സ്ത്രീകൾക്ക് ഉത്തമം അവരുടെ വീടുകളുടെ അകത്തളങ്ങളാണെന്ന നബിവചനം(ഹദീസ്) ഉണ്ടായിട്ടും
കാലഘട്ടത്തിനനുസരിച്ച് നാമത് കണ്ടില്ലെന്ന് വെച്ചു. അവർ പുറംലോകം കണ്ടു.

അടുത്ത ബന്ധു ( മഹ്റം ) കൂടെയില്ലാതെ സ്ത്രീകൾ പുറത്തിറങ്ങികൂടാ എന്ന ഇസ്ലാമിക് ശരീഅത്ത് ശാസനയെ പിന്തള്ളി അവർ ഇറങ്ങി, പഠിച്ചു, ജോലി ചെയ്തു ജീവിക്കുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസം പാടില്ല, സ്ത്രീകൾ എഴുത്ത് പഠിച്ചു കൂടാ തുടങ്ങി പല പുരോഹിത പിന്തിരിപ്പൻ തിട്ടൂരങ്ങളേയും യുക്തിഭദ്രമല്ലെന്നു കണ്ട് നാം കാറ്റിൽ പറത്തി. സ്ത്രീവിദ്യാഭ്യാസത്തിനായി വക്കം മൗലവിയെ പോലുള്ളവർ പരക്കെ ആഹ്വാനം ചെയ്തു. അബുസ്സബാഹ് മൗലവി വിഭാവന ചെയ്ത ഫാറൂഖ് കോളേജ് പോലുള്ള സ്ഥാപനങ്ങൾ ആ ചലനത്തിന് ആക്കം കൂട്ടി.
അങ്ങനെയെങ്കിൽ, സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയുള്ള കവചം സുരക്ഷിതരായിരിക്കുമ്പോൾ അണിയുന്നതെന്തിന്?
തോക്കേയില്ലാത്ത നാട്ടിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിയും പോലെ അപഹാസ്യമല്ലേ ഇത്? വേട്ടക്കാരില്ലാത്ത കാട്ടിൽ കൂടും പേറി നടക്കുന്ന കിളികളെ പോലെയുള്ള ഇത്തരം സ്ത്രീകളെ കാണുന്നത് രാജ്യത്തിനു തന്നെ അപമാനം.
ഇവിടെ വളരെ മാന്യമായും
സുരക്ഷിതമായും ജീവിക്കുന്ന ഹിന്ദു സ്ത്രീകൾക്കോ ക്രിസ്ത്യൻ സ്ത്രീകൾക്കോ,
മറ്റു വിഭാഗങ്ങൾക്കോ ഇല്ലാത്ത യാതൊരു ഭീഷണിയോ , ഏതെങ്കിലുമൊരു പ്രത്യേക വശീകരണമോ മുസ്ലിം സ്ത്രീകളുടെ
മുഖത്തിനോ, മുടിക്കോ, കഴുത്തിനോ
കൈകൾക്കോ ഇല്ലല്ലോ!
നമ്മെ പഠിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത എത്രയോ ഹൈന്ദവ ക്രൈസ്തവ അധ്യാപികമാർ, നിരത്തുകളിലും ബസിലുമെല്ലാം കാണാറുള്ള എത്രയോ സാത്വികരായ അമുസ്ലിം സ്ത്രീകൾ; ഇവരുടെയെല്ലാം മുഖവും കഴുത്തും കൈകളും കാൽപാദങ്ങളുമെല്ലാം പുരുഷൻമാരെ വഴിതെറ്റിക്കുന്നുണ്ടോ?
ഇതാണല്ലോ പൗരോഹിത്യ ന്യായീകരണം! പ്രത്യേകിച്ചും ജനാധിപത്യസമൂഹത്തിൽ പൊതു ഇടത്തിലിരുന്ന് ക്യാമറക്കണ്ണുകൾക്കു മുന്നിൽ പുരോഹിതൻമാർ പരസ്യമായി നിർലജ്ജം വിളിച്ചു പറയുന്നത് എത്ര വലിയ അപരാധമാണെന്ന ബുദ്ധിയോ ബോധമോ ഇവർക്കില്ല. സത്യത്തിൽ മുസ്ലിം സ്ത്രീകളുടെയീ മൂടിക്കെട്ടൽ ബാക്കി സ്ത്രീകളെയാകമാനം അപമാനിക്കലും അവഹേളിക്കലുമാണ്.
ഒന്നുകിൽ ഈ മതഭ്രാന്ത് തലയിലേറ്റി വീട്ടിൽ നിന്നിറങ്ങാതെ, പുരുഷൻ്റെ സ്വത്തായി, പഠിക്കാതെ ജോലി ചെയ്യാതെ മൂടിപ്പുതച്ച് താലിബാനി ജീവിതം സ്വീകരിക്കുക. അല്ലെങ്കിൽ, നിയമം കൊണ്ടും ബോധപരിണാമം കൊണ്ടും പരിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹത്തിലെ പുരുഷൻമാർക്കിടയിലൂടെ മാന്യമായ വസ്ത്രം ധരിച്ച് തല ഉയർത്തിപ്പിടിച്ച് ജീവിക്കുക. പൊതു ഇടങ്ങളിൽ വ്യക്തിത്വമുള്ള രൂപവും വേഷവുമായിരിക്കണം മനുഷ്യർ അണിയേണ്ടത്.
പ്രിയപ്പെട്ട പെൺകുട്ടികളെ,
ഇസ്ലാം എന്നാൽ ഈ പുറം നിയമങ്ങളല്ല; ദൈവീകതയിലേക്കുള്ള അകംവഴിയുമുണ്ടതിൽ. വ്യക്തികളെയും അതുവഴി സമൂഹത്തേയും നിയന്ത്രിക്കുന്ന ഈ യമനിയമങ്ങൾ മതം നിലവിൽ വന്ന കാലഘട്ടത്തിനനുസൃതമായി നിർമ്മിക്കപ്പെട്ടതാണ്. ഈ നിയമാവലികൾ കാലത്തിനും ബോധത്തിനനുസരിച്ച് മാറിമാറി വരേണ്ടതുണ്ട്. അല്ലെങ്കിൽ, പാകമില്ലാത്ത ഉടുപ്പ് പോലെ അതു വികൃതമാകും. അങ്ങനെ കാലഹരണപ്പെട്ടതും ജീർണ്ണാതുരവുമായ താലിബാനി ജീവിതം നയിക്കേണ്ടി വരും.
ഈ നിയമങ്ങളല്ലെങ്കിൽ പിന്നെ, മതത്തിൽ മാറ്റമില്ലാതെ തുടരേണ്ടത് എന്താണ്?
ദൈവീകതയിലേകുള്ള അതിൻ്റെ അകംവഴിയാണത്. ജീവിത മൂല്യങ്ങളും ആധ്യാത്മികതയുമാണ്. മനുഷ്യാഹന്തയുടെ സമർപ്പണത്തിൽ (ഇസ്ലാം) മാത്രം സംഭവിക്കുന്നതാണത്. അത്കൊണ്ടാണ് സൂഫികൾ പറയുന്നത്:
തല മൂടിയല്ല, തല കൊടുത്താണ് ദൈവത്തിലണയേണ്ടതെന്ന്.
ഇനി, ഇസ്ലാം ഇങ്ങനെയൊക്കെയാണ്, അതിലുള്ളവർ ഇതൊക്കെ അനുസരിക്കാൻ ബാധ്യസ്ഥരുമാണ്. അല്ലാത്തവർക്ക് പുറത്ത് പോകാമല്ലോ, എന്ന ചിരപുരാതന വാദം നിരത്തുന്ന പുരോഹിത ന്യായത്തോട് ഒന്നേ പറയാനുള്ളൂ. പുറത്തല്ല, അകത്തു തന്നെ മാന്യമായും സുന്ദരമായും ജീവിക്കാൻ വഴിയുണ്ട്. നൂറ്റാണ്ടുകളായി സൂഫിഗുരുപരമ്പര അതു പകർന്നിട്ടുമുണ്ട്. അതറിയണമെങ്കിൽ ഒരു അൻപത് വർഷം മുൻപത്തെ (മുസ്ലിം സംഘടനകൾ വരുന്നതിനു മുൻപത്തെ) ഗുരുക്കൻമാരെ പിന്തുടർന്ന കൾച്ചറൽ ഇസ്ലാമിലെ സ്ത്രീകളുടെ വസ്ത്രത്തിലേക്ക് നോക്കിയാൽ മതി. ഈ ഖുർആനും ഹദീസുമെല്ലാം അന്നുമുണ്ടായിരുന്നു.
ഓരോ കൂട്ടരും അവനവൻ ശരിയെന്നു പറയുന്ന ഒരായിരം തരം ഇസ്ലാമികചിന്താധാരകളുള്ള ഈ ലോകത്ത്, സ്ത്രീകളെ തുല്ല്യവ്യക്തികളായി കാണുന്നത് ആധ്യാത്മികർ മാത്രമാണ്. ബുദ്ധിയുള്ള സ്ത്രീകൾ ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളൂ.
അവരും പഠിക്കുന്നുണ്ട്. അവർക്കും ബോധമുണ്ട്.
NB: കാരശ്ശേരി മാഷിന് ഐക്യദാർഢ്യം🤝
ശബ്നം നൂർജഹാൻ.

