പെർമ്മിറ്റില്ലാതെ സർവീസ് – സ്വകാര്യ ബസ് കസ്റ്റഡിയിൽ.

തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ 4 മാസമായി അനധികൃത സർവിസ് നടത്തിയ സ്വകാര്യ ബസിനെ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കിഴക്കേകോട്ടയിൽ നിന്നും വെളളയാണി ക്ഷേത്രത്തിലേക്ക് സർവീസ് നടത്തിയ KL01 AT7745 (അഖിൽ ) എന്ന ബസിനെയാണ് പിടികൂടിയത്. KSRTC സെൻട്രൽ അസിസ്റ്റൻ്റ് ട്രാൻസ് പോർട്ട് ഓഫീസറുടെ പരാതിയെ തുടർന്നാണ് നടപടി.തിരുവനന്തപുരം നഗരത്തിൽ 100 സ്വകാര്യ ബസുകൾക്ക് പെർമ്മിറ്റ് നൽകിയിട്ടുള്ളതിൽ ഭൂരിഭാഗവും അവർക്കിഷ്ടമുള്ള സ്ഥലത്തും സമയത്തുമാണ് സർവീസ് നടത്തുന്നതെന്ന് നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. കൂടാതെ കിഴക്കേകോട്ടയിൽ ട്രിപ്പുകൾ കട്ട് ചെയ്ത് ഗതാഗത തടസമുണ്ടാകുന്നതിനെതിരെ റോഡ് സുരക്ഷാ കൗൺസിലിൽ ഉൾപ്പെടെ KSRTC യും പൊതുജനങ്ങളും രേഖാമൂലം പരാതി നൽകിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആരോപണമുണ്ട്. ഇന്ന് എൻഫോഴ്സ്മെൻ്റ് RTO അജിത് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ MVI ബൈജു S, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മിഥുൻ മോഹൻ എന്നിവർ പങ്കെടുത്തു, സ്വകാര്യ ബസിനെ സിറ്റി ഡിപ്പോയിലേക്ക് മാറ്റി. തുടർന്ന് എല്ലാ ദിവസങ്ങളിലും പരിശോധനകൾ നടത്തുമെന്ന് എൻഫോഴ്സ്മെൻ്റ് RTO അറിയിച്ചു.

Follow Our Facebook Page
Enable Notifications OK No thanks