മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച വീടുകള്‍ നവംബര്‍ 30 ഓടെ താമസ യോഗ്യമാക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. വാടക വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. രണ്ടാംഘട്ടത്തില്‍ വിവിധ സോണുകളിലായി 149 ഗുണഭോക്താക്കളാണ് നറുക്കെടുപ്പിലൂടെ വീടുകള്‍ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തില്‍ ജാതി-മത-ഭാഷ അതിരുകള്‍ക്ക് പുറത്ത് ഒരു മനസ്സോടെ ദുരന്തബാധിതര്‍ക്കായി സഹായ കൂട്ടായ്മകള്‍ ഉണ്ടായി. ദുരന്തബാധിതരുടെ പ്രയാസങ്ങള്‍ ലഘൂകരിച്ച് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാറെന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്. വരും ഘട്ടങ്ങളില്‍ ബാക്കി വരുന്ന വീടുകള്‍ കൂടി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് അറിയിക്കുന്ന നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും യാതൊരുവിധ തര്‍ക്കവുമില്ലാതെ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍: മന്ത്രി ടി. സിദ്ദീഖ്
ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പില്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ഓരോ ജീവിതം കരുത്തുപിടിപ്പിക്കാന്‍ ആവശ്യമായ പിന്തുണ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. ടൗണ്‍ഷിപ്പില്‍ ശക്തമായ കൂട്ടായ്മ രൂപപ്പെടുത്താന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ആത്മവിശ്വാസത്തോടെ അതിജീവനത്തിന്റെ പാതയില്‍ മുന്നേറാന്‍ സര്‍ക്കാരും പൊതുസമൂഹവും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളിലെ കുടിവെള്ള കണക്ഷന്‍, വൈദ്യുതി, ഭൂമി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും പദ്ധതി പ്രദേശത്തെ പ്രവൃത്തികകളുമായി സഹകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
നവംബര്‍ 20 വരെ വീടുകളുടെ പണികള്‍ നടക്കും. ശേഷം ഗുണഭോക്താക്കള്‍ക്കായി ഒരു അസ്സസ്‌മെന്റ് യോഗം ചേരുകയും തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാം. ലഭ്യമാകുന്ന പരാതികള്‍ പരിഗണിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, എ.ഡി.എം കെ. അജീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധ രാമസ്വാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം ശിഹാബ്, സുരേഷ് ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സഹദ്, ഷൈജ ബേബി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇ.ടി രാകേഷ്, ജനപ്രതിനിധികള്‍, ഗുണഭോക്താക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മാതൃക ടൗണ്‍ഷിപ്പ് മേല്‍വിലാസമാക്കാന്‍ ഇനി 149 കുടുംബങ്ങള്‍
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന മാതൃകാ ടൗണ്‍ഷിപ്പ് മേല്‍വിലാസത്തിലേക്ക് ഇനി 149 കുടുംബങ്ങള്‍ക്ക് കൂടി. നറുക്കെടുപ്പ് വേദിയിലെത്തിയ ഓരോ മനുഷ്യരുടെയും മുഖത്ത് വേരറ്റുപോയ ജീവിതത്തിന് വീണ്ടുമൊരു അടിത്തറ ലഭിച്ചതിന്റെ ആശ്വാസവും പ്രതീക്ഷയുമായിരുന്നു. ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവര്‍ക്കാണ് രണ്ടാംഘട്ട നറുക്കെടുപ്പിലൂടെ വീട് ലഭിച്ചത്. സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറ് വീടുകളും സോണ്‍ നാലില്‍ 14 വീടുകളും സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തില്‍ കൈമാറിയത്.
മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ രണ്ടാംഘട്ട നറുക്കെടുപ്പിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒന്ന് മുതല്‍ 149 വരെയുള്ള സീരിയല്‍ നമ്പറുകള്‍ ക്രമത്തിലാണ് ഗുണഭോക്താക്കള്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചത്. ഹാളില്‍ സജ്ജീകരിച്ച ചില്ലുപെട്ടിയില്‍ നിന്നും ഗുണഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ലോട്ടില്‍ ആദ്യ ഭാഗത്ത് സോണ്‍ നമ്പറും രണ്ടാമതായി ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ക്ലസ്റ്റര്‍ വിവരങ്ങളും മൂന്നാമതായി വീടിന്റെ സീരിയല്‍ നമ്പറുമായിരുന്നു രേഖപ്പെടുത്തിയത്. നറുക്കെടുപ്പില്‍ റവന്യൂ-കൃഷി വകുപ്പ് മന്ത്രിമാരുടെയും ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആദ്യം നറുക്കെടുത്തത് ചൂരല്‍മല എടത്തറ വീട്ടില്‍ മജീദായിരുന്നു. സോണ്‍ അഞ്ചിലെ ബി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 332 വീട്ട് നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചത്. നറുക്കെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം ഗുണഭോക്താക്കള്‍ ലഭിച്ച വീടിന്റെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ജില്ലാ ഭരണകൂടം കൗണ്ടര്‍ സജ്ജമാക്കിയിരുന്നു.
ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകളും സേവനങ്ങളും ഉറപ്പാക്കാന്‍ അക്ഷയ, കെ.എസ്.ഇ.ബി, ഭക്ഷ്യവകുപ്പ്, ജല അതോറിറ്റി, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ 16 കൗണ്ടറുകളുംസജ്ജമാക്കിയിരുന്നു. ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തിരുത്തല്‍, റേഷന്‍ കാര്‍ഡിലെ മേല്‍വിലാസം തിരുത്തല്‍, കെട്ടിട നമ്പര്‍, വൈദ്യുതി-കുടിവെള്ള കണക്ഷനുകള്‍ എന്നിവ ലഭ്യമാക്കാന്‍ കൗണ്ടറുകളിലൂടെ സഹായം ഒരുക്കി. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരന്ത ബാധിതരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറും പ്രവര്‍ത്തിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ രജിസ്ട്രേഷന്‍ കൗണ്ടര്‍, റവന്യൂ വകുപ്പിന്റെ അന്വേഷണ കൗണ്ടര്‍, വെരിഫിക്കേഷന്‍ കൗണ്ടര്‍ ആരോഗ്യ വകുപ്പിന്റെ സേവനവും ഓഡിറ്റോറിയത്തില്‍ ഉറപ്പാക്കി. നറുക്കെടുപ്പിന് എത്തിയവര്‍ക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ചായ, ലഘുഭക്ഷണം,ഉച്ച ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.


