തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിനു പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ പുറത്ത്. സംഭവസമയത്ത് രണ്ടാം പ്രതി ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചായിരുന്നു ഇയാൾ കൊലപാതകം നടന്ന സ്ഥലത്തെത്തിയത്. ഈ സമയത്ത് ഉമറിന്റെ കാമുകി ഐശ്വര്യ ഫോണിലേക്ക് നിരന്തരം വിളിക്കുകയും ചെയ്തു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ വഴിതിരിച്ചുവിടുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊലപാതകത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഉമർ ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യയ്ക്ക് അയച്ച സന്ദേശവും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയെന്നും അവൻ അനുഭവിക്കട്ടെയെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കൊലപാതകം നടത്തിയത് പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയാണെന്ന് വരുത്തിത്തീർത്ത് ശിക്ഷയുടെ ഗൗരവം കുറയ്ക്കാനുള്ള ശ്രമമായാണ് പൊലീസ് ഇതിനെ കാണുന്നത്.
കൊലപാതകത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും പ്രതികളുടെ നീക്കങ്ങൾക്ക് പിന്തുണ നൽകിയെന്നുമാണ് പൊലീസിന്റെ ആരോപണം. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിലും ഇവർ പങ്കാളിയായെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. കസ്റ്റഡിയിലായിരുന്ന ഐശ്വര്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതിനു പിന്നാലെ തെളിവുകൾ ഇല്ലാതാക്കാനും പ്രതികൾ ശ്രമിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഉമർ രണ്ട് മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതിൽ ഒരു ഫോണിൽ കേസുമായി ബന്ധപ്പെട്ട പ്രധാന വീഡിയോകളും മറ്റ് തെളിവുകളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ ഫോൺ നശിപ്പിച്ചിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഉമറിന്റെയും അഭിരാമിന്റെയും ഫോണുകൾ കണ്ടെത്തി പരിശോധിക്കുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അഭിരാമും മറ്റ് ചില കുട്ടികളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും ഇവരുടെ മൊഴികൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ തർക്കത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




