അഷ്ടമുടി വാട്ടർ ഗേറ്റ് ഫെസ്റ്റിവലിനെ അന്താരാഷ്ട്ര ചലച്ചിത്രമേള പോലെ വാർഷിക സംഗീത ഫെസ്‌റ്റിവലാക്കി മാറ്റും: മന്ത്രി പി സി വിഷ്ണുനാഥ്

കൊല്ലം :അഷ്ടമുടി വാട്ടർ ഗേറ്റ് ഫെസ്റ്റിവലിനെ അന്താരാഷ്ട്ര ചലച്ചിത്രമേളയും നിശാഗന്ധി ഫെസ്‌റ്റിവലും ഇറ്റ്ഫോക്കും പോലെ വാർഷിക സംഗീത ഫെസ്‌റ്റിവലാക്കി മാറ്റുമെന്നും അതിൻ്റെ ആദ്യ ചാപ്റ്ററാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും ടൂറിസം, ചലച്ചിത്ര, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വർഷവും അന്തർദേശീയ മ്യൂസിക് ബാന്റുകൾ അഷ്ടമുടി വാട്ടർ ഗേറ്റ് ഫെസ്റ്റിവൽ കലാവിരുന്നൊരുക്കുമെന്നും
കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ സജീവമായ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഇടമാക്കി മാറ്റാനാണ് പരിപാടി ഇവിടെ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഫെസ്‌റ്റിവൽ സമാപിക്കുന്ന ഒക്ടോബർ 11 ന് ഈ മാസം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടികളുടെ കലണ്ടർ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് എല്ലാ മാസവും കലാപരിപാടികളുടെ കലണ്ടർ പുറത്തിറക്കും. ലോകത്തെവിടുനിന്നുള്ളവർക്കും പരിപാടികളെക്കുറിച്ച് അറിയാം കഴിയുന്ന സദാ അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റ് സമുച്ചയത്തിനുണ്ടാകും. ഇന്ത്യൻ സംഗീതത്തിൻ്റെ അഞ്ചുധാരകൾ ഇത്തവണ കലാവിരുന്നൊരുക്കുമെന്നും ഉച്ചക്ക് രണ്ട് മണി മുതൽ സംഗീതവുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ, വനിത – ശിശുവികസന
മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കൊല്ലത്തിൻ്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന് ഊർജം പകരുന്ന ഈ ഫെസ്‌റ്റിവൽ സംഘടിപ്പിച്ചതിന് മന്ത്രി പി സി വിഷ്ണുനാഥിന് നന്ദി പറയുന്നതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
മേയർ എ കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആര്‍ ലതാദേവി, ജില്ലാ കലക്ടർ ആ നി ജൂല തോമസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഇമ്പ ശേഖർ,
വാർഡ് കൗൺസിലർ കുരുവിള ജോസഫ്, സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, സെക്രട്ടറി എൻ. വി. പ്രദീപ് കുമാർ, വൈസ് ചെയർമാൻ ഹേമന്ത് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത്, വൈസ് ചെയർമാൻ . ആലപ്പുഴ അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ഫെസ്റ്റിവലിന്റെ നോഡൽ ഓഫീസറുമായ നിഷാ ആന്റണി ചടങ്ങിൽ പങ്കെടുത്തു.


മേളയുടെ സുഗമമായ നടത്തിപ്പിനായി പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, ഡി.ടി.പി.സി, കെ.എസ്.ഇ.ബി, കേരള വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, വിദ്യാഭ്യാസ വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും വൈവിധ്യമാർന്ന സംഗീത-കലാപരിപാടികളോടെ ഫെസ്റ്റിവൽ അരങ്ങേറും.

Join Community
Enable Notifications OK No thanks