ഭക്ഷ്യസുരക്ഷാ പരിശോധന: 122 സ്ഥാപനങ്ങൾക്ക് നോട്ടീസ്; പിഴ ഈടാക്കിയത് 4.16 ലക്ഷം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

കൊല്ലം:ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ ജൂലൈ മുതൽ സെപ്റ്റംബർ വരെ നടത്തിയ പരിശോധനകളെ തുടർന്ന് ഈടാക്കിയത് 4,16,000 രൂപ പിഴ. ജില്ലാ കലക്ടർ ആനി ജൂല തോമസിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റിൽ ചേർന്ന ഭക്ഷ്യസുരക്ഷാ അവലോകന യോഗത്തിലാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ ഇത് സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. ഗുരുതര ന്യൂനതകൾ കണ്ടെത്തിയ 122 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. ഇവയിൽ 111 സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന 23 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്പ്പിച്ചു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 253 സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് കർശന നിർദേശത്തോടെ നോട്ടീസ് നൽകിയിട്ടുണ്ട്.
ജൂലൈ മുതൽ മൂന്ന് മാസക്കാലയളവിൽ 2148 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 1016 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 22 സാമ്പിളുകൾ സുരക്ഷിതമല്ലാത്തതായും 17 സാമ്പിളുകൾ ഗുണനിലവാരം കുറഞ്ഞതായും ഒമ്പത് സാമ്പിളുകളിൽ ലേബൽ വിവരങ്ങൾ അപൂർണമായും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം 23 പ്രോസിക്യൂഷൻ കേസുകൾ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലും നിലവാരമില്ലാത്തതും ലേബൽ വിവരങ്ങൾ അപൂർണമായതുമായ ഭക്ഷ്യവസ്തുക്കൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ 34 കേസുകൾ ആർഡിഒ കോടതികളിലും ഫയൽ ചെയ്തിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷാ മൊബൈൽ ലാബിന്റെ സഹായത്തോടെ 935 സാമ്പിളുകൾ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. 729 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസും 5007 സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനും നൽകി. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് 54 ക്ലാസുകളും ഓണത്തോടനുബന്ധിച്ച് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സേഫ് ഓണം 2026 എന്ന പേരിൽ ഭക്ഷ്യ സംരംഭകർക്കായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി.
മീനും ഇറച്ചിയുമടക്കം എല്ലാവിധ ഭക്ഷ്യവസ്തുക്കളുടെയും പരിശോധന കർശനമാക്കണമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ നിർദേശിച്ചു. ബാല സൗഹൃദ കൊല്ലം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ കുട്ടികളിൽ ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യത്തളിക എന്ന വിഷയത്തിലൂന്നി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും നിർദേശിച്ചു. അങ്കണവാടികളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധ വേണമെന്ന് കലക്ടർ പറഞ്ഞു. അങ്കണവാടി ടീച്ചർമാർക്കും ഭക്ഷ്യ,പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർക്കുമായി ഭക്ഷ്യ ഗുണനിലവാരം സംബന്ധിച്ച പരിശീലന പരിപാടി സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ കെ വി സിന്ധു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ ഒ, തിരുവനന്തപുരം സർക്കാർ അനലിസ്റ്റ്സ് ലബോറട്ടറി റിസർച്ച് ഓഫീസർ സുനിജ ബി, കൊല്ലം സിറ്റി ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി കെ, അസിസ്റ്റന്റ് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ തൻസി ഷെരീഫ്, ഐസിഡിഎസ് ജൂനിയർ സൂപ്രണ്ട് സ്മിത സി, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Our Facebook Page
Enable Notifications OK No thanks