പാലക്കാട്: എനിക്ക് ഏറെ പ്രിയപ്പെട്ട, എന്റെ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റാൻലിയുടെ വിയോഗവാർത്ത മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു.
ഇനി ഇത്രയും കരുതലോടെയും സ്നേഹത്തോടെയും എന്നെ വിളിക്കാൻ ആരുണ്ടാവും? എന്റെ തെറ്റുകൾ സത്യസന്ധമായി ചൂണ്ടിക്കാണിക്കാനും വിമർശിക്കാനും നല്ല കാര്യങ്ങളെ ഹൃദയപൂർവം അഭിനന്ദിക്കാനും ആരുണ്ടാവും? മനസ്സ് ഒന്ന് കലങ്ങിയാൽ ‘ഡി’ എന്ന് വിളിച്ച് തുടങ്ങുന്ന ആ സ്നേഹത്തോടെയുള്ള സംസാരം ഇനി എവിടെനിന്ന് കേൾക്കും?
വെറും 48 വയസ്സ് മാത്രം പ്രായമുള്ള, അഴിമതിയുടെ കറ പുരളാത്ത, ജനകീയനായ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു സ്റ്റാൻലി. പാലക്കാട് LA (NH) തഹസിൽദാറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പാലക്കാട് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വന്തം നാടായ മാവേലിക്കര ടൗണിൽ കുഴഞ്ഞുവീഴുകയും ഏകദേശം 15 മിനിറ്റിലധികം വഴിയരികിൽ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവൻ വെടിയുകയും ചെയ്തു എന്ന വാർത്ത ഹൃദയം തകർത്തുകളഞ്ഞു.
ഒരു ഹൃദയാഘാതം… ഒരു നിമിഷത്തെ തളർച്ച… പിന്നെ ജീവിതത്തിലേക്കുള്ള മടക്കമില്ലാത്ത യാത്ര.
എന്നാൽ, ഈ മരണത്തെ ഇത്രമേൽ വേദനാജനകമാക്കുന്നത് മറ്റൊന്നാണ്. സഹായം അഭ്യർത്ഥിക്കാനോ തന്റെ അവസ്ഥ ആരോടെങ്കിലും പറയാനോ കഴിയാത്ത ആ മനുഷ്യൻ വഴിയരികിൽ കിടന്ന് മരണത്തോട് പോരാടുമ്പോൾ എത്രയോ പേർ അതുവഴി കടന്നുപോയി! ഒരാളെങ്കിലും അടുത്തുചെന്ന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചിരുന്നെങ്കിൽ… അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ… CPR നൽകാൻ കഴിയുന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… ഒരുപക്ഷേ ആ വിലപ്പെട്ട ജീവൻ രക്ഷിക്കാനാകുമായിരുന്നു.
ഇവിടെ ഒരു കുടുംബത്തിന് നഷ്ടമായത് പ്രിയപ്പെട്ട ഒരാളെയാണ്. യൗവനത്തിൽ വൈധവ്യം നേരിട്ടിട്ടും മക്കൾക്കുവേണ്ടി ജീവിതം സമർപ്പിച്ച അമ്മയുടെ കണ്ണീരൊപ്പാൻ ഇനി ആ മകനില്ല. ലീനയ്ക്ക് ഇനി അവളുടെ ചേട്ടച്ചനില്ല. എന്റെ പ്രിയപ്പെട്ട അനിയത്തി സിമിക്ക് ഇനി അവളുടെ പ്രിയപ്പെട്ടവനില്ല. വെറും 17-ഉം 9-ഉം വയസ്സുള്ള പൊന്നുമക്കൾക്ക് ഇനി അച്ഛനില്ല. ഞങ്ങൾക്ക് പ്രിയപ്പെട്ടൊരു കൂട്ടുകാരനില്ലാതായി. സമൂഹത്തിന് ഉത്തരവാദിത്വബോധവും സത്യസന്ധതയുമുള്ള ഒരു ഉദ്യോഗസ്ഥനെയും നഷ്ടമായി.
നമ്മുടെ കൺമുന്നിൽ ഒരാൾ വഴിയരികിൽ വീണുകിടക്കുന്നത് കണ്ടാൽ പലപ്പോഴും ആദ്യം മനസ്സിൽ വരുന്നത് അയാൾ മദ്യപിച്ച് കിടക്കുകയായിരിക്കുമെന്ന ചിന്തയാണ്. ആ ധാരണയിൽ സഹായിക്കാതെ കടന്നുപോകുന്നു. എന്നാൽ, അത് ഹൃദയാഘാതമോ മറ്റേതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നമോ ആയിരിക്കാമെന്ന് നമ്മൾ ഓർക്കാറില്ല.
നമ്മുടെ തിരക്കുകൾക്കും മുൻവിധികൾക്കും അപ്പുറം മറ്റൊരാളുടെ ജീവൻ എത്രമാത്രം വിലപ്പെട്ടതാണെന്ന് നാം തിരിച്ചറിയണം.
ഒരാൾ അപകടത്തിലോ അവശനിലയിലോ വഴിയരികിൽ കിടക്കുന്നത് കണ്ടാൽ ദയവുചെയ്ത് കണ്ടില്ലെന്ന് നടിച്ച് കടന്നുപോകരുത്. അടുത്തുചെന്ന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുക. അടിയന്തര സഹായം ആവശ്യപ്പെടുക. പോലീസിനെയോ ആംബുലൻസിനെയോ വിളിക്കുക. പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ CPR ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷ നൽകുക. വൈദ്യസഹായം ലഭ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുക.
ചിലപ്പോൾ നമ്മുടെ ഏതാനും നിമിഷത്തെ കരുതൽ ഒരാളുടെ ജീവിതം തിരിച്ചുനൽകിയേക്കാം. ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പിയേക്കാം. ഒരുപാട് ജീവിതങ്ങളെ അനാഥമാകാതെ കാത്തേക്കാം.
ഈ വിയോഗം എനിക്ക് വ്യക്തിപരമായി താങ്ങാനാവാത്ത നഷ്ടമാണ്. ഇന്നലെക്കൂടി സംസാരിച്ച, ഇന്ന് കാണാമെന്ന് കരുതിയ എന്റെ സുഹൃത്തിനെ ഇനി ഒരിക്കലും കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന യാഥാർഥ്യം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.
പറഞ്ഞുതീർക്കാതെ ബാക്കിയായ എത്രയോ കാര്യങ്ങൾ… പങ്കുവെക്കാനാകാതെ പോയ എത്രയോ നിമിഷങ്ങൾ… ഒന്നിച്ചാഘോഷിക്കേണ്ടിയിരുന്ന എത്രയോ അവസരങ്ങൾ…
മനസ്സൊന്ന് കലങ്ങിയാൽ ‘ഡി’ എന്ന് വിളിച്ച് തുടങ്ങുന്ന ആ ശബ്ദം ഇനി ഒരിക്കലും കേൾക്കില്ലല്ലോ എന്ന തിരിച്ചറിവാണ് ഏറ്റവും നോവിക്കുന്നത്.
ഒരു ജീവൻ നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം, ഒരല്പം കരുതലുണ്ടായിരുന്നെങ്കിൽ ആ ജീവൻ ഒരുപക്ഷേ നിലനിർത്താമായിരുന്നു എന്ന ചിന്തയും നമ്മെ വേട്ടയാടട്ടെ.
ഈ മരണം ഒരു വാർത്തയായി മാത്രം അവസാനിക്കരുത്. ഓരോരുത്തരുടെയും മനസ്സിൽ ഒരു വലിയ പാഠമായി അവശേഷിക്കണം. അപരിചിതനായ ഒരാളുടെ ജീവൻ പോലും നമ്മുടെ ചെറിയൊരു ഇടപെടലിലൂടെ രക്ഷിക്കാനാകുമെന്ന് നാം തിരിച്ചറിയണം.
സുഹൃത്തേ, നിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇനി നീയില്ലെന്ന സത്യം മനസ്സിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? നിന്റെ സ്നേഹവും കരുതലും സൗഹൃദവും ഓർമ്മകളും എന്നും എന്റെ ഹൃദയത്തിലുണ്ടാകും.
ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ…
നിത്യശാന്തി നേരുന്നു. 🌹❤️
ഇത് നാം ഓരോരുത്തരും ഓർക്കേണ്ടതാണ്, മരണം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല. നാം കാത്തു നിൽക്കണം ശ്രദ്ധയോടെ…..
പത്രാധിപർ.


