികയിൽ വലിയ മാറ്റങ്ങളുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.
പരീക്ഷ എഴുതാത്തവരുടെ പേരുകൾ രേഖപ്പെടുത്തുന്ന ഇൻവിജിലേറ്റർമാരുടെ പട്ടികയ്ക്കു പകരം പകർപ്പുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ സ്ഥാനത്ത് താൽപര്യമുള്ളവരെ ഉൾപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി പരീക്ഷ എഴുതാത്തവർ പോലും റാങ്ക് പട്ടികയിൽ ഇടംപിടിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
1,401 പേരടങ്ങിയ റാങ്ക് പട്ടികയിൽനിന്ന് 181 പേർക്ക് നിയമനം നൽകിയിരുന്നു. കേസ് വിവാദമായതോടെ ചിലർ ജോലി ഉപേക്ഷിക്കുകയും മറ്റുചിലർ വിരമിക്കുകയും ചെയ്തു. നിലവിൽ 130 പേർ സർവീസിലുണ്ടെന്നാണ് വിവരം. ക്രൈംബ്രാഞ്ച് മേധാവിയുടെ അംഗീകാരം ലഭിക്കുന്നതോടെ വർഷങ്ങളായി നീണ്ടുനിൽക്കുന്ന കേസിൽ തുടർ നിയമനടപടികൾക്ക് വഴിതുറക്കും.

